മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കത്തോലിക്കാ മിഷണറി സ്കൂളായ സുഖ്നുവിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. ആറു വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്കൂൾ അഗ്നിക്കിരയാക്കിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെയും വിദ്യാർഥികളുടെയും സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികൾ ഉൾപ്പെടെ 10 മുറികൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സ്കൂളിനും ക്ലാസ് ടീച്ചർക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാർഥികൾക്കെതിരേ ഒരാഴ്ച മുന്പ് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എന്നാൽ, ഇവരെ ക്ലാസുകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ ഫാ. ഡോമിനിക് പറഞ്ഞു.
അച്ചടക്ക നടപടികളിൽ രോഷംപൂണ്ട ഒരു പ്രാദേശിക വിദ്യാർഥി സംഘടനയും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നു. വിദ്യാർഥികൾക്കെതിരേ സ്വീകരിച്ച നടപടികൾ റദ്ദാക്കാൻ അവർ സമ്മർദം ചെലുത്തി വരുകയായിരുന്നു. സ്കൂൾ അഗ്നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞ സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സംഭവത്തെ ശക്തമായി അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പുനർനിർമിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെ ചാണ്ഡൽ ജില്ലയിലെ സുഖ്നുവിലെ ഇൗ സ്കൂളിൽ 1,400 വിദ്യാർഥികളുണ്ട്.
Leave a Reply