സ്നേഹപ്രകാശ്. വി. പി.

കാത്തുനില്പിന്റെ ഒരു നിമിഷാർദ്ധം. സിഗരറ്റിനുവേണ്ടി പാന്റ്സിന്റെ പോക്കറ്റിൽ കൈ തിരുകുമ്പോൾ അങ്ങു ദൂരെനിന്നും നടന്നു വരുന്ന സുമിത. താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പെൺകുട്ടി. നരച്ച മുഖമുള്ള, നഗരത്തിലെ തിരക്കുപിടിച്ച ബിസിനസ്സുകാരനായ കമൽദേവിന്റെ ഏക പുത്രി.

“സോറി.. രമേഷ്.. അയാം എ ബിറ്റ് ലേറ്റ്.. ഡാഡി ഇന്ന് വീട്ടിൽത്തന്നെ കൂടിയിരിക്കയാ കമ്പ്യൂട്ടറിനു മുന്നിൽ. അവസാനം ലൈബ്രറിയിലേക്കാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു…. ”

ചുണ്ടുകൾക്കിടയിലൂടെ പുറത്തു വരാൻ മടിച്ചു നിൽക്കുന്ന ദന്തനിര.

വല്ലപ്പോഴും മാത്രം കൈകൾ കൊണ്ട് മുഖംപൊത്തി ചിരിക്കാറുള്ള സുമിതയെ ഓർത്തു. തന്റെ ഭാവനയിലെ സുമിതയുടെ ഏറ്റവും സൗന്ദര്യമുള്ള ഭാവം.

“ഹോ… ഇറ്റ്സ് ഓക്കേ… ”

ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

“പിന്നെ എന്തെല്ലാമാണ് രമേഷ്… ”

അവൾ കൺപുരികങ്ങൾ ഉയർത്തി.

“സുമി പറയു…ഇന്ന് ഞാൻ കേൾക്കാനുള്ള മൂഡിലാണ്… വരൂ നമുക്ക് ബീച്ചിലേക്ക് പോവാം…”

റോഡിന്റെ ഓരത്തായി കെട്ടിയുയർത്തിയ അരമതിലിൽ ആരെല്ലാമോ കാറ്റുകൊള്ളാനിരിക്കുന്നു. കടല വില്പനക്കാരന്റെയും, ഐസ്ക്രീമുകാരന്റെയും വണ്ടികൾക്കിടയിലൂടെ അരമതിലിനിടയിലെ ഒതുക്കുകളിറങ്ങി കടൽത്തീരത്തേക്ക് നടന്നു. കാറ്റാടി മരങ്ങൾക്കിടയിലൂടെ പഞ്ചാര മണലിലൂടെ നടക്കവേ അസൂയ നിറഞ്ഞ നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു.

ഇന്ന് ഒഴിവുദിവസമായതു കൊണ്ടായിരിക്കാം കടൽത്തീരത്ത് പതിവിൽകൂടുതൽ ആൾക്കാരുണ്ട്. ആർത്തുല്ലസിച്ച് ബഹളം വെച്ചു നടന്നു നീങ്ങുന്ന യുവാക്കളുടെ കൂട്ടം. പിന്നെ കുടുംബാംഗങ്ങളോടൊത്ത് ഒഴിവുദിവസമാഘോഷിക്കാനെത്തിയവർ. കഴുത്തിൽ തൂക്കിയിട്ട ബാഡ്ജുകളുമായി ഏതോ സ്കൂളിൽ നിന്നും വന്ന ഒരു വിനോദയാത്ര സംഘം. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ശ്രദ്ധിച്ചുകൊണ്ട് അദ്ധ്യാപകർ.

“നമുക്കിവിടെയിരിക്കാം…”

നടന്നു, നടന്ന് ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തിയപ്പോൾ അവൾ പറഞ്ഞു.

ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അവൾക്കരികിലായി ഇരിക്കവേ.

“രമേഷ്.. ഞാനൊന്നു ചോദിച്ചോട്ടെ..”

“ഒന്നല്ല സുമി.. ഒരായിരം ചോദ്യങ്ങൾ ചോദിക്കൂ…”

കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“രമേഷിന് എന്നെ ഇഷ്ടമാണോ…”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവൾ തന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി.

“അങ്ങിനെയിപ്പോൾ കേട്ടു സുഖിക്കണ്ട. എനിക്ക് സുമിയെ ഒട്ടും ഇഷ്ടമല്ല…”

അവൾ മുഖം കോട്ടി.

സിഗരറ്റിന്റെ പുക അന്തരീക്ഷത്തിൽ തീർക്കുന്ന വൃത്തങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“നോക്കൂ സുമി… എന്റെ ജീവിതത്തിലേക്ക് ഇതിനിടെ എത്രയോ പെൺകുട്ടികൾ കടന്നു വന്നിരിക്കുന്നു. പലരും പലപ്പോഴായി പിരിഞ്ഞു പോയി. സുമി അവരിൽ നിന്നെല്ലാം വ്യത്യസ്ഥയാണെന്നെനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..”

