ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ നിങ്ങളുടെ കൈവശമുണ്ടോ എങ്കിൽ ഈ അടിയന്തിര മുന്നറിയിപ്പ് നിങ്ങൾക്ക് വേണ്ടിയാണ് . ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ കൈവശമുള്ളവർക്ക് പണമായി മാറ്റാൻ ഇനി ഒരാഴ്ച കൂടിയേ സമയമുള്ളൂ. അടിയന്തിരമായി നടപടി സ്വീകരിക്കാത്ത ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെടാം.
ഈ വിവരങ്ങൾ കാണിച്ച് ടെസ്കോ തങ്ങളുടെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. തങ്ങളുടെ വൗച്ചറുകൾ എന്നന്നേക്കുമായി കാലഹരണപ്പെടുത്തുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. 2023 ല്‍ ആരംഭിച്ച ചില വൗച്ചറുകളാണ് ഉടൻ കാലഹരണപ്പെടാൻ പോകുന്നത്. മെയ് 31 – ന് വൗച്ചറുകൾ കാലഹരണപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ക്യാഷ് ബാക്ക് തിരിച്ചുകിട്ടാൻ ഒരു ആഴ്ച മാത്രമേ ഉള്ളൂവെന്നും ഈമെയിൽ സന്ദേശത്തിലുണ്ട്.
ടെസ്കോയുടെ ആപ്പിൽ നിന്ന് വൗച്ചറുകൾ കണ്ടെത്താൻ സാധിക്കും . അതുമല്ലെങ്കിൽ ടെസ്കോ ഷോപ്പിൽ നിന്നോ ഉപഭോക്താക്കളുടെ ഫോണിൽ നിന്നോ സ്കാൻ ചെയ്തോ വൗച്ചറുകൾ കണ്ടെത്താം. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ നിങ്ങളുടെ വൗച്ചറുകൾ ചെക്ക്ഔട്ടിലെ കൂപ്പൺ, വൗച്ചർ വിഭാഗത്തിലായിരിക്കും കാണാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ പെട്ടെന്ന് നടപടി സ്വീകരിക്കാൻ ടെസ്‌കോയുടെ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്റർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൗച്ചറുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ കാലാവധി ഉള്ളൂ. ടെസ്‌കോയിൽ ഷോപ്പിംഗ് നടത്തുമ്പോൾ പണത്തിന് പോയിന്റുകൾ നേടാൻ അംഗങ്ങളെ അനുവദിക്കുന്ന ഒരു സൗജന്യ ലോയൽറ്റി പ്രോഗ്രാമാണ് ടെസ്‌കോ ക്ലബ് കാർഡ് . കാർഡ് ഉടമകൾക്ക് ഉള്ള ലോയൽറ്റി സ്കീമിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വൗച്ചറുകൾ നൽകിയിരിക്കുന്നത്. 150 പോയന്റുകൾ ഉള്ള ഒരു ഉപഭോക്താവിന് 1.50 പൗണ്ട് വൗച്ചർ ആണ് ലഭിക്കുന്നത്. ടെസ്കോയുമായി പങ്കാളിത്തമുള്ള മറ്റ് ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ മേടിക്കുമ്പോഴും അധിക പോയൻ്റുകൾ നേടാൻ സാധിക്കും.
Leave a Reply