പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു; ലോക്ഡൗണ്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു; ലോക്ഡൗണ്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍
April 26 16:40 2020 Print This Article

മെയ് മൂന്നിനാണ് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊറോണ വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇത് നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇതും നടക്കുക. ഈ യോഗത്തില്‍ വച്ച് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ദേശവ്യാപകമായി ലോക്ഡൗണ്‍ നീട്ടുന്നതിനേക്കാള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം കിട്ടുക എന്നാണ് സൂചന.

ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഈ ആറ് സംസ്ഥാനങ്ങളാണ് കോവിഡ്-19 എറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇതിനുപുറമെ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് മൂന്നിനു ശേഷവും ലോക്ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കുന്നത്. സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്ന കാര്യവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം പറയുന്നു.

മേല്‍പ്പറഞ്ഞ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഹൗറ, നോര്‍ത്ത് 24 ര്‍ഗാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് ബര്‍ദ്വാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കോവിഡ് ഹോട്‌സ്‌പോട്ടുകളായതിനാല്‍ ഇവിടെ ലോക്ഡൗണ്‍ നീട്ടാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, ബംഗാളില്‍ പൂര്‍ണമായി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചേക്കില്ല.

ഒഡീഷയില്‍ ഹോട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നാബ കിഷോര്‍ ദാസ് പറയുന്നു. പഞ്ചാബിലും ലോക്ഡൗണ്‍ പൂര്‍മായി പിന്‍വലിച്ചേക്കില്ല. രോഗബാധ രൂക്ഷമായിട്ടുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, ജബല്‍പ്പൂര്‍, ഖാര്‍ഗാവോണ്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. മെയ് മൂന്ന് കഴിഞ്ഞാലും മിക്ക സ്ഥലങ്ങളിലും ഘട്ടം ഘട്ടമായി മാത്രം ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മേയ് പകുതി വരെ നീട്ടാനാണ് ആലോചന. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് 19 കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ മേയ് പകുതിയെങ്കിലും നീട്ടിയാല്‍ മാത്രം കോവിഡ് കേസുകളെ നിയന്ത്രണവിധേയമാക്കാന്‍ കഴിയൂ എന്ന് സമിതി അഭിപ്രായപ്പെട്ടു. കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 23ന് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്ന് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്താല്‍ അത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടുതലായതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതായിരിക്കും ഉചിതമെന്ന് കോവിഡ് 19 കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ് കെ സരിന്‍ പറഞ്ഞു. മേയ് 16 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും.

അതേ സമയം, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഹരിയാനന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേരളവും അസമും ലോക്ഡൗണ്‍ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് സോണാക്കിയിരുന്നു. ഇപ്പോഴും റെഡ് സോണുകളായി തുടരുന്ന ജില്ലകളിലും അതോടൊപ്പം, ഹോട്‌സ്‌പോട്ടുകളിലും മെയ് മൂന്നിനു ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles