ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്‌പ്. പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ ഒരാൾ വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബർ 15 ന് ജാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന സിഎഎയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസ് സർവകലാശാലയ്ക്കു അകത്തു കടന്ന് വിദ്യാർഥികളെ അതിക്രൂരമായി മർദിച്ചിരുന്നു.