വനിതാ കമ്മീഷനെതിരെ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കമ്മീഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈന്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പദവി മറന്നുള്ളതാണെന്നും പറഞ്ഞു. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മീഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് സംസാരിച്ചത്. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോര്‍ജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം. പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തും നൽകും.

പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷന് നിയമോപദേശം നല്‍കിയത്. ‘ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധി’യെന്നുമാണ് പി.സി ജോര്‍ജ്‌ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.