അമൃത ലക്ഷ്മി
“സാബ്, ഇനി നമ്മൾ കാണും എന്ന് തോന്നുന്നില്ല. ഇവിടെ നിന്നിട്ട് കാര്യമില്ല.ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. നടന്നിട്ട് ആണെങ്കിലും അവിടെ എത്തണം. ഇനിയിപ്പോ ഇവിടെയും കുറച്ചുനാൾ ജോലി ഒന്നും കാണില്ലല്ലോ. അവിടെത്തന്നെ ജോലിക്ക് ശ്രമിക്കും . എനിക്ക് എന്റെ മയൂറിനെ കാണണം. ശരി ഇറങ്ങട്ടെ”.
പുന്ദിറിന്റെ വാക്കുകളെ ഒരിക്കൽ കൂടി ഓർത്തെടുത്തപ്പോൾ നെറ്റിയിലെ ഉപ്പു നനവുകൾ അയാളുടെ കവിൾ തടത്തിലേക്ക് സാവധാനം നീങ്ങുകയായിരുന്നു.
കൈലേസുകൊണ്ട് വിയർപ്പിനെ ഒപ്പിയെടുത്ത് ഒരിക്കൽക്കൂടി ഫോണിലേക്ക് കണ്ണുകളെ വലിച്ചിട്ടു.
പുന്ദിർ ഈസ് ഗോൺ എന്ന ഫിറോസിന്റെ സന്ദേശം അപ്പോഴും പച്ചകത്തുന്നുണ്ടായിരുന്നു.
മുടിയിലെ എണ്ണമയത്തിനോടും വിയർപ്പിനോടും കിടപിടിച്ചു നനയാത്ത തന്റെ കാക്കിത്തൊപ്പി അയാൾ ഊരി ജീപ്പിനു മുകളിൽ വെച്ചു.
പിന്നെ മൊബൈലിലെ മെസ്സേജ് ബോക്സിലേക്ക് ഊളിയിട്ട് പുന്ദിറിന്റെ നമ്പറിലേക്ക് അവസാനമായി അയച്ച സന്ദേശം അയാൾ ചികഞ്ഞെടുത്തു.
“ശുഭയാത്ര “.
കാതങ്ങൾ താണ്ടി അങ്ങകലേക്കുള്ള പുന്ദിറിന്റെ യാത്രയ്ക്ക് വിധി ചുവപ്പ് കൊടി കാട്ടിയിരിക്കുന്നു.
സന്ദേശങ്ങൾ അർഥവത്താകുന്നു.
അവൻ യാത്ര പറയുമ്പോൾ പല്ലി ചിലച്ചിരുന്നോ?
അകലെ എവിടെയോ ഉള്ള ചെറു തെരുവീഥിയിൽ മയൂർ ഇനിയാരെ കണ്ണുനട്ട് കാത്തിരിക്കാനാണ്. ഇനിയൊരിക്കലും കൃഷ്ണ പുന്ദിറിന്റെ പ്രിയപ്പെട്ട വടാ പ്പാവുമായി ഉറക്കമിളക്കുകയുണ്ടാവില്ല.
അറിയാത്തവരുടെ വയറു നിറക്കാൻ കൂകിയോടുന്ന ഇരുമ്പു ചക്രങ്ങൾക്കിടയിൽ മയൂറിനായി പുന്ദിർ കാത്തുവെച്ച ഉമ്മകൾ ചെഞ്ചായത്തിൽ കുതിർന്നില്ലാതായിരിക്കുന്നു.
മടക്കയാത്ര അവന് അനിവാര്യമായിരുന്നു ;ഒടുവിൽ അനന്തവും.
ബംഗാളീയെന്ന് ആര് വിളിച്ചാലും തിരിഞ്ഞു നോക്കി അവരെ തുറന്ന ചിരിയോടെ പ്രതിവന്ദനം ചെയ്യുന്നതായിരുന്നു അവന്റെ രീതി.
