ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡർബി സെന്റ് ഗബ്രിയേൽ മിഷനിലെ സീറോ മലബാർ വിശ്വാസ സമൂഹം ഒന്നായി ദൈവത്തിന് നന്ദി പറയുന്ന ദിവസമാണ് 2021 ജൂലൈ 22. സീറോ മലബാർ സമൂഹത്തിൽ നിന്നുള്ള യൂജിൻ ജോസഫ് ഇന്ന് പുരോഹിതനായി അഭിഷിക്തനാക്കപ്പെടുകയാണ്. അമേരിക്കയിലെ കൊളംബസ് രൂപതയ്ക്ക് വേണ്ടി വൈദീകനാകുന്ന യൂജിൻ, ബിർമിങ്ഹാം കത്തീഡ്രലിൽ വച്ചാണ് പട്ടമേൽക്കുന്നത്. തുടർന്ന് ജൂലൈ 25 ഞായറാഴ്ച ബ്രിട്ടീഷ് സമയം മൂന്നു മണിക്ക്, സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബ്ബാന നവവൈദികൻ ഡെർബി സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കുന്നു. ഈ അസുലഭ മുഹൂർത്തത്തെ സമൂഹത്തിന്റെ ആഘോഷമാക്കി മാറ്റാൻ പ്രയത്നിക്കുന്നതും നേതൃത്വം നൽകുന്നതും യുവജനങ്ങളാണ്. യുവജനങ്ങൾ നയിക്കുന്ന ഗായക സംഘം വിശുദ്ധ കുർബ്ബാനയുടെ സവിശേഷതയാകും. കൂടാതെ കുട്ടികൾ മാത്രം അൾത്താര ശുശ്രൂഷയും അന്നേ ദിവസത്തെ ക്രമീകരണങ്ങളും നടത്തുന്നു.

പലതും ത്യജിച്ചുള്ള ഒരു പ്രയാണമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. വൈദിക ജീവിതത്തിലേക്കുള്ള യൂജിന്റെ കാൽവയ്പ്പ്, പ്രവാസി മലയാളികൾക്കും സീറോ മലബാർ വിശ്വാസ സമൂഹത്തിനും ഒന്നടങ്കം സന്തോഷം പകരുന്നതാണ്. പാലാ തിടനാട് പൊട്ടനാനിയിൽ ജോസഫ്- സാലമ്മ ദമ്പതികളുടെ മൂത്തമകനായ യൂജിൻ കുടുംബത്തോടൊപ്പം യുകെയിൽ എത്തുന്നത് 2002ലാണ്. ബ്രട്ടൺ ഓൺ ട്രെന്റിൽ താമസമാക്കി. ഇളയ സഹോദരൻ ഏയ്‌ബൽ ജോസഫും ഒപ്പമുണ്ടായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ബ്രിട്ടനിലെത്തിയ യൂജിൻ പഠനത്തിൽ മുൻപന്തിയിലായിരുന്നു. നാട്ടിൽ വക്കീലായിരുന്ന പിതാവ് ജോസഫ്, യുകെയിൽ എത്തിയ ശേഷം റോയൽ മെയിൽ ഉദ്യോഗസ്ഥനായി. മാതാവ് സാലമ്മ ക്വീൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു. സ്കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടുകൂടി പൂർത്തിയാക്കിയ ശേഷം കെ. പി. എം. ജിയിൽ പ്രവേശനം നേടിയെടുത്തു. എന്നാൽ ആ വഴിയിൽ തുടരാൻ യൂജിൻ തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം വൈദികവഴിയിലേക്ക് തിരിയുകയാണെന്ന തീരുമാനം സ്വീകരിച്ചു. അതിനുശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം. 2015 മുതൽ 2021 വരെ സെമിനാരി വിദ്യാഭ്യാസം. 2019ൽ ഡീക്കനായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പൗരോഹിത്യ സ്വീകരണം വൈകുകയായിരുന്നു.

സ്വയം തിരഞ്ഞെടുത്ത പാതയിൽ നിലയുറപ്പിച്ച് നിന്ന വ്യക്തിയാണ് യൂജിൻ ജോസഫ്. യുകെയിൽ ഒരുപാട് ആളുകളെ ആത്മീയതയിലേക്ക് കൈപിടിച്ചു നടത്തിയ സോജി ഓലിക്കൽ അച്ചന്റെ ധ്യാനത്തിലൂടെയാണ് മകൻ വൈദീകവഴിയിലേക്ക് കടന്നതെന്ന് മാതാവ് സാലമ്മ ജോസഫ് മലയാളം യുകെയോട് പറഞ്ഞു . വൈദികനാവാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ, ബിരുദം പൂർത്തിയാക്കിയതിന് ശേഷം തീരുമാനമെടുക്കാൻ പിതാവ് അവശ്യപ്പെട്ടു. മകന്റെ തീരുമാനം ഉറച്ചതാണെന്ന് തിരിച്ചറിഞ്ഞ ജോസഫും സാലമ്മയും യൂജിന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. “എന്റെ പിതാവിന്റെയും മാതാവിന്റെയും കൂടെ നിന്നാണ് ഏഴു വയസുവരെ യൂജിൻ വളർന്നത്. ചാച്ചൻ കാണിച്ചുകൊടുത്ത നല്ല ജീവിതമാതൃകയും അവനെ സ്വാധീനിച്ചിട്ടുണ്ട്.” തീക്കോയി ഞായറുകുളം കുടുംബാംഗമായ സാലമ്മ പറഞ്ഞു. നിരവധി വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന കുടുംബത്തിൽ നിന്നാണ് ഇപ്പോൾ പുതുതലമുറയിലെ വൈദീകനായി യൂജിൻ പട്ടമേൽക്കുന്നത്. ഇളയസഹോദരൻ ഏയ്‌ബൽ ദൈവശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ കുർബ്ബാനയിലും തുടർന്നുള്ള സ്നേഹവിരുന്നിലും പങ്കെടുക്കുന്ന എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളിക്കമ്മറ്റി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സമയം ഇന്ന് വൈകുന്നേരം 7:30നാണ് പൗരോഹിത്യ സ്വീകരണം.

ഇന്നത്തെ പൗരോഹിത്യ ശുശ്രൂഷയുടെ തിരുക്കർമ്മങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.stchadscathedral.org.uk/

ഇരുപത്തിയഞ്ചാം തീയതി ഫാ.യൂജിൻ ജോസഫ് ഡെർബിയിലെ സെന്റ് ജോസഫ് പള്ളിയിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://m.youtube.com/watch?v=xjMYu2unRno