ലണ്ടന്‍: രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ നവജാത ശിശുക്കള്‍ വീതംഇംഗ്ലണ്ടില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലമാണ് ഈ മരണങ്ങളെന്നാണ് വിശദീകരണം. 2011നും 2015നുമിടയില്‍ ഈ അണുബാധയുണ്ടായ കുഞ്ഞുങ്ങളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയ മൂലം യുകെയിലും അയര്‍ലന്‍ഡിലുമായി 518 കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്.
27 കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 2015ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയ കുഴപ്പക്കാരനല്ലെങ്കിലും അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സെപ്റ്റിസീമിയ, ന്യുമോണിയ,മെനിഞ്‌ജൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ആദ്യ ആഴ്ചയിലാണ് ഈ രോഗങ്ങള്‍ ബാധിക്കാറുള്ളത്. കുഞ്ഞിന്റെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന രോഗങ്ങളാണ് ഇവ.

നാലിലൊന്ന് ഗര്‍ഭിണികളില്‍ ഈ ബാക്ടീരിയയുടെ ബാധ കാണാറുണ്ട്. അമ്മയില്‍ നിന്നാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗാണു പകരുന്നത്. അമ്മയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്താല്‍ ഈ രോഗം വരുന്നത് തടയാം. ഇതേക്കുറിച്ച് ബിബിസി 2 റേഡിയോ തയ്യാറാക്കിയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യും.