മൂവാറ്റുപുഴ തൃക്കളത്തൂരിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തോടെ മരിച്ചത്. അപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവർ ഇന്നലെ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാരും, പോലീസും,അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ഇന്നലെ മരണപ്പെട്ടിരുന്നു.
ബാംഗ്ലൂരിൽ നിന്നും ബന്ധുവിന് കാർ വാങ്ങിയ ശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും, വിഷ്ണുവിന്റെയും, അരുണിന്റെയും സംസ്ക്കാരം ഇന്നലെ നടത്തി. അമർനാഥിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കെഎസ്ഇബി സബ് എഞ്ചിനിയറായ സുരേഷ് ബാബുവും കുടുംബവും സഹോദരിമാരായ രജനിയുടെയും സജിനിയുടെയും മക്കളായ ആദിത്യൻ, അമർനാഥ്, വിഷ്ണു, ബാബു എന്നിവർക്കൊപ്പമാണ് മൂന്നു ദിവസം മുമ്പ് ബംഗളൂരുവിലേക്ക് തിരിച്ചത്. ഓൺലൈൻ വാഹനവിപണന സൈറ്റ് വഴി വാങ്ങിയ രണ്ടു കാറുകൾ വില പറഞ്ഞുറപ്പിച്ച് വാങ്ങാൻ കൂടിയായിരുന്നു ഈ യാത്ര. ബംഗളുരുവിൽനിന്ന് വാങ്ങിയ രണ്ടു കാറുകളിലായി ഇവർ നാട്ടിലേക്ക് തിരിച്ചു. ഒരു കാറിൽ സുരേഷ് ബാബുവും കുടുംബവും മറ്റൊന്നിൽ സഹോദരിയുടെ മക്കളുമാണ് ഉണ്ടായിരുന്നത്. പെരുമ്പാവൂരിൽ ഇന്ധനം നിറയ്ക്കാനും ചായ കുടിക്കാനുമായി ഇരു കാറുകളും നിർത്തിയിരുന്നു. അവിടെ നിന്ന് സുരേഷ് ബാബുവിന്‍റെ കാറാണ് മുന്നിൽ വന്നത്. പിന്നാലെ യുവാക്കളുടെ കാറും.
പിന്നാലെയുള്ള കാർ കാണാതായതോടെ സുരേഷ് ബാബു തിരികെ വന്നപ്പോഴാണ് ലോറിയുമായി ഇടിച്ച് സഹോദരിയുടെ മക്കൾ അപകടത്തിൽപ്പെട്ടത് കണ്ടത്. അപകട ദൃശ്യം കണ്ട് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട സുരേഷ് ബാബുവിനെ സമീപത്തുള്ള സുഗതൻ എന്നയാളുടെ വീട്ടിലേക്ക് മാറ്റി. അതിനിടെ ആശുപത്രിയിൽനിന്ന് മൂന്നു പേരുടെ മരണ വാർത്ത അറിഞ്ഞതോടെ സുരേഷ് ബാബു അവിടെനിന്ന് കാർ ഓടിച്ചു പോയി. ‘എന്നെ അന്വേഷിക്കേണ്ട ഞാൻ പോകുകയാണ്…’ എന്ന് മൊബൈലിൽ സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹം പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചേർത്തലയിലെ ബന്ധുവിന്‍റെ വീട്ടിൽനിന്ന് സുരേഷ് ബാബുവിനെ കണ്ടെത്തുകയായിരുന്നു.
Leave a Reply