തന്റെ മുഖത്തുതന്നെ കണ്ണു നട്ടിരിക്കുന്ന സുമിത. അവളുടെ കണ്ണുകളിൽ കടലിന്റെ നീലിമ.

“എന്തേ സുമിത എന്നെ ഇത്രമാത്രം ഇഷ്ടപ്പെടാൻ…”

ഓർമിക്കാൻ ശ്രമിച്ചു. കോളേജിൽ തന്നോടൊപ്പം പഠിച്ചിരുന്ന പ്രവീണ, രാത്രിയുടെ അന്ത്യയാമങ്ങളിൽ മനസ്സും ശരീരവും തനിക്കു പങ്കുവെക്കാറുണ്ടായിരുന്ന നീത ജോർജ് എന്ന കോളേജ് ബ്യൂട്ടി, ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ലത. അങ്ങിനെ എത്ര പേർ. എല്ലാം എത്ര പെട്ടെന്നാണ് മടുത്തു പോവുന്നത്. ആത്മാർത്ഥമായ സ്നേഹം, അതിനായിരുന്നു തന്റെ മനസ്സ്‌ എപ്പോഴും കൊതിച്ചത്. ഉപാധികളൊന്നുമില്ലാതെ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കാൻ. ഒടുവിൽ താൻ അന്വേഷിച്ചത് സുമിതയിൽ കണ്ടെത്തിയിരിക്കുന്നു.

” രമേഷ്… ”

ഓർമകളിൽ കുരുങ്ങിപ്പോയ മനസ്സ്‌ ഞെട്ടിയുണർന്നു.

” ഈ ചോദ്യത്തിന് മറുപടി തരാൻ എനിക്കാവില്ല രമേഷ്. എന്നേക്കാൾ കൂടുതലായി ഞാൻ രമേഷിനെ ഇഷ്ടപ്പെടുന്നു. ഒരുപാട്, ഒരുപാട് ഇഷ്ടം. അതിനുള്ള കാരണം…അതുമാത്രം എനിക്കറിയില്ല രമേഷ്. ആട്ടെ… ഈ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ…”

കടലിനു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകളെ നോക്കിക്കൊണ്ട് പറഞ്ഞു.

” സുമി സുന്ദരിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരി. പക്ഷേ എന്നിൽ രതി ഉണർത്താൻ പറ്റാത്ത ഒരേ ഒരു സുന്ദരിയാണ് സുമി. ഞാൻ അന്വേഷിച്ചതും അതായിരുന്നു. വർഷങ്ങളായുള്ള എന്റെ അന്വേഷണം …എന്റെ ഏറ്റവും വലിയ സ്വപ്നം….”

കടലിലേക്കു നോക്കി. സൂര്യൻ മിക്കവാറും കടലിൽ താഴ്ന്നു കഴിഞ്ഞിരുന്നു. ഒരു ചെറിയ പൊട്ടുമാത്രം കടലിനുമുകളിൽ ദൃശ്യമായിരുന്നു. കടൽ ചെഞ്ചായം പൂശിയതുപോലെ ചുവന്നുതുടുത്തിരുന്നു. പറവകളെല്ലാം കൂടുതേടി പറന്നു പോയ്കൊണ്ടിരിക്കുന്നു. കടൽത്തിരകളിൽ കളിച്ചു മതിവരാതെ, കരയിലേക്കു കയറാൻ കൂട്ടാക്കാതെ വാശി പിടിക്കുന്ന കുട്ടികളെ ശകാരിക്കുന്ന ഏതോ ഒരമ്മയുടെ ശകാര വാക്കുകൾ ചെവികളിൽ പതിക്കുന്നു. ഏതോ വിദ്യാർത്ഥിയിൽ നിന്നും വീണു പോയൊരു ബാഡ്ജ് പാതിയും പൂഴിയിൽ പുതഞ്ഞു കിടക്കുന്നു. കടൽത്തീരത്തുള്ളവർ ഓരോരുത്തരായി എഴുന്നേറ്റുതുടങ്ങിയിരുന്നു.

ഇപ്പോൾ സൂര്യൻ പൂർണമായും കടലിൽ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. രാത്രിയും പകലുമല്ലാത്ത അവസ്ഥ. ഓരോ അസ്തമയവും ഓരോ മരണമായാണ് അനുഭവപ്പെടാറ്. ഓരോ പകലിന്റെയും മരണം. പെട്ടെന്ന് കടൽത്തീരത്തു നിശബ്ദത പരക്കുന്നത് പോലെ തോന്നി. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ഏതോ തുരുത്തിൽ എത്തിപ്പെട്ടതു പോലെ. ചിന്തകളിൽ നിന്നും മനസ്സിനെ വേർപെടുത്തി, കടലിലേക്കുള്ള നോട്ടം പിൻവലിച്ച് തിരിഞ്ഞു നോക്കുമ്പോൾ സുമിത നടന്നു മറഞ്ഞിരുന്നു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .