ഡോ. ഐഷ വി

ഓരോ യാത്രയിലും നമുക്ക് ചില അനുഭവങ്ങൾ ഉണ്ടാകാം. ഓർത്തു വയ്ക്കാൻ ചില മായ കാഴ്ചകൾ ഉണ്ടാകാം. അതൊരു വിനോദ യാത്രയാണെങ്കിൽ നമ്മെ അലട്ടിയിരുന്ന പല പ്രശ്നങ്ങളും നമ്മൾ ആ നിമിഷങ്ങളിൽ മറന്നേക്കാം. നമ്മൾ പോകാനാഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ ചിലപ്പോൾ തിരക്കു കൊണ്ട് നമ്മൾ മാറ്റിവച്ചേക്കാം. അങ്ങനെ മാറ്റിവയ്ക്കുന്നതിൽ പലതും പിന്നെ നടന്നില്ലെന്നും വരാം. അതിനാൽ നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്കുള്ള യാത്ര അല്‌പം സമയം കണ്ടെത്തി നടപ്പിലാക്കുക. അത് ചിലപ്പോൾ ബന്ധുക്കളെ കാണാനാകാം, സുഹൃത്തുക്കള കാണാനാകാം . ചിലപ്പോൾ അത് തീർത്ഥാടനമാകാം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കുള്ള യാത്രയാകാം.

ഞങ്ങളുടെ നെല്ലിയാമ്പതി യാത്രയും അങ്ങനെയൊരു യാത്രയാണ്. ഒരു വാരാന്ത്യത്തിലെ ചെറിയ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയപ്പോൾ ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങൾ സമയമുള്ളതനുസരിച്ച് ഒരു ദിവസത്തെ യാത്ര ഒരു സ്ഥലത്തേയ്ക്ക് എന്ന രീതിയിൽ ഞങ്ങൾ ക്രമീകരിച്ചു. അങ്ങനെ നടത്തിയൊരു യാത്രയാണ് “പാവപ്പെട്ടവന്റെ ഊട്ടി” എന്നറിയപ്പെടുന്ന “നെല്ലിയാംപതി” യിലേയ്ക്കുള്ള കാർ യാത്ര. മക്കൾ പഠനവുമായി ബന്ധപ്പെട്ട് ഒരാൾ തിരുവനന്തപുരം ജില്ലയിലും ഒരാൾ ഡൽഹിയിലുമായിരുന്നതിനാൽ ഞാനും ഭർത്താവും മാത്രം ഞങ്ങളുടെ കാറിലായിരുന്നു ഈ വാരാന്ത്യ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ” നെല്ലി ദേവി” യുടെ സ്ഥലത്തേയ്ക്കുള്ള യാത്ര . രാവിലെ പ്രാതൽ തയ്യാറാക്കി കഴിച്ച് ഉച്ച ഭക്ഷണവും കുടിവെള്ളവും പഴങ്ങളും കൈയ്യിൽ കരുതിയായിരുന്നു ഞങ്ങളുടെ യാത്ര.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ഞങ്ങൾ വടക്കഞ്ചേരിയിൽ നിന്നും യാത്ര തിരിച്ചു. ഗൂഗിൾ മാപ്പിട്ട് വടക്കഞ്ചേരിയിൽ നിന്ന് നെമ്മാറയിലെ നെൽപ്പാടങ്ങളും ഇടയ്ക്കിടെ അവയുടെ നടുക്ക് തലയുയർത്തി നിൽക്കുന്ന കരിമ്പനകളും കണ്ട് പിന്നിട്ട് പോത്തുണ്ടി ഡാമിനരികിലൂടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനടുത്തെത്തി. വഴിയോരത്തു കണ്ട ചില കടകൾക്ക് ” നെല്ലി” ദേവിയുടെ പേരിൽ തുടങ്ങുന്ന പേരുകളായിരുന്നു.

“പോത്തുണ്ടി ഡാം” തിരികെ വരുമ്പോൾ കാണാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വനം വകുപ്പുകാർ ഞങ്ങളുടെ കാറിന്റെ നമ്പർ കുറിച്ചു വച്ചു. “ഇന്ന് നെല്ലിയാംപതിയിൽ തങ്ങുന്നുണ്ടോ ” ചോദിച്ചു. ഇല്ലെന്ന് മറുപടി കൊടുത്തപ്പോൾ വൈകുന്നേരം 3 മണിയ്ക്കു മുമ്പ് തിരികെയെത്തണമെന്ന നിർദ്ദേശമുണ്ടായി. മൂന്ന് മണിയ്ക്കു ശേഷം വനത്തിനുള്ളിലേയ്ക്ക് ആർക്കും പ്രവേശനമില്ല. അങ്ങനെ ഞങ്ങൾ വനത്തിനുള്ളിലെ യാത്രയാരംഭിച്ചു. കാനനപാതയുടെ ഇരുവശത്തും മാമരങ്ങളും വള്ളി പടർപ്പുകളും കുറ്റിച്ചെടികളും പുൽച്ചെടികളും പൂച്ചെടികളും ചേർന്ന നിത്യ ഹരിതമായ നിബിഡ വനം. സഹൃപർവ്വതത്തിലേയ്ക്കാണ് ഞങ്ങൾ കയറുന്നത് . മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്താലേ നെല്ലിയാമ്പതിയിലെത്തുകയുള്ളൂ. അര കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്ററിലധികം ഉയരമുള്ള മാമലകളാണ് കേരളത്തിന്റെ കിഴക്കൻ അതിരിടുന്ന സഹ്യപർവ്വതത്തിന്റെ ഈ ഭാഗത്തുള്ളത്. ഞങ്ങൾ വനത്തിനുള്ളിലൂടെയുള്ള യാത്രയാരംഭിച്ചപ്പോൾ മറ്റു വാഹനങ്ങളേയോ കാൽനടയാത്രക്കാരേയോ കാണാനുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ തിരികെ വരുന്ന ഒറ്റപ്പെട്ട വാഹനങ്ങളെ ഇടയ്ക്കിടെ കാണാനായി.

ഏതാനും ഹെയർപിൻ വളവുകൾ കയറി കഴിഞ്ഞപ്പോൾ ദൂരെ കാണുന്ന മലകളുടേയും താഴെ പോത്തുണ്ടി ഡാമിന്റേയും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ ഹെയർപിൻ വളവിന്റെ വീതിയേറിയ ഭാഗത്ത് വണ്ടി നിർത്തി. മുൻ ദിവസങ്ങളിലെ യാത്രക്കാർ വണ്ടി നിർത്തി ഭക്ഷണം കഴിച്ചതിന്റേയും പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും താഴേയ്ക്ക് വലിച്ചെറിഞ്ഞതിന്റേയും അവശേഷിപ്പുകൾ അവിടെ കാണാമായിരുന്നു. പോത്തുണ്ടി ഡാമിലെ ജലത്തിന്റെ ഗാഢതയാർന്ന നീലിമയും ദൂരെ കാണുന്ന കുന്നുകളുടെ പകുതിക്ക് താഴെയുള്ള മാമരങ്ങളും പകുതിക്ക് മുകളിലേയ്ക്ക് എന്നോ ഒലിച്ചു പോയ മേൽമണ്ണിന്റെ ചുവന്ന അവശേഷിപ്പുകളും ഇടയ്ക്കിടെ തെളിഞ്ഞു കാണുന്ന പാറയും അല്പം പൊക്കം കുറഞ്ഞ രണ്ട് മലകൾക്കിടയിലെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞും മാമലകളെ തഴുകി നിൽക്കുന്ന ഗാഢത കുറഞ്ഞ ആകാശനീലിമയും ഞങ്ങൾ മൊബൈലിൽ പകർത്തി. ഞങ്ങൾക്കൊരു കാര്യം വ്യക്തമായത് ആഗ്നേയശിലയാണ് ഈ മാമലകളുടെ അടിത്തറയെന്നാണ്. ചെങ്കുത്തായ മാമലയിലെ മേൽമണ്ണ് വേരുപടലങ്ങൾ കൊണ്ട് തടുത്തു നിർത്തി ആവുന്നത്ര സംരക്ഷിയ്ക്കാൻ മാമരങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവിടെ കാഴ്ചകൾ കണ്ട് കുറച്ചുനേരം ഞങ്ങൾ നിന്നപ്പോൾ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഇരു ചക്ര വാഹനങ്ങളും ജീപ്പുകളും വാനുകളും കാറുകളും ഞങ്ങളെ കടന്നുപോയി. ചിലർ ഞങ്ങളെ കണ്ടെന്നവണ്ണം വാഹനം നിർത്തി കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഞങ്ങൾ കാറിൽ കയറി യാത്ര തുടർന്നു.

