നൂറ് വയസുള്ള മീനിനെ ചൂണ്ടയിലാക്കി രണ്ട് മീൻപിടിത്തക്കാർ. പത്തടിയിലധികം നീളമുള്ള മീനിനെ കാനഡയിലെ മീൻപിടിത്തക്കാരായ സ്റ്റീവ് എക്‌ലൻഡ്, മാർക് ബോയിസ് എന്നിവരാണ് പിടികൂടിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ലില്ലോയിട്ടിൽ മീൻപിടിക്കുന്നതിനിടയിലാണ് സ്റ്റർജോൺ വിഭാഗത്തിൽപ്പെടുന്ന മീൻ ചൂണ്ടയിൽ കൊളുത്തിയത്.
അസിപെൻസെറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന 27 ഇനം മത്സ്യങ്ങളുടെ പൊതുവായ പേരാണ് സ്റ്റർജോൺ. തങ്ങൾ പിടികൂടിയ മീനിന് പത്തടിയും ഒരിഞ്ച് നീളവും 57 ഇഞ്ച് ചുറ്റളവും ഉണ്ടായിരുന്നതായി സ്റ്റീവ് എക്‌ലൻഡ് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് മീനിനെ ബോട്ടിനുള്ളിൽ കടത്താനായത്. ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ശേഷം മീനിനെ വെള്ളത്തിലേയ്ക്ക് തന്നെ തിരികെ വിട്ടിരുന്നു. ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം സ്റ്റീവ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വെള്ള സ്റ്റർജോൺ. പതിനാല് അടി വരെ നീളം വയ്ക്കാവുന്ന ഈ മീനിന്റെ ജീവിതകാലയളവ് 150 വർഷത്തോളമാണ്. വലിയ നദികളുടെ അഴിമുഖങ്ങളിലാണ് ഇവ സാധാരണയായി കാണാറുള്ളത്. എന്നാൽ മുട്ടയിടുന്നതിനായി ഇവർ ശുദ്ധജലത്തിലേയ്ക്ക് സഞ്ചരിക്കുന്നു.
Leave a Reply