ഡോ. ഐഷ വി

കേരളീയ പാരമ്പര്യത്തിൻ്റേയും സംസ്കാരത്തിൻ്റേയും പ്രതീകമായ, തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന വൈലാപ്പള്ളി സംസ്കൃതി ഭവനിൽ ഭാരതീയ നൃത്ത വൈവിധ്യങ്ങളെ അണിനിരത്തുന്ന നൃത്തോത്സവത്തിന് ഫെബ്രുവരി 12 ന് പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു. രാജ്യത്തെ മുപ്പതോളം വരുന്ന പ്രമുഖ നൃത്തകികൾ മാസങ്ങളോളം നീണ്ട പരിശീലനങ്ങൾക്കു ശേഷം കലാവിരുന്നൊരുക്കുന്ന കലാസന്ധ്യകളാണ് ഫെബ്രുവരി 12 മുതൽ 18 വരെ തിരുവനന്തപുരത്തെ വൈലോപ്പള്ളി സംസകൃതി ഭവനിൽ അരങ്ങേറുന്നത്. കഥക്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡിസ്സി, സത്രിയ തുടങ്ങിയ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ പ്രമുഖ നർത്തകിമാരുടെ ചടുല, ഭാവ , ലാസ്യ, താളങ്ങളിലൂടെയുള്ള അവതരണത്തിലൂടെ കാണികളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്.

ഭാരതീയ പൗരാണിക കഥകളെ പ്രമേയമാക്കിയിട്ടുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ പുരുഷവും, സ്ത്രൈണതയും, ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ശാസ്ത്രീയ നൃത്തരൂപങ്ങളിലൂടെ കേരളീയ വാസ്തു ശാസ്ത്ര നിർമ്മിതി രീതിയിൽ പണിതിട്ടുള്ള മനോഹരമായ കൂത്തമ്പലത്തിൽ അരങ്ങേറുകയാണ്. കൂത്തമ്പലത്തിനുമുണ്ട് നയനാനന്ദ കാഴ്ചകൾ ഒരുക്കുന്ന ചില പ്രത്യേകതകൾ. അതിലൊന്ന് സ്റ്റേജിൻ്റെ ഇരുവശവും ഒരുക്കിയിരിക്കുന്ന മിഴാവുകളാണ്. , പൗരാണികതയോടൊപ്പം പുതിയ എൽ ഇ ഡി ഡിസ്പ്ലേ ടെക്നോളജിയും അരങ്ങിൽ ഒരുക്കിയിട്ടുണ്ട്.

നർത്തകികളുടെ പേരും നൃത്ത രൂപവും ബാക്ക് ഗ്രൗണ്ട് ചിത്രങ്ങളും മാറി മാറി വരുന്നതിനാൽ ഒട്ടുമേ വിരസതയനുഭവപ്പെടാത്ത ഒരു മായികലോകത്തേക്ക് ഓരോ 45 മിനിട്ടിലും മാറി മാറി വരുന്ന നർത്തകികൾ കാഴ്ചക്കാരെ കൊണ്ടുപോകും. വളരെ ആതിഥ്യമര്യാദകളിലൂടെയാണ് അവിടത്തെ സ്റ്റാഫ് കാണികളെ ക്ഷണിച്ചിരുത്തുക. മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷിൻ്റേയും വൈസ് ചെയർമാൻ ശ്രീ ജി എസ് പ്രദീപിൻ്റേയും നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള ധാരാളം പൗര പ്രമുഖർ ഓരോ കലാ സന്ധ്യകളിലും അവിടെ എത്തിച്ചേരുന്നു. നർത്തകിമാരുടെ കട്ടൗട്ടുകൾ അലങ്കരിക്കുന്ന മുറ്റവും പ്രവേശന കവാടവും രണ്ട് ഏക്കറോളം വരുന്ന സ്ഥലവും വളരെ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയവും ആറായിരത്തിലധികം മലയാളപുസ്തകങ്ങളുള്ള ലൈബ്രറിയും വൈലോപ്പള്ളി സംസ്കൃതി ഭവൻ്റെ പ്രത്യേകതകളാണ്. സൗജന്യമായി പ്രവേശിക്കാം. സൗജന്യമായി ലഘുഭക്ഷണങ്ങളും ലഭ്യമാക്കുന്നുണ്ട് എന്നതും സാംസ്കാര്യ വകുപ്പിൻ്റെ കീഴിലുള്ള ഈ സ്ഥപനത്തിൻ്റെ പ്രത്യേകതകളാണ്.

ഫെബ്രുവരി 15-ാം തീയതി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികളും മലയാളം അധ്യാപിക ഷിനി ഷാജിയും അവിടെയെത്തി മെമ്പർ സെകട്ടറി ശ്രീ മനേക്ഷിൻ്റെ ആതിഥ്യമര്യാദകൾ സ്വീകരിച്ച് അവിടെ താമസിച്ച് നൃത്തങ്ങൾ ആസ്വദിച്ച് പിറ്റേന്നാണ് മടങ്ങിയത്. നർത്തകിമാർക്ക് മെമൻ്റോ നൽകാനായി അധ്യാപികയേയും വിദ്യാർത്ഥികളേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതിലൂടെ അവരും ആദരിക്കപ്പെടുകയായിരുന്നു. ഫെബ്രുവരി 16 ന് ഞാനും കുടുംബവും പ്രമുഖ ചിത്രകാരി ശ്രീമതി സിന്ധു അരുവിപ്പുറത്തിനൊപ്പം അവിടെ എത്തി പരിപാടികൾ കണ്ടു. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷ് അലങ്കരിച്ച നടരാജ വിഗ്രഹത്തിന് മുന്നിൽ വച്ച നിലവിളക്കിൽ ഭദ്രദീപം കൊളുത്തി നൃത്ത പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു എനിക്കും ഭർത്താവ് ശ്യാംലാലിനും നർത്തകിമാർക്ക് മെമൻ്റോ നൽകാൻ അവസരം ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ദർശകർക്കു വേണ്ടി നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വൈലോപ്പള്ളി സംസ്കൃതി ഭവനെന്ന ഈ സ്ഥാപനത്തിൽ നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്.

 

ഡോ.ഐഷ . വി.

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..