ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് അർജന്റീനയിൽ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ദുഃഖാചരണം അവസാനിച്ചെങ്കിലും ആ ആഘാതത്തിൽനിന്ന് ആരാധകർ മുക്തമായിട്ടില്ലെന്നതാണു വാസ്തവം.
എന്നാൽ, മാറഡോണയുടെ സ്വത്തിനായുള്ള യുദ്ധം മക്കൾ തമ്മിൽ വൈകാതെ ഉരുത്തിരിയുമെന്നാണ് അർജന്റീനയിൽനിന്നുള്ള റിപ്പോർട്ടുകൾ. മരിക്കുന്പോൾ മാറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് 73 ലക്ഷം രൂപ മാത്രമാണെന്നും റിപ്പോർട്ടുണ്ട്. പൂമ അടക്കമുള്ള നിരവധി ബ്രാൻഡുകളുമായി കരാറുള്ള, ബെലാറസ് ഫുട്ബോൾ ക്ലബ്ബായ ഡൈനാമൊ ബ്രെസ്റ്റിന്റെ ഓണററി പ്രസിഡന്റായും മിഡിൽ ഈസ്റ്റിൽ പരിശീലക ഇൻവെസ്റ്റ്മെന്റിലൂടെയും 147 കോടി രൂപ വാർഷിക വരുമാനമുള്ള മാറഡോണയുടെ അക്കൗണ്ടിൽ 73 ലക്ഷം രൂപ മാത്രമാണുള്ളതെന്നതും അദ്ഭുതകരമാണ്. അതേസമയം, 665 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റിന്റെയും ആഡംബര വസ്തുക്കളുടെയും ഭാഗം ലഭിക്കാനായി മക്കൾ തമ്മിൽ നിയമപോരാട്ടം നടക്കുമെന്നാണു സൂചന.
മാറഡോണയുടേതായി ഒരു ഫുട്ബോൾ ടീമിനുള്ള മക്കൾ ഉണ്ടെന്നാണു പ്രചരണം. എന്നാൽ, ആറ് ജീവിത പങ്കാളികളിലായി ഉള്ള എട്ടു മക്കളെയാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്. മാറഡോണ വിവാഹം കഴിച്ചത് ആദ്യ ഭാര്യയായ ക്ലോഡിയ വില്ലഫേനെ മാത്രമാണ്. ഇവർക്ക് ഡാൽമ, ഗിയാന്നിന എന്നീ രണ്ട് പെണ്മക്കളുണ്ട്. മൂത്ത മകൾക്ക് അമ്മയുടെ പേരാണു നൽകിയത്. രണ്ടാമത്തെ മകളായ ഗിയാന്നിന വിവാഹം കഴിച്ചത് അർജന്റൈൻ ഫുട്ബോൾ താരമായ സെർജിയൊ അഗ്യൂറോയെയാണ്. ക്ലോഡിയയുമായുള്ള വിവാഹ ബന്ധം 2004ൽ വേർപെടുത്തിയതിനാൽ മാറഡോണയുടെ സ്വത്തിൽ അവർക്ക് ബന്ധമില്ല. അർജന്റീന വനിതാ ഫുട്ബോൾ ടീം അംഗമായിരുന്ന റോക്കിയോ ഒലീവയായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തിൽ മക്കളില്ല.
മക്കളുടെ ശരിയായ സംരക്ഷണമില്ലാത്തതിനെത്തുടർന്ന് തന്റെ സ്വത്ത് ആർക്കും നൽകില്ലെന്നും ദാനം ചെയ്യുമെന്നും മാറഡോണ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, അർജന്റൈൻ നിയമപ്രകാരം ഒരാൾക്ക് അയാളുടെ സ്വത്തിന്റെ അഞ്ചിൽ ഒന്ന് മാത്രമേ ദാനം ചെയ്യാൻ സാധിക്കൂ. അഞ്ചിൽ മൂന്ന് ഭാഗം ഭാര്യക്കും മക്കൾക്കും അവകാശപ്പെട്ടതാണ്.
അതിനിടെ മൂത്ത മകളും നടിയുമായ ഡാൽമ, മാറഡോണയുടെ വിയോഗത്തിലൂടെ ഉണ്ടായ ശൂന്യതയും ദുഃഖവും സമൂഹമാധ്യമത്തിലൂടെ കുറിച്ചു. പിതാവിനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു ഡാൽമയുടെ കുറിപ്പ്. മാറഡോണയുടെ മരണം അനാസ്ഥമൂലമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply