ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ ഇതിനിടയിൽ ‘ലോങ്ങ് കോവിഡ്’ എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ലണ്ടനിലെ കിങ്‌സ് കോളേജിൽ നടന്ന ഗവേഷണത്തിലാണ് സ്ത്രീകൾക്കും അമിതഭാരം ഉള്ളവർക്കും ആസ്ത്മ രോഗികൾക്കും ലോങ്ങ് കോവിഡ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ച കോവിഡ് ബാധിതനായിരിക്കുമെന്ന് പഠനം പറയുന്നു. വാർദ്ധക്യവും അനേക രോഗലക്ഷണങ്ങളും ഉള്ളവർക്ക് ലോങ്ങ് കോവിഡ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഇത്തരം രോഗികളെ നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ ഉറപ്പാക്കാനാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് സിംപ്റ്റം സ്റ്റഡി അപ്ലിക്കേഷനിലേക്ക് ആളുകൾ അവരുടെ ലക്ഷണങ്ങളും പരിശോധന ഫലങ്ങളും നൽകിയതിന്റെ വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. ദൈർഘ്യമേറിയ കോവിഡ് ആരെയും ബാധിക്കുമെങ്കിലും ചിലരിൽ അപകടസാധ്യത ഉയർന്നിരിക്കുന്നു.
അഞ്ചിൽ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നവർക്ക് ലോങ്ങ് കോവിഡ് പിടിപ്പെട്ടേക്കാമെന്ന് കിംഗ്സ് കോളേജിലെ ഡോ. ക്ലാരി സ്റ്റീവ്സ് പറഞ്ഞു. കൊറോണ വൈറസ് ശരീരത്തിലുടനീളം അവയവങ്ങളെ ബാധിക്കും. ചുമ, ക്ഷീണം, തലവേദന, വയറിളക്കം എന്നിവയുണ്ടായിരുന്നവർക്കും രുചി, മണം എന്നിവ നഷ്ടപ്പെട്ടവർക്കും രോഗസാധ്യത കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു – പ്രത്യേകിച്ച് 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക്. ലോംഗ്-കോവിഡിന്റെ കൃത്യമായ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ക്ഷീണം സാധാരണമാണ്.
പഠനത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ;
• ഏഴ് പേരിൽ ഒരാൾ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 45 പേരിൽ ഒരാൾ കുറഞ്ഞത് 12 ആഴ്ചയെങ്കിലും രോഗബാധിതനാണ്.
വേഗത്തിൽ സുഖം പ്രാപിക്കുന്ന നാലിലൊന്ന് ആളുകൾക്ക് ലോങ്ങ് കോവിഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ” ഈ വിവരങ്ങൾ പ്രാധാന്യമുള്ളതായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം ഇപ്പോൾ ഞങ്ങൾക്ക് ആ ആളുകളെ തിരിച്ചറിയാനും അവർക്ക് പ്രതിരോധ നടപടികൾ നൽകാനും സാധിക്കും. ” ഡോ. സ്റ്റീവ്സ് കൂട്ടിച്ചേർത്തു.
Leave a Reply