റോബിൻ ഏബ്രഹാം ജോസഫ്
മലയാളിക്ക് ഇപ്പോൾ പ്രളയത്തിന് ശേഷം ഓണം എന്ന സംസ്കാരം രൂപപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2018 മുതൽ പ്രളയാനന്തരമാണ് ഓണം. സർവതും നഷ്‌ടപ്പെട്ടവരും ഭാഗികമായി ജീവിതം പ്രതിസന്ധിയിലായവരും എല്ലാം ഓണത്തിനാണ് തിരികെ കയറുന്നത്. ഓണം യഥാർഥത്തിൽ മലയാളിക്ക് മൂന്നാം പക്കമുള്ള ഉയർത്തെഴുന്നേൽപ്പാണ്. ഇരച്ചെത്തിയ പ്രളയജലത്തെ വകഞ്ഞുമാറ്റി പുതുജീവനിലേക്കും ജീവിതത്തിലേക്കുമുള്ള കാൽവെപ്പ്. കാൽവറി ക്രൂശിലേറിയ യേശു ദേവനും മൂന്നാം പക്കം തിരിച്ചെത്തുന്നത് സർവ്വശക്തിയും സ്വന്തമാക്കിയാണ്. പ്രളയം തകർത്ത മനുഷ്യരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈ ഓണം എന്നുള്ളത് നിശ്ചയം.
പണമില്ലാത്ത ഓണക്കാലം
ഓണം കൂടിചേരലിന്റെയും ഐക്യത്തിന്റെയും ആഘോഷമാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ആധുനിക സംസ്കാരത്തിൽ പണമില്ലാതെയുള്ള ഓണം പ്രയോഗികമല്ല. ഉപഭോഗ സംസ്കാരം പടർന്നു പന്തലിക്കുകയും പണം എല്ലാത്തിനെയും നിർവചിക്കുകയും ചെയ്യുന്ന കാലത്ത് പണമില്ലാത്തവന് ഓണം ഒരു കാതം അകലെയാണ്. അപ്പോൾ പ്രളയം തകർത്ത ബാങ്കുകളിൽ നിക്ഷേപങ്ങൾ കുന്നു കൂട്ടാത്ത മനുഷ്യരുടെ അവസ്ഥയോ? പ്രളയത്തിൽ ആയുസിന്റെ സമ്പാദ്യം നഷ്ടമായവരോ? ഓണത്തിനായി അരി പാത്രത്തിലും ജീരക ഡപ്പിയിലും പണം ചുരുട്ടി മാറ്റി വച്ചിരുന്നവരുടെയോ? പണമാണ് ഈ കാലത്ത് പ്രധാനം. പണമുള്ളവൻ പരമാധ്യക്ഷരുടെയും പരമാധികാരികളുടെയും പ്രിയപ്പെട്ടവനാകുമ്പോൾ അതില്ലാത്തവൻ കേവലം വിശ്വാസിയോ പൊതുജനമോ കാഴ്ച്ചക്കാരനോ ആയി മാറും. ഈ ഓണക്കാലവും പണമുള്ളവന്റെ ആഘോഷമായി മാറുകയാണ്. ജീവിതത്തിൽ ഇന്നു വരെയുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും കുത്തിയൊലിച്ച് വന്ന മഴവെള്ളത്തിൽ നഷ്ടമായവരുണ്ട്. പണമില്ലാത്ത ഓണം, പ്രളയത്തിനപ്പുറം മലയാളിക്ക് അസാധ്യമായിരിക്കുന്നു.
ആഘോഷങ്ങളുടെ പകിട്ട് കുറയ്ക്കാം
ആഡംബരവും ആഘോഷവും മലയാളിയെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ട്. പാർട്ടിയാണ് ഇന്ന് എല്ലായിടത്തും. ടീ പാർട്ടി മുതൽ കളർ പാർട്ടി വരെ ഇക്കൂട്ടത്തിലുണ്ട്. ആഘോഷങ്ങൾക്ക് മലയാളിക്ക് അതിരുകളില്ല എന്ന വിമർശനവും ഇക്കാലത്ത് തലപ്പൊക്കിയിട്ടുണ്ട്. പണമുള്ളവൻ അത് പൊടിപൊടിക്കുമ്പോൾ പണമില്ലാത്തവന് എന്ത് ഛേദം? ഈ ചോദ്യവും സജീവമാണ്. കഴിഞ്ഞ ഓണത്തിന് മലയാളി കുടിച്ച് തീർത്തത് ₹826.38 കോടി രൂപയുടെ മദ്യമാണ്. അതിന് മുൻപത്തെ വർഷത്തെക്കാൾ 100 കോടിയുടെ വർധനവ് സംഭവിച്ചു. ഒരു ഓണക്കാലത്ത് മദ്യത്തിനായി മാത്രം മലയാളി ചെലവാക്കുന്നത് കോടികളാണെന്ന കണക്ക് ലജ്ജാവഹമാണ്. ഭക്ഷണത്തിനായി ഇതിന്റെ നേർപകുതി പോലും ചെലവഴിക്കുന്നില്ല എന്നുള്ളതും ഞെട്ടിക്കുന്നു. ഈ പ്രളയകാലത്ത് സർവതും നഷ്ടമായവരുടെ ഓണം എങ്ങനെയായിരിക്കുമെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പൊട്ടിച്ച് കളയുന്ന കോടികൾ മറ്റൊരുത്തന് ഏതെങ്കിലും വിധത്തിൽ ഗുണമാകുന്നുണ്ടോ? പല സംഘടനകളും ആഘോഷം ഒഴിവാക്കി ആ തുക ദുരിത കയം നീന്തി കയറാൻ ശ്രമിക്കുന്ന മനുഷ്യരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്താൻ തയാറാകുന്നു എന്നുള്ളത് പ്രതീക്ഷാനിർഭരമാണ്. ആഘോഷങ്ങൾ ആർക്കോ വേണ്ടി തട്ടിക്കൂട്ടുമ്പോൾ ചില മുഖങ്ങൾ നമ്മളിലേക്ക് കയറി വരണം? അത് മനസ്സിനെ പിടിച്ചുലയ്ക്കണം, അവിടെ പുതിയ ബോധ്യങ്ങളും കാഴ്ച്ചപ്പാടുകളും രൂപപ്പെടും.
തീരുന്നില്ല ഉത്തരവാദിത്തം
സർക്കാർ സംവിധാനങ്ങൾ എല്ലായിടത്തും എത്തി വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്ന ചരിത്രമില്ല. വിമർശനങ്ങൾ ഉണ്ടാകുന്ന ഇടത്ത് മാത്രം എന്തെങ്കിലും ചെയ്യുന്ന കീഴ്വഴക്കമാണ് നമുക്കുള്ളത്. സർക്കാരിന് മാത്രമാണോ ഉത്തരവാദിത്തം? അല്ല എന്ന് തന്നെയാണ് ഉത്തരം. നമുക്ക് ചുറ്റമുണ്ട് കണ്ണട വച്ചിട്ട് പോലും നമ്മൾ കാണാതെ പോകുന്ന അനേകർ. അവരെ കണ്ടെത്തി ഉചിതമായത് ചെയ്യാൻ നമുക്കും സാധിക്കണം. ഓഗസ്റ്റ് 13ലെ മലയാള മനോരമയുടെ ഒന്നാം പേജിൽ വന്നൊരു വാർത്ത എല്ലാവരും ശ്രദ്ധിച്ച് കാണും. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ വള്ളക്കടവ് ഭാഗത്തെ ആദിവാസി കുടുംബം നേരിടുന്ന ദുരവസ്ഥയും പോഷകക്കുറവുമാണ് വാർത്ത. എന്നാൽ അതിൽ 100 കിലോമീറ്റർ അപ്പുറത്ത് നിന്ന് ഇടപെടലുണ്ടാവുക എന്നുള്ളത് കാര്യമാണ്. പത്രവാർത്ത കണ്ട് മാർത്തോമ്മാ സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പായാണ് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്. പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും 15 വയസിന് താഴെയുള്ള മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാ മാസവും പോഷകാഹാര കിറ്റ് എത്തിക്കുകയും ചെയ്യും. സർക്കാർ ഇടപെടേണ്ട വിഷയമാണ്. സർക്കാർ ഇടപെടട്ടെ എന്ന് നോക്കിയിരുന്നാൽ പ്രശ്നത്തിന് പരിഹാരമാകുമോ? ഇതൊരു ഉദാഹരണമാണ്. നമുക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്നുള്ള ഓർമപ്പെടുത്തൽ.
ഈ ഓണത്തിന് ഓണം ആഘോഷിക്കാൻ കഴിയാതെ പോകുന്ന ഒരു കുടുംബത്തെ സഹായിക്കാൻ നമ്മൾക്ക് സാധിക്കുമോ? ഒരു നേരത്തെ ഭക്ഷണം നൽകുവാൻ കഴിയുമോ? ആഘോഷങ്ങളിൽ ആചാരങ്ങളെ മുക്കികൊല്ലാതെ സാമൂഹിക ഉത്തരവാദിത്തമായി അതിനെ പരുവപ്പെടുത്താൻ ഈ പ്രളയാനന്തര ഓണ കാലത്ത് നമുക്ക് കഴിയട്ടെ.
റോബിൻ എബ്രഹം ജോസഫ് :- നിലവിൽ മനോരമ ഓൺലൈനിൽ മാധ്യമപ്രവർത്തകൻ. കോട്ടയം ജില്ലയിൽ കറുകച്ചാൽ സ്വദേശി. രാഷ്ട്രീയം, കൃഷി, പരിസ്ഥിതി എന്നിവയാണ് ഇഷ്ടവിഷയങ്ങൾ. മംഗളം, ദീപിക എന്നീ സ്ഥാപനങ്ങളിലും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.














Leave a Reply