മെച്ചപ്പെട്ട വരുമാനത്തിൽ നടന്ന് പോന്ന അച്ഛന്റെ വർക്ക് ഷോപ്പിലേക്ക് എന്തു പണിയും ചെയ്യാം എന്ന് കരഞ്ഞു വിളിച്ച് പുന്ദിർ വന്നു കയറിയത് ഇന്നലെയാണെന്ന് അയാൾക്ക് തോന്നി.
ആദ്യമൊന്നും അച്ഛനവനെ വിശ്വാസമേ ഉണ്ടായിരുന്നില്ല.
രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ വർക്ക് ഷോപ്പിനകത്തുതന്നെ ചെറിയ തകര കൊണ്ട് മറച്ചു മുറിപോലെയാക്കിയിടത്ത് ലൈറ്റുമിട്ട് അവനിരിക്കുമ്പോൾ അവനെ നോക്കി അച്ഛൻ വെറുതെ വിരണ്ടുപോകുന്നതായി തോന്നിയിട്ടുണ്ട്.
എങ്കിലും നന്നായി പണിയെടുക്കുന്ന അവനെ പറഞ്ഞുവിടാനും അച്ഛന് തോന്നിയില്ല. തെല്ല് ഭയത്തോടെയാണെങ്കിലും അവന്റെ മുന്നിൽ അച്ഛൻ മുതലാളി ചമഞ്ഞ് ധൈര്യത്തിന്റെ ചായം തേച്ചിരുന്നു.
“നിന്റെ ജോലിയാണ് ഈ ബംഗാളിയെ ഇവിടെ നിർത്താൻ എന്നെ പ്രേരിപ്പിക്കുന്നത്. ”
അച്ഛൻ നെടുവീർപ്പിടുന്നു. സർവീസിൽ കയറുന്ന ആദ്യ ദിവസം പോലും ‘ഇരുമ്പുകൂടം തല്ലിത്തകർത്തു തന്നെ പഠിപ്പിച്ചത് തൊപ്പീം ലാത്തീം കൊണ്ട് നടന്ന് മീശപിരിക്കാനല്ല എന്ന് പറഞ്ഞ അച്ഛനെക്കൊണ്ട് പുന്ദിറിനെ ജോലിക്ക് നിർത്താനുള്ള ധൈര്യം താനാണെന്ന് പറയിപ്പിച്ചപ്പോഴാണ് അവനെ അയാൾ ആദ്യമായി തെല്ലൊരിഷ്ടത്തോടെ ഓർത്തത്.
ഒഴിവുള്ള ദിവസങ്ങളിൽ വെറുതെ വർക്ക് ഷോപ്പിലേക്ക് ചെന്നിരിക്കുന്ന പതിവുണ്ടായിരുന്നു.
അങ്ങനെ ചെന്നിരുന്ന ഒഴിവു ദിവസമാണ് പകലുമുഴുവൻ നിന്നു തിരിയാതെ പണിയെടുത്തിട്ടും എന്തിനാണ് ഇരുട്ടിനെ കീറിമുറിച്ച് ഉറക്കമിളക്കുന്നതെന്ന് ഗൗരവത്തോടെ ചോദിച്ചപ്പോഴാണ് സ്വതേയുള്ള ചിരിയോടെ കൃഷ്ണയുടെ വയറ്റിൽ മയൂർ വളരുമ്പോൾ മുതൽ കാത്തു വെച്ച സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അവൻ അഴിച്ചുവെച്ചത്.
നിത്യവൃത്തിയ്ക്കു വേണ്ടി അവനിറങ്ങുമ്പോൾ മയൂറിന് കൃഷ്ണയുടെ ഉള്ളിൽ മൂന്നു മാസമായിരുന്നു പ്രായം.
പിന്നെ അവനായി സ്വരുക്കൂട്ടുമ്പോൾ സ്നേഹവും വാത്സല്യവും നിറച്ചുവെച്ച ഉമ്മകളും അവൻ കാത്തുവെച്ചുകൊണ്ടിരുന്നു.
