മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തേറ്റ ഒഡിഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റ (26) മരിച്ചു. സംഭവത്തിൽ ഒഡിഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു–36)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഞായറാഴ്ച അർധരാത്രിയോടെ പേഴയ്ക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ വളപ്പിലെ താമസമുറിയിലായിരുന്നു സംഭവം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് നിർമ്മിച്ച കത്തി കൊണ്ട് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.











Leave a Reply