ഷിജോ തോമസ് ഇലഞ്ഞിക്കൽ
അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…
മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..
ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!
പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!
ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!
ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!
ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!
ധ്യാനത്തിന് അലമുറയിട്ട നാക്ക് ,
രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,
തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….
ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?
ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.
സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;
ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .
ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്
Email: [email protected]
Mobile: 07466520634
Leave a Reply