തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചു. കുട്ടിക്ക് എച്ചഐവി ബാധിച്ചിരുന്നുവെന്ന് ആരോപണമുണ്ട്. ഇടുക്കി സ്വദേശിയായ 14 കാരനാണ് മരിച്ചത്. എന്നാല്‍ കുട്ടി രക്തം സ്വീകരിച്ചത് ആര്‍സിസിയില്‍ നിന്ന് മാത്രമല്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വിഷയം പരിശോധിച്ചു നടപടിയെടുക്കുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
പതിനായിരക്കണക്കിന് ആളുകള്‍ക്കു ചികില്‍സ നല്‍കുന്ന സ്ഥാപനമായതിനാല്‍ അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പ്രതികരിച്ചു. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചതായി സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ കുട്ടി മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ 26നാണു മരിച്ചത്.
കുട്ടിക്ക് എച്ചഐവിയുള്ളതായി ആശുപത്രിയധികൃതര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ പരിശോധനയിലും എച്ച്െഎവി സ്ഥിരീകരിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടി രക്തം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നതെങ്കിലും മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്നു മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
Leave a Reply