ഒരിക്കൽ പാതിരാവു പിന്നിട്ടപ്പോൾ അവന്റെയടുത്തേക്ക് ചെന്നിരുന്ന് ചിരിച്ചപ്പോൾ പുന്ദിർ ഇരുട്ടിലേക്ക് കണ്ണുകൾ നട്ട് പതിവ് പോലെ ഇരിക്കുകയായിരുന്നു.
“ഉറക്കം വരുന്നില്ല അല്ലെ സാബ്? അതങ്ങനെയാണ് *ഭാഭി ഈയവസ്ഥയിൽ ആശുപത്രിയിൽ പോയതുകൊണ്ടല്ലേ സാബിന് ഉറക്കം നഷ്ടപ്പെട്ടത്. ഇതൊക്കെ മാറും സാബ്. എനിക്കും ഇതു തന്നെ അവസ്ഥ. മയൂറും കൃഷ്ണയും അവിടെ തനിച്ച്. അവനിപ്പോ ഏഴു വയസ്സുണ്ട്. അടച്ചുറപ്പില്ലാത്ത ആ കൂരയിൽ അവൾ മയൂറിനെ ഉറക്കി ഉറക്കമൊഴിഞ്ഞു കാവൽ കിടക്കുമ്പോൾ എനിക്കുറങ്ങാനാവില്ല സാബ്. ”
വവ്വാലിന്റെ ചിറകടി ശബ്ദം വായുവിൽ കലർന്നപ്പോൾ അവന്റെ ശബ്ദം മുറിഞ്ഞതായി തോന്നി.
ദിവ്യ ആശുപത്രിയിലേക്ക് പോകുമ്പോൾ വഴിക്കണ്ണുമായി കാത്തു നിൽക്കുന്ന അയാളുടെ മകളെ സമാധാനിപ്പിക്കാൻ പുന്ദിറിന് അസാമാന്യമായ കഴിവായിരുന്നു.
ശൈശവത്തിന്റെ എല്ലാ പിടിവാശികളും ഒന്നിച്ചു കൈവെള്ളയിൽ കൊണ്ടുനടക്കുന്ന അമ്മുവിനെ നിനക്കെങ്ങനെ പഴയ പ്രസരിപ്പിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നു എന്ന ചോദ്യം പുരട്ടിയ വിസ്മയത്തോടെയുള്ള നോട്ടം ശ്രദ്ധിച്ചുകൊണ്ട് പുന്ദിർ പറഞ്ഞു:
“സാബ്, എന്റെ മയൂറും ഇങ്ങനെയാണ്.കൃഷ്ണ ഇടക്ക് വിളിക്കുമ്പോൾ പറയും ഞങ്ങളുടെ ഗലിയിലേക്ക് തിരിയുന്ന വഴിയിൽ എല്ലാ ദിവസും അവൻ പോയി നിൽക്കാറുണ്ടത്രെ. സന്ധ്യ കഴിഞ്ഞ് തിരികെ വരും. ഇരുട്ടു വലിയ പേടിയാണ്.”
അവൻ വീടുവിട്ടിറങ്ങും വരെ അമ്മക്ക് ആശ്വസിക്കാൻ കഴിയുമായിരുന്നു. ഇനി !
ഒരു പക്ഷെ ഇനിയാവും അമ്മക്ക് പരീക്ഷണത്തിന്റെ നാളുകൾ.
“പ്രദീപ് സാറെ ഒരുത്തൻ വരുന്നുണ്ട്. ഇവനോടൊക്കെ വീട്ടിലിരിക്കാൻ പറഞ്ഞാലും ഇറങ്ങിക്കോളും വായിനോക്കാൻ. ”
ഓർമകളുടെ എൻജിൻ ഓഫ് ചെയ്ത് അയാൾ സഹപ്രവർത്തകൻ കൈചൂണ്ടിയിടത്തേക്ക് നോക്കി.
“നിന്നേ, എങ്ങോട്ടാ യാത്ര? ഈ സമയത്തു വീട്ടിലിരിക്കാൻ പറഞ്ഞിട്ടില്ലേ? “.
തലയിലെ തൊപ്പിയൂരി വിയർപ്പു തുടച്ച് സൈക്കിൾക്കാരൻ പയ്യൻ അയാളെ നോക്കി ചിരിച്ചു.
“സമൂഹ അടുക്കളയിൽ നിന്ന് ചോറ് വാങ്ങാൻ പോവ്വാണ് സർ. കറങ്ങി നടക്കില്ല. ഉടനെ പൊക്കോളാം. ”
മൂക്കിന് താഴെ പൊടിമീശകൾ മുളച്ചുവരുന്നതേയുള്ളു ആ പയ്യന്. അവന്റെ ചിരിയും കൂസലില്ലായ്മായും പുന്ദിറിനെ ഓർമിപ്പിച്ചു.
“ഇവിടുന്ന് കുറച്ചു ദൂരമല്ലേയുള്ളു. നീ ഇറങ്ങു. ഞാനും വരാം. ”
പ്രദീപ് അവനൊപ്പം ഇറങ്ങി നടന്നു.
വിജനമായ റോഡിൽ വെയിൽ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.
വാതോരാതെ അവൻ അയാളോട് സംസാരിച്ചു. മുഷിപ്പിക്കാതെ ഒരാളെ തന്റെ സംഭാഷണത്തിൽ പിടിച്ചു നിർത്താൻ പുന്ദിറിനെ പോലെ ഇവനും കഴിയുമെന്ന് അയാൾ നെടുവീർപ്പോടെ ഓർത്തു.
ഇരുപത് വയസ്സ് തികയാത്ത അവന്റെ പേര് വിജിൽ.
പുന്ദിറിനെ പോലെ സ്വപ്നങ്ങളുടെ ഭാണ്ഡം പേറി മഹാനഗരത്തിലും ഗ്രാമത്തിലും ഇക്കാലം കൊണ്ടു അവൻ അലഞ്ഞുതിരിഞ്ഞു.
ഓർമവെച്ച നാൾ മുതൽ കണ്ട, അവനെ വിജുവെന്ന് വിളിച്ച, അവൻ ആന്റിയെന്നു വിളിച്ച ഒരു സ്ത്രീ പറഞ്ഞ വാക്കുകളിൽ നിന്നാണ് അവൻ അച്ഛനെയും അമ്മയെയും കണ്ടത്.
ഒരിക്കൽ വിധി തോൽപ്പിക്കാൻ തുനിഞ്ഞിറങ്ങി ഉറ്റവരെ അകറ്റിയപ്പോൾ മഹാനഗരത്തിലേക്ക് അവൻ വണ്ടികയറി.
തട്ടുംതടവുമില്ലാത്ത ജലപ്രവാഹത്തിലെന്ന പോലെ ഒഴുകുന്ന ആൾക്കൂട്ടത്തിനു നടുവിൽ ഏറെ നാൾ തനിയെ.
പിന്നെ സ്വപ്‌നങ്ങൾ കൂട്ടിവെച്ച് തന്നെപ്പോലെ ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ടുപേർക്കൊപ്പം കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും ജോലിയും താമസവും.
അവൻ അവരെ ചേച്ചിയെന്നും ചേട്ടനെന്നും വിളിച്ചു.
മോഹങ്ങളൊക്കെ സാധിച്ച് ഒരിക്കൽ തങ്ങളെ കാണാൻ വരണമെന്ന് പറഞ്ഞ് വണ്ടിക്കൂലി കൊടുത്ത് അവർ അവനെ തിരിച്ചയച്ചു.
തിരികെ നാട്ടിലെത്തി ചെറിയ ജോലികൾ ചെയ്ത് അവൻ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു.
പഠിച്ചു. പിന്നെയും ജീവിതം കരുപ്പിടിപ്പിക്കാൻ വിവിധ വേഷങ്ങൾ.
അടച്ചിടലിന്റെ ആഘാതത്തിൽ ഇതിനിടയിൽ നടത്തിവന്ന ചെറിയൊരന്വേഷണവും ഗതിമുട്ടിപ്പോയി എന്നവൻ പറഞ്ഞു.
എന്തന്വേഷണം എന്ന് ധ്വനിപ്പിച്ച ചോദ്യം അവനിലേക്കെറിഞ്ഞപ്പോൾ അവൻ ചിരിയോടെ വീണ്ടും പറഞ്ഞു.
“കേട്ടാ ചിരിക്കല്ലേ സാറെ, അച്ഛനേം അമ്മേം തപ്പി ഞാൻ ചെറിയൊരു ഡിക്ടറ്റീവ് ഏജൻസി തുടങ്ങിയിരുന്നു. ”
പറഞ്ഞു നിർത്തി അവൻ പൊട്ടിച്ചിരിക്കുമ്പോൾ പ്രദീപിന് പക്ഷെ അവനോടൊപ്പം ചേരാൻ കഴിഞ്ഞില്ല.
മുഖത്തെ വിയർപ്പൊപ്പുന്നതായി ഭാവിച്ച് തുളുമ്പി നിൽക്കുന്ന കണ്ണുകളെ അയാൾ തുടച്ചു.
സമൂഹ അടുക്കളയിൽ നിന്ന് അവൻ തിരികെ ചോറുമായി വരുമ്പോൾ കുറച്ചിട ഇരുവരും മൗനമായിരുന്നു.
സ്വച്ഛമായ കുളത്തിലേക്ക് ചെറിയ കല്ലെടുത്തെറിഞ്ഞ് ഓളം തീർക്കുന്നതുപോലെയായിരുന്നു
പെട്ടെന്ന് വിജിലിന്റെ ചോദ്യം. “സാറ് ചോറുണ്ടായിരുന്നോ? ഇല്ലേൽ ഇതെടുത്തോ. “.
അവിശ്വാസ്യതയോടെ അയാൾ അവനെ നോക്കി.
ജോലി ചെയ്തിരുന്ന ഹോട്ടലുകളൊക്കെ അടച്ചുപൂട്ടലിൽ താഴിട്ടപ്പോൾ ഭക്ഷണം മുട്ടിപ്പോയ ഒരു കൗമാരക്കാരനാണ് അത് ചോദിച്ചതെന്ന് അയാൾക്ക് തോന്നിയില്ല.
തന്റെ ചെറിയ ജീവിതം പഠിപ്പിച്ച അനുഭവങ്ങളുടെ വലിയ തുരുത്ത് അവന്റെ കണ്ണുകളിൽ അയാൾ കണ്ടു.
“നിങ്ങളും ആശുപത്രിക്കാരും വല്യ കഷ്ടത്തിലാ അല്ലെ സാറെ “.
അയാൾ നിസ്സംഗതയോടെ വിജിലിനെ നോക്കിച്ചിരിച്ചു.
“അസുഖങ്ങളൊക്കെ ആർക്കു വേണേലും വരാല്ലോ. എന്നിട്ടും ആശുപത്രീലൊക്കെ ജോലിക്കാർക്ക് കൊറവില്ലല്ലോ? നിങ്ങളൊക്കെയാണെങ്കിലോ മഴയെന്നില്ല, വെയിലിന്നില്ല. അപ്പൊ നിങ്ങളെല്ലാം ആഹാരം കഴിച്ചോന്നൊക്കെ ഞങ്ങളൊക്കെ ചോദിക്കേണ്ടതല്ലേ “.
മനസുകൊണ്ട് അയാൾ വിജിലിനെ ചേർത്തു പിടിച്ചു.
“വേഗം പൊയ്ക്കോളൂ. എനിക്ക് ഡ്യൂട്ടിയുണ്ട്. നമുക്കിനിയും കാണാം. ”
വിജിൽ സൈക്കിളിലേറിപ്പോകുമ്പോൾ
പ്രദീപിന്റെ കണ്ണുകൾ അവന്റെ പാതയിലേക്ക് നീണ്ടു. ചെറിയ ഇടവഴിയിലേക്ക് അവൻ തിരിഞ്ഞപ്പോഴും കണ്ണുകൾ അവിടേക്ക് തന്നെ തറഞ്ഞു നിന്നു.
