ഡോ. ജോസഫ് സ്‌കറിയ

കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.

സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.

അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .

ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.