ഖാലിദിയയിലെ റസ്റ്ററന്റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ ദാമോദരന്റെ മകൻ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരും പാക്കിസ്ഥാൻ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് അധികൃതർ അറിയിച്ചിരുന്നു. ധനേഷിന്റെയും ശ്രീകുമാർ രാമകൃഷ്ണൻ നായരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു

കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ തിരക്കേറിയ ഫൂഡ് കെയർ റസ്റ്ററന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റസ്റ്ററൻ്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കുമാണ് പരുക്കേറ്റത്. അഞ്ച് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. താമസക്കാരുള്ള ഒട്ടേറെ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശമായിരുന്നു ഇത്.

സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കാരണമായി. സ്‌ഫോടനങ്ങളിൽ ആറ് കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.