തമിഴ്നാട്ടിലെ തീപ്പൊരി രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ വൈക്കോയ്ക്ക് രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷത്തെ തടവ്. തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വൈക്കോ നിരോധിത സംഘടനയായ എല്‍.ടി.ടിയെ ഇനിയും അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും വിവാദങ്ങളുടെ തോഴനാണ് വൈക്കോ. 2008 സെപ്റ്റംബറില്‍ ചെന്നൈയില്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തിനിടെയാണ് കേസിനാധാരമായ പരാമര്‍ശം. നിരോധിത സംഘടനയായ എല്‍.ടി.ടിയെ പരസ്യമായി പിന്തുണച്ചെന്ന് കാണിച്ച് കരുണാനിധി സര്‍ക്കാര്‍ കേസെടുത്തു.

അടുത്ത കൊല്ലം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വൈക്കോ ഹാജരാകത്തിനെ തുടര്‍ന്ന് നീണ്ടു.2017 പാസ്പോര്‍ട്ട് പുതുക്കുന്നതിനു തടസമുണ്ടായതോടെയാണു കീഴടങ്ങി ജാമ്യം നേടിയത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എഗ്മോറിലെ പ്രത്യേക കോടതി വൈക്കോ കുറ്റം ചെയ്തതായി കണ്ടെത്തി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉടന്‍ തന്നെ വൈക്കോയ്ക്ക് ജാമ്യവും നല്‍കി. കോടതിക്കു പുറത്തിറങ്ങിയ വൈക്കോ കേസിനാധാരമായ നിലപാട് ആവര്‍ത്തിച്ചു

കേസ് എടുത്തത് കണുണാനിധിയുടെ കാലത്തായിരുന്നെങ്കില്‍ വിധിവരുമ്പോള്‍ മകന്‍ എം.കെ സ്റ്റാലിന് പ്രിയപെട്ടവനാണ് വൈക്കോ. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് വൈക്കോ. തടവ് ഒരു വര്‍ഷമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തെ ഇന്നത്തെ കോടതി വിധി ബാധിക്കില്ല