കൊടും വനത്തിനുള്ളിൽ ചെങ്കുത്തായ ചരിവുകളിൽ മലകളെയും പാറകളെയും കീറി മുറിച്ച് ഹെയർപിൻ വളവുകളടങ്ങിയ റോഡു നിർമ്മിച്ച ആദ്യ കാല വ്യക്തികളെ മനസ്സിൽ നമിച്ചു പോയി. എന്തു മാത്രം കഷ്ടപ്പാടുകൾ അവർ അനുഭവിച്ചിരിയ്ക്കണം. പോകുന്നവഴിയിൽ ഇരുഭാഗത്തും വാനരന്മാരെ കാണാമായിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ചിരിയ്ക്കുന്നവ, കുഞ്ഞിന് പേൻ കൊന്നു കൊടുക്കുന്നവ , വഴിയരികിലെ തിട്ടമേലും മറ്റും ഒറ്റപ്പെട്ടിരിയ്ക്കുന്നവ , മരങ്ങൾ കുലുക്കുന്നവ , മുഖം നല്ല റോസ് നിറമുള്ളവ അങ്ങനെ ധാരാളം കുരങ്ങന്മാർ, ചില വളവുകളിൽ ആനയിറങ്ങാൻ സാധ്യതയുള്ള സ്ഥലമാണെന്ന് ബോർഡ് വച്ചിരുന്നു. അവിടവിടെയായി ചെറുനീർച്ചാലുകളും ചെങ്കുത്തായ പാറകളിലൂടെ മഴക്കാലത്ത് മഴ വെള്ളം വെള്ളച്ചാട്ടം തീർത്തതിന്റേയും അവശേഷിപ്പുകൾ കാണാമായിരുന്നു. മലമുകളിൽ നിന്നും അരിച്ചിറങ്ങുന്ന വെള്ളവും റോഡിനിരുഭാഗത്തുമുള്ള വൃക്ഷങ്ങളുടെ ശീതളഛായയും മല കയറുന്ന യാത്രയിലുടനീളം ഉണ്ടായിരുന്നതിനാൽ പകലോന്റെ ചൂടറിഞ്ഞതേയില്ല. മുന്നിലുള്ള ഏക വഴിയിലൂടെ മാമലയുടെ നെറുകയിലെത്തിക്കഴിഞ്ഞു എന്നു തോന്നിയപ്പോൾ ചുറ്റും ഇടയ്ക്കിടെയുള്ള മരങ്ങളും വള്ളിക്കാടും കുറ്റിച്ചെടികളും മാത്രം. വഴിയാണെങ്കിലോ മറുവശത്തേയ്ക്ക് മലയിറങ്ങുന്ന രീതിയിൽ , ഫോണിന് റേഞ്ചില്ല. അവിടെങ്ങും ജനവാസത്തിന്റെ യാതൊരു ലാഞ്ചനയുമില്ല.

മുന്നിൽ കണ്ട വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒരു കുന്നിന്റെ നെറുകയിൽ നിന്നുമിറങ്ങി അല്പം സഞ്ചരിച്ച ശേഷം അടുത്ത കുന്നിന്റെ നെറുകയിലേയ്ക്കുള്ള കയറ്റം. അങ്ങനെ കുന്നിൻ മുകളിൽ നിന്ന് കുന്നിൻ മുകളിലേയ്ക്കുള്ള യാത്രയാണ് പിന്നീട് നടക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ചില ഭാഗത്ത് റബർ തോട്ടങ്ങളും അടയ്ക്കാ തോട്ടങ്ങളും കാണാമായിരുന്നു. ജനവാസ കേന്ദ്രത്തോടടുത്തു എന്ന് ഞങ്ങൾക്ക് തോന്നലുണ്ടായി. വഴി രണ്ടായി പിരിയുന്ന മുക്കിലെത്തിയപ്പോൾ ഒന്നുരണ്ട് കടകളും വഴിയോരത്തെ താത്ക്കാലിക ചായക്കടകളും കാണാമായിരുന്നു. ഇടതു വശത്തെ കടയുടെ മുന്നിൽ നിന്നയാളോട് ഞങ്ങൾ വഴി ചോദിച്ചു. ഇടത്തോട്ട് പോയാൽ സീതാർകുണ്ടിലെത്താമെന്നും വലത്തോട്ട് പോയാൽ നൂറടി തുക്കുപാലം, കേശവൻ പാറ എന്നിവിടങ്ങളിലെത്താമെന്നും മറുപടി കിട്ടി. ആ മുക്കിൽ നിന്നും ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു. വലതുവശത്തായി നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസ് , പ്രാഥമിക ആരോഗ്യ കേന്ദ്രം, കാനറാ ബാങ്കിന്റെ ഒരു ശാഖ എന്നിവ കാണാമായിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകളും. ആ വഴി ഞങ്ങൾ യാത്ര തുടർന്നു. ഒരു ഭാഗത്തെത്തിയപ്പോൾ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരിയ്ക്കുന്നു.

ഞങ്ങൾക്ക് മുന്നേ തന്നെ സഞ്ചാരികളേയും വഹിച്ചെത്തിയവ. ഇത്രയും പേർ ഇവിടെ എത്തിയോയെന്ന് ഞങ്ങൾ അതിശയിച്ചു പോയി. വഴിയുടെ ഇടതു ഭാഗത്തെല്ലാം നല്ല പച്ചപ്പാർന്ന തേയില തോട്ടങ്ങൾ. AVT യുടെ തേയില തോട്ടവും ഫാക്ടറിയും അവിടെ കണ്ടു. ആ മുക്കിലെ ഒരു കടയിൽ നിന്നും ചായ കുടിച്ചു. ഞങ്ങൾ റോഡിന്റെ വലതു ഭാഗത്തെ ചെറിയ അമ്പലത്തിന് മുകളിലുള്ള നടപ്പാതയിലേയ്ക്ക് കയറി. ആ പാത വനത്തിന്റെ ഭാഗമാണ് . അതിലൂടെ നടന്ന് കേശവൻ പാറയിലെത്തി. അതിന് മുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള കുന്നുകളും കുന്നിൻ ചരിവിലുള്ള തോട്ടങ്ങളും കാണാം. ധാരാളം സഞ്ചാരികൾ അവിടേയ്ക്ക് . അല്പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ തിരികെ വന്ന് കാറിൽ കയറി. ഞങ്ങൾ ആദ്യം വഴി ചോദിച്ച മുക്കിലെത്തി. പിന്നെ അടുത്ത വഴിയിലൂടെ യാത്ര തുടർന്നു. ആ വഴിയ്ക്ക് മുമ്പേയെത്തിയ കെ എസ് ആർ ടി സി ബസ്സുകൾ കണ്ടു. എല്ലാ ഓർഡിനറി ബസ്സുകൾ പാലക്കാട് നിന്നും എത്തിയവ. മുന്നോട്ട് സഞ്ചരിച്ച് ഞങ്ങൾ അടുത്ത മുക്കിലെത്തി. പോകുന്ന വഴിയ്ക്ക് ചില റിസോർട്ടുകൾ ഉണ്ടെന്ന് മനസ്സിലായി. കെ എസ് ആർ ടി സിയിലെ സഞ്ചാരികൾക്ക് അവിടെയാണ് ഭക്ഷണം ഒരുക്കിയിരിയ്ക്കുന്നത്.

ഞങ്ങളെത്തിയ മുക്കിലായിരുന്നു സർക്കാർ വക ഓറഞ്ച് – വെജ് തോട്ടം . അതിനകത്ത് നല്ല ഭംഗിയിൽ വെട്ടിയൊരുക്കിയ ചെടികളും ചെടികളുടെ നഴ്സറിയും പോളി ഹൗസുകളും ഓറഞ്ച് മരങ്ങളും ഏറുമാടങ്ങളും പച്ചക്കറി കൃഷിയും ഉദ്യാനവും ആമ്പൽ പൊയ്കയും കണ്ടു. എല്ലാം മനം മയക്കുന്ന കാഴ്ചകൾ തന്നെ. ഇടവിട്ട് വീശുന്ന കുളിർ കാറ്റാസ്വദിച്ച് ഞങ്ങൾ നടന്നു. ഫാം കണ്ടു കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി . മുന്നോട്ട് പോയപ്പോൾ ധാരാളം കടകൾ . സഞ്ചാരികൾക്ക് വാങ്ങിക്കൊണ്ട് പോകാൻ പാകത്തിലുള്ള തദ്ദേശ ഉത്പന്നങ്ങളാണ് പലതിലും. ഒരു കടക്കാരനോട് ഞങ്ങൾ വഴി ചോദിച്ചു. ആ വഴി അഞ്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ സീതാർകുണ്ടിലെത്താം. അവിടെ ഒരു “വ്യൂ പോയിന്റ്” ഉണ്ട്. അങ്ങനെ ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടർന്നു. ഇരുവശത്തും കൽപന്തലിട്ട് പടർത്തിയിരിയ്ക്കുന്ന ഫാഷൻ ഫ്രൂട്ട് തോട്ടങ്ങൾ കടന്ന് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കടന്ന് പോകുന്ന വഴിയിലൂടെ സീതാർകുണ്ടിലെ പോബ്സ് എസ്റ്റേറ്റിലെത്തി. അവിടെ പ്രവേശനകവാടത്തിൽ പേരും ഫോൺ നമ്പറും നൽകി വീണ്ടും മുന്നോട്ട് . ഇരുവശത്തും കാപ്പിത്തോട്ടങ്ങൾ . പല വർണ്ണത്തിൽ കാപ്പി കുലകൾ : പാകമായവയും ആകാത്തവയും. കുറേ മുന്നോട്ട് പോയപ്പോൾ കാപ്പിത്തോട്ടത്തിനുള്ളിൽ നിന്ന് ഒരു മാൻപേട എത്തി നോക്കി. കാർ നിർത്തി ഫോട്ടോയെടുക്കാൻ ഞാൻ മൊബൈലെടുത്തപ്പോഴേയ്ക്കും അവൾ ഉൾവലിഞ്ഞു.

വനവാസക്കാലത്ത് സീതയും രാമ ലക്ഷ്മണന്മാരും വിശ്രമിച്ചെന്ന് കരുതപ്പെടുന്ന സീതാർകുണ്ടിൽ ഞാൻ കണ്ട മാൻപേട , സീതാപഹരണ കഥ ഓർമ്മിപ്പിച്ചു. മാരീചന്റെ മായയിൽ വന്ന ഒരു മാനിനെ പിടിയ്ക്കാൻ ശ്രീരാമനെ സീത പറഞ്ഞയച്ചതിനെ തുടർന്നാണല്ലോ രാവണൻ സീതയെ പുഷ്പക വിമാനത്തിൽ അപഹരിച്ചു കൊണ്ടുപോയത്. ഞങ്ങൾ മുന്നോട്ട് പോയപ്പോൾ kSRTC ബസും ഏതാനും കാറുകളും വലതു വശത്ത് നിൽക്കുന്നത് കണ്ടു. അതൊരല്പം താഴ്ചയുള്ള സ്ഥലമാണ്. ഇടത് വഴിയിലൂടെ മുന്നോട്ട് പോകണം. വലതു വഴിയിലൂടെ തിരികെയെത്തണം എന്ന് ഞങ്ങൾക്ക് മനസ്സിലായി. അവിടെ അങ്ങിങ്ങ് കാലികൾ മേയുന്നത് കാണാമായിരുന്നു. ഞങ്ങൾ ഇടതു വശത്തുകൂടി മല കയറി കാപ്പിത്തോട്ടം കഴിഞ്ഞ് തേയില തോട്ടത്തിലെത്തി. ഇടതു വശത്ത് സ്പ്രിംഗ്ളറുകൾ ഉപയോഗിച്ച് തേയില തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു. അവിടെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾക്ക് മുന്നേയെത്തിയ വലുതും ചെറുതുമായ ധാരാളം വാഹനങ്ങൾ ധാരാളം സഞ്ചാരികൾ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപത് രൂപ കൊടുത്ത് വാഹനം പാർക്ക് ചെയ്തു. പോബ്സിന്റെ തേയില കാപ്പി ഉത്പന്നങ്ങളും ഐസ്ക്രീമും ഭക്ഷണസാധനങ്ങളും അവിടെയുണ്ടായിരുന്നു. ഞങ്ങൾ നേരെ വ്യൂ പോയിന്റിലെത്തി. അവിടെ ഒരു നെല്ലി മരം ഞങ്ങൾ കണ്ടു. അഗാധമായ താഴ്ചയിൽ വീടുകൾ കെട്ടിടങ്ങൾ വയലുകൾ മരങ്ങൾ പാതകൾ എല്ലാം കാണാം വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കിയാലെന്ന പോലെ കാണാം. തിരികെ പാർക്കിംഗ് സ്ഥലത്തെത്തിയപ്പോൾ സമയം ഒരു മണി . കാറിലിരുന്നു തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞ് കൈകഴുകി കാറിൽ കയറിയപ്പോൾ കണ്ട കാഴ്ച ഏതോ രക്ഷിതാക്കൾ ഒരു കുട്ടിയ്ക്ക് വാങ്ങി കൊടുത്ത ഐസ് ക്രീം ഒരു കുരങ്ങൻ കൈക്കലാക്കി. ചിലർ അതിന്റെ ഫോട്ടോയെടുത്തു. മറുവഴിയിലൂടെ ഞങ്ങൾ പാർക്കിംഗ് സ്ഥലത്തു നിന്നും മലയിറങ്ങി. എട്ടോളം റിസോർട്ടുകളും തോട്ടങ്ങളോടനുബന്ധിച്ച് സഞ്ചാരികൾക്ക് താമസിയ്ക്കാനുള്ള സൗകര്യങ്ങളും നെല്ലിയാമ്പതിയിലുണ്ട്. ആകെ പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയേ അവിടുള്ളൂ.

17 ഡിഗ്രി സെൽഷ്യസ് ചൂടും മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗതയിൽ വീശുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രത്യേകതയാണ്. പത്തോളം ഹെയർപിൻ വളവുകൾ താണ്ടിയാണ് നെല്ലിയാമ്പതിയിൽ എത്തേണ്ടത്. രണ്ടേ കാലോടു കൂടി ഞങ്ങൾ മലയടിവാരത്തെത്തി. വനം വകുപ്പുകാർ ഞങ്ങളുടെ വാഹനം തിരിച്ചെത്തിയ വിവരം കുറിച്ചു . പിന്നെ ഞങ്ങൾ പോത്തുണ്ടി ഡാം കാണാനെത്തി. ഒരാൾക്ക് 20 രൂപ ടിക്കറ്റെടുത്ത് ഉദ്യാനത്തിൽ കയറി വിശ്രമിച്ചു. കുറേ കഴിഞ്ഞപ്പോൾ ഫിഗ് തേൻ എന്നിവ ചേർന്ന ഐസ്ക്രീം വാങ്ങി കഴിച്ചു. ഉദ്യാനം ചുറ്റി നടന്ന് കണ്ട് വെയിലാറിയപ്പോൾ ഡാമിന് മുകളിലേയ്ക്ക് കയറി. കയറുന്ന പടവുകൾക്കിരുവശവും ആടുകൾ മേയുന്നുണ്ടായിരുന്നു. അവർ എത്ര നിസ്സാരമായാണ് ആ ചരിവ് കയറുന്നത്. പടവുകൾ കയറുന്നതിനിടയിൽ ഒരു കൊച്ചു മിടുക്കൻ പറയുന്നത് കേട്ടു: നാൽപത്തഞ്ച് ഡിഗ്രി സ്ലോപ്പാണ് ഡാമുമായി ആ പടവുകൾ തീർക്കുന്നതെന്ന്.

ഞങ്ങൾ ഡാമിന് മുകളിൽ നിന്ന് ജലാശയം കണ്ടു. അവിടെ അടയാളപ്പെടുത്തിയിരിയ്ക്കുന്നതനുസരിച്ച് 355 അടിയോളം ജലം കയറിക്കിടന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാണ്ട് പത്ത് മാമലകൾ റിസർവോയറിന് അതിരുകൾ തീർക്കുന്നുണ്ട്. ഒരു ഭാഗത്ത് ഡാമിന്റെ ഭിത്തിയും . കുറേ സമയം ഡാമിന് മുകളിൽ ചില വഴിച്ച് ഞങ്ങൾ തിരികെ പോന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.