മമ്മൂട്ടിയുടെ നിത്യയൗവനം പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നതാണ്. സിനിമയിലെത്തി മൂന്ന് പതിറ്റാണ്ടിനിപ്പുറവും, തലമുറകള്‍ പലത് വന്നിട്ടും സ്‌ക്രീനില്‍ പ്രസരിപ്പാര്‍ന്ന സാന്നിധ്യമായി അദ്ദേഹം നില്‍ക്കുന്നതുതന്നെ കാരണം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുന്‍നിര താരങ്ങള്‍ പരസ്പരം ബന്ധുത്വമുള്ള പല തലമുറക്കാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ കൂടുതലും ‘സിനിമാകുടുംബങ്ങളി’ല്‍ നിന്നുള്ളവര്‍ക്കൊപ്പമാവും. അങ്ങനെയല്ലാതെയുള്ള ഒരു അച്ഛനും മകള്‍ക്കുമൊപ്പം രണ്ട് കാലങ്ങളില്‍ അഭിനയിച്ചിരിക്കുകയാണിപ്പോള്‍ മമ്മൂട്ടി.

35 വര്‍ഷം മുന്‍പ് അച്ഛന്‍ ബാലതാരം, ഗ്രേറ്റ്ഫാദറില്‍ മകള്‍; എവര്‍ഗ്രീന്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറില്‍ മീനാക്ഷി മഹേഷ് എന്നൊരു ബാലതാരമുണ്ട്. സിനിമയില്‍ ഇഷ്ടതാരം മമ്മൂട്ടിയെന്ന് പറയുന്ന മീനാക്ഷി ഗ്രേറ്റ്ഫാദറില്‍ അഭിനയിക്കാനായതിന്റെ ത്രില്ലിലാണ്. കൗതുകം പകരുന്ന കാര്യം അതല്ല. മീനാക്ഷിയുടെ അച്ഛന്‍ മഹേഷ് മുന്‍പൊരു പ്രശസ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചിട്ടുണ്ട്. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങി പില്‍ക്കാലത്ത് ക്ലാസിക് പദവി നേടിയ ‘യവനിക’യിലാണ് മഹേഷ് മമ്മൂട്ടിയുടെ മകനായി അഭിനയിച്ചത്. ശ്രദ്ധേയചിത്രമായിരുന്നതിനാല്‍ യവനിക കണ്ടവര്‍ക്ക് ആ മുഖം ഓര്‍ത്തെടുക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. സിനിമ ഇറങ്ങി, 35 വര്‍ഷമായെങ്കിലും.