പ്രിയപ്പെട്ടവർ എന്ന സ്വപ്നത്തിലേക്കിറങ്ങി നടന്ന് കാഠിന്യത്തിന്റെ വഴികൾ താണ്ടിയ ക്ഷീണത്തിൽ മയക്കത്തിലേക്ക് ആണ്ടു കിടന്നുപോയപ്പോൾ വിധി ചൂളം വിളികളോടെ പാഞ്ഞെത്തി വാരിയെടുത്തു കൊണ്ടു പോയ പുന്ദിർ.
പ്രതീക്ഷകളുടെ തുരുത്തുമായി പലയിടങ്ങൾ കറങ്ങി പ്രത്യാശകളെ മുറുകെപ്പിടിച്ച് പല വേഷങ്ങൾ കെട്ടുന്ന കൗമാരക്കാരൻ വിജിൽ.
“സർ, ദേ വാർത്ത കണ്ടോ? രണ്ടു ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചില്ലേ ഒരു കൊച്ചു കുഞ്ഞ്. അത് മരിച്ചൂന്ന് സർ. ”
അവിശ്വാസ്യതയോടെ സഹപ്രവർത്തകൻ നീട്ടിപ്പിടിച്ച ഫോണിലേക്ക് അയാൾ നോക്കി. പ്രശസ്തമായ ചാനലിലെ പ്രഗത്ഭയായ അവതാരക പറയുന്നു.
ദിവ്യ ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു ചികിത്സ. ജോലികഴിഞ്ഞ് താത്കാലികമായി താമസിക്കുന്ന മുറിയിലേക്ക് വന്ന് അമ്മുവിനെ കാണാൻ അവൾ വീഡിയോകോൾ ചെയ്യും.
പുന്ദിറുള്ളപ്പോൾ അമ്മു ധൃതിയിലാകും ദിവ്യയോട് സംസാരിക്കുക.
അന്ന് കളിച്ച കളികളെക്കുറിച്ചും പുന്ദിർ പറഞ്ഞ കഥകളെ കുറിച്ചും അവൾ ചിരിച്ചുകൊണ്ട് പറയും.
അമ്മു പോയ്ക്കഴിയുമ്പോൾ അതുവരെ പിടിച്ചു നിർത്തിയവയൊക്കെയും അണപൊട്ടിയൊഴുകും.
ആശുപത്രിയിലെ തിരക്കുകൾക്കിടയിലെ സഹപ്രവത്തകരുടെ തമാശകളും വിശേഷങ്ങളും പറഞ്ഞു ചിരിച്ചിരുന്ന ദിവ്യ കണ്ണീരുപ്പിന്റെ രുചിയുള്ളവയാണ് ഇപ്പോൾ പറയുന്നത്. അമ്മയെയും അച്ഛനെയും കാണാതെ അടച്ചിരിക്കുന്ന, അമ്മുവിനേക്കാളും ചെറിയ കുട്ടിയെക്കുറിച്ച് പറയുമ്പോഴൊക്കെ അവളുടെ കവിളുകളിൽ കണ്ണീരിന്റെ നനവ് ഒഴുകി ഇറങ്ങുന്നത് കാണാം.
അമ്മുവിനോടുള്ള നുണ പറച്ചിലുകളിലൊക്കെയും അവൾ ആ കുഞ്ഞിനെക്കുറിച്ചും ഓർത്തിരിക്കാം.
ഉറ്റവർ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന തിരിച്ചറിവോടെ ഐസൊലേഷൻ വാർഡിലെ ചെറിയ കിളിവാതിലിലൂടെ അവർ യാത്രപറയുന്നത് നിറകണ്ണോടെ നോക്കിനിൽക്കുന്നവർ.
എത്രയെത്ര പരീക്ഷണങ്ങൾ ;ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ ഒന്നുമോർക്കാതെ നടന്നു കയറുന്ന ദിവ്യയെപ്പോലെ എത്രപേർ.
മഴത്തുള്ളികൾ പൊടുന്നനവെ യൂണിഫോമിൽ ചെറിയ പൊട്ടുകൾ തൊട്ടു.
“സാറെ വാ, ആ ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡിലിരിക്കാം. വണ്ടീലിരുന്ന ആരെങ്കിലും വന്നാൽ നമ്മളിറങ്ങി വരുമ്പോഴേക്കും അവന്മാരങ്ങ് പോകും”.
സഹപ്രവർത്തകനൊപ്പം അയാൾ നടന്നു.
വിജനമായ പാതയിലൂടെ മഴവെള്ളം സ്വച്ഛമായി ഒഴുകുന്നു.
മഴവെള്ളം ടാറിട്ട റോഡിനെ കൂടുതൽ മനോഹരമാക്കുന്നു. മുമ്പെങ്ങുമില്ലാത്ത തിളക്കം.
ഏറെ നാളുകൾക്കു ശേഷം മഴയിലെ ആ മാസ്മരിക ഗന്ധം അയാളുടെ നാസാന്ദ്രിയങ്ങളിലേക്ക് കുതിച്ചുകയറി.
അയാൾ ഇരുമ്പു തൂൺ ചാരി മഴയിലേക്ക് നോക്കി.
വാഹനങ്ങളുടെ നിലവിട്ട ഇരമ്പലില്ല.
പുറത്തേക്ക് വമിക്കുന്ന മടുപ്പിക്കുന്ന പുകയില്ല.
തകര ഷീറ്റിലേക്ക് മഴ ആർത്തലച്ചുതുള്ളുന്ന ആരവം മാത്രം.
പതിവില്ലാത്ത ശാന്തതയോടെ നദികളൊക്കെയും ഒഴുകുന്നു.
അയാൾ പതുക്കെ തലചെരിച്ചു നോക്കുമ്പോൾ സഹപ്രവർത്തകൻ ഫോണിൽ നോക്കി ചിരിക്കുന്നു.
കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം.
അടച്ചിടലിനിടയിൽ വന്ന കൺമണിയെ ഒരു നോക്ക് കാണുവാൻ കാത്തിരിപ്പു തുടരുന്നു.
അച്ഛന്റെ അഭാവത്തിൽ പേരിടൽ നീണ്ടുപോയി.
കഴിഞ്ഞയാഴ്ച അയാൾ പറഞ്ഞു :
“എന്റെ മോളിപ്പോഴും പേരില്ലാത്ത കുട്ടിയാണ് സർ. ജനിച്ചിട്ട് മാസം രണ്ടാവുന്നു. എന്തൊക്കെയാണ് അല്ലെ. “അയാൾ ചിരിച്ചു.
“സാറെ ഈ തണുപ്പത്തൊക്കെ ഇരിക്കുവല്ലേ. ദാ കട്ടൻ ചായ. മദുരം കുറവായിരിക്കും. ”
പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ വിജിൽ ചോറ്റുപാത്രം നീട്ടി. പിന്നെ കുറച്ചു ഡിസ്പോസിബിൾ ഗ്ലാസുകളും. കൈയിൽ പാതിയിലേറെ കമ്പികൾ ഒടിഞ്ഞ കുട.
പെരുമഴയത്ത് വിജനമായ നിരത്തിൽ നോക്കി തങ്ങൾ തണുത്തിരിപ്പുണ്ടെന്ന് അവൻ ഓർക്കുന്നു.
മീശപിരിച്ച് വിരട്ടി ഓടിക്കുന്ന ഭീകരന്മാർ അല്ല തങ്ങളിവർക്ക്.
എവിടെയൊക്കെയോ അറിയുന്നവരും അറിയാത്തവരുമായ മനുഷ്യർ തങ്ങളെ ഓർക്കുന്നു.
