യുജിസിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം : കോളജുകളില്‍ ഇനി ഒരു മണിക്കൂര്‍ വ്യായാമം നിര്‍ബന്ധം

യുജിസിയുടെ  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം   : കോളജുകളില്‍ ഇനി ഒരു മണിക്കൂര്‍ വ്യായാമം നിര്‍ബന്ധം
October 15 00:10 2019 Print This Article

സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ദിവസവും ഒരു മണിക്കൂര്‍ വ്യായാമം, യോഗ, മെഡിറ്റേഷന്‍, നടത്തം, സൈക്ലിങ്, എയറോബിക്‌സ്, നൃത്തം, പാരമ്പര്യ ആയോധന മുറകള്‍ പോലെയുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തികള്‍ക്കായി മാറ്റി വയ്ക്കണമെന്ന് യുജിസി നിര്‍ദ്ദേശം. യുജിസിയുടെ ഏറ്റവും പുതിയ ഫിറ്റ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് ഈ നിബന്ധന.

അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഒരു സംവിധാനം ഉരുത്തിരിയേണ്ടതുണ്ടെന്നും യുജിസി കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറില്‍ ഇതിനായി ഫിസിക്കല്‍ ഫിറ്റ്‌നസ് പീരിയഡുകളും സ്ലോട്ടുകളും ഉള്‍പ്പെടുത്തണം. വിദ്യാർഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും വിധം ദിവസത്തിന്റെ പല സമയങ്ങളിലായി ഇത്തരം സ്ലോട്ടുകള്‍ ക്രമീകരിക്കണം. കുറഞ്ഞത് ഒരു മണിക്കൂര്‍ ഇതില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും യുജിസി നിര്‍ദ്ദേശിക്കുന്നു.

വിദ്യാർഥികളെ ഫിറ്റ്‌നസ്സിലേക്ക് മെന്റര്‍ ചെയ്യിക്കുന്നതിന് ഫിറ്റ്‌നസ് ലീഡര്‍മാരെ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിരമിച്ച സൈനികരുടെയും സ്റ്റുഡന്റ് വോളന്റിയര്‍മാരുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും മറ്റും സേവനങ്ങള്‍ ഇതിനായി സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും യുജിസി ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലെ ഐക്കണുകളെയും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട മോട്ടിവേഷണല്‍ സ്പീക്കര്‍മാരെയും വിദ്യാർഥികളുമായി സംവദിക്കാന്‍ ക്യാംപസുകളിലേക്കു ക്ഷണിക്കണം. വിദ്യാർഥികള്‍ക്കു മാതൃകയാകുന്നതിന് കോളജുകളിലെ ഉന്നത നേതൃത്വവും പ്രഫസര്‍മാരും നേരിട്ട് ഇത്തരത്തിലുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും യുജിസി പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles