ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ (95) ആരോഗ്യനില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരുടെയും പ്രാർത്ഥനാ സഹായം വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. തൻറെ അനാരോഗ്യം ചൂണ്ടിക്കാട്ടി 2013 -ലാണ് ബെനഡിക്റ്റ് മാർപാപ്പ സ്ഥാനത്യാഗം ചെയ്തത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ . ഇതിനുമുമ്പ് 1415 -ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പയാണ് സ്ഥാനത്യാഗം ചെയ്തത്.

മാർപാപ്പ വളരെ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് ആശ്വാസം പകരാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിവാര പ്രസംഗത്തിൽ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. വത്തിക്കാൻ ഈ മാസം ഒന്നിന് പുറത്തു വിട്ട മാർപാപ്പയുടെ ചിത്രത്തിൽ അദ്ദേഹം വളരെയേറെ ക്ഷീണിതനായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന അദ്ദേഹത്തിൻറെ ആരോഗ്യനില ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വഷളായത്.