“മഴ മാറിയാൽ മാത്രം ദാ ആ കാണുന്ന ഇടവഴിയിൽ നിന്ന് എന്നെ വിളിച്ചാ മതി. ഇല്ലെങ്കി ഞാൻ വന്നെടുത്തോളം. സാറൊക്കെ ഇവിടെത്തന്നെ കാണുമല്ലോ. ”
മറിച്ചെന്തെങ്കിലും പറയും മുൻപേ അവൻ ഒടിഞ്ഞ കുടയുമായി ഓടി.
തന്നെ കാത്തിരിക്കാൻ ആരുമില്ലെങ്കിലും, ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കാത്തിരിപ്പുണ്ടാകുമെന്ന് ഒരു കൗമാരക്കാരൻ അവന്റെ എളിയ ജീവിതാനുഭവങ്ങൾ കൊണ്ടു മനസിലാക്കുന്നു.
ഈ മഴയിൽ ചൂടുള്ള കട്ടൻ ചായയുമായി വന്നിട്ടും വണ്ടിയിലെ കുടകൊടുത്തു വിടാൻ തനിക്കു തോന്നിയില്ലല്ലോ എന്ന് അയാളോർത്തു.
അങ്ങകലെയുള്ള നാട്ടിൽ തന്നെ കാത്തിരിക്കുന്ന മകനെയോർത്ത്
അമ്മുവിനെ ചിരിപ്പിക്കുന്ന പുന്ദിർ.
ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യർക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി മകളോട് നുണ പറഞ്ഞ് തന്റെ കടമ ചെയ്യുന്ന ദിവ്യ.
കാത്തുകാത്തിരുന്ന കുഞ്ഞിനെ കാണാൻ കഴിയാതെ വെയിലിലും മഴയിലും നിൽക്കുന്ന തന്റെ എത്രയെത്ര സഹപ്രവർത്തകർ.
വിജിൽ കൊണ്ടു വന്ന കട്ടൻ ചായ പകർന്നെടുത്ത് ചുണ്ടോട് ചേർക്കവേ പുന്ദിറിനെ ഓർമ വന്നു.
“സാബ് എനിക്കൊന്നും തന്നെ ഇനി ഇറങ്ങില്ല. അടച്ചുപൂട്ടലായതോടെ അവിടെ അവർക്ക് പച്ചവെള്ളം പോലും കിട്ടുമോന്നറിയില്ല”.
പലായനത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാവും മയൂറും കൃഷ്ണയും.
ഗലിയിലേക്കുള്ള കാത്തിരിപ്പുകൾക്ക് വിരാമമാവുന്നു.
മഴ കുറഞ്ഞു. വിജിൽ ഒഴിഞ്ഞ ചോറ്റുപാത്രമെടുത്ത് ഒരു ചിരി സമ്മാനിച്ച് കടന്നു പോയി.
കാർമേഘമൊഴിഞ്ഞ ആകാശത്ത് സൂര്യന്റെ കുഞ്ഞു വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു അപ്പോൾ.
Nb:*ഭാഭി – ചേട്ടത്തി
അമൃത ലക്ഷ്മി
ഈ വർഷത്തെ ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ടിൻെറ മാത്യു എം കുഴിവേലിൽ സ്മാരക പുരസ്‌കാര ജേതാവ്. 2014 മുതൽ എഴുതുന്നു. തുടർച്ചയായി 4 വർഷം വിദ്യാരംഗം കലസാഹിത്യ വേദിയുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. 2016ൽ കേരള ജൈവ വൈവിധ്യ ബോർഡ് നടത്തിയ ചെറുകഥ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. കണ്ണൂരിൽ വെച്ച് നടന്ന 57മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാ രചനയ്ക്ക് ‘A ‘ഗ്രേഡ് നേടി. 2019 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കഥാരചനയിൽ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയിലും മാതൃഭൂമി ബാലപംക്തിയിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply