ലോകത്ത് പൊന്നുംവിലയുള്ള താരമാണ് പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സൺ. മരിച്ചിട്ടും ഇപ്പോഴും 14 കോടിയിലധികം ഡോളറാണ് ഓരോ വർഷവും ജാക്സണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ജാക്സന്റെ സമ്പാദ്യങ്ങളും ലോകത്ത് സജീവ ചർച്ചയാണ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ അദ്ദേഹത്തിന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റാണ്. ഇപ്പോഴിതാ ആ സ്വപ്ന സാമ്രാജ്യം ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ കോടീശ്വരൻ.
അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുളവും അടക്കം ജാക്സന്റെ സ്വപ്നലോകമാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. 15 വർഷത്തോളം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ പ്രിയ വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള ഭീമൻ പാർക്കും അടക്കം അത്യാംഡംബര സൗകര്യങ്ങൾ നിറയുന്നതാണ് നെവർലാൻഡ്.
നാലു വര്‍ഷം മുമ്പ് 730 കോടി രൂപക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോൾ 161 കോടി രൂപയ്ക്ക് വിറ്റുപോയത് എന്നതും ശ്രദ്ധേയം. ഇവിടെ കോടീശ്വരൻമാർക്കായുള്ള ക്ലബ് തുടങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജാക്സന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും ഇപ്പോഴും അലഞ്ഞു നടക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. ഇത് നെവർലാൻഡിന്റെ വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
Leave a Reply