ഡോ. ഐഷ വി

കാലം 1976. നാലാം ക്ലാസ്സുകാരിയായ ഞാനും ഒന്നാം ക്ലാസ്സുകാരനായ അനുജനും സ്കൂൾ യുവജനോത്സവ പരിപാടികൾ കാണാനായി മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് കമലാക്ഷിയുമുണ്ട്. വൈകുന്നേരം വരെ ഞങ്ങൾ പരിപാടികൾ ആസ്വദിച്ചു കണ്ടു. സമയത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാലാകണം ഏകദേശം നാലു മണി കഴിഞ്ഞപ്പോൾ കമലാക്ഷി വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി ആരോഗ്യമന്ത്രി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ എനിക്ക് മന്ത്രിയെ തൊട്ടടുത്ത് കാണാൻ ഒരു മോഹം . അതുകൊണ്ടു കൂടിയാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചത്. ഞാൻ മന്ത്രിയെ കണ്ടിട്ടേ വരുന്നൂള്ളൂ. കമലാക്ഷി പൊയ്ക്കോ, എന്നു പറഞ്ഞു. കമലാക്ഷി പോവുകയും ചെയ്തു. കുറേ സമയം കഴിഞ്ഞു. സമ്മേളനം ഗംഭീരമായി നടന്നു. എല്ലാവരും പിരിഞ്ഞു പോയി.

ഞാൻ അനുജനേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. നല്ല കോരിച്ചൊരിയുന്ന മഴ . കുറ്റാകുറ്റിരുട്ട്. പാതി വഴിയെത്തിക്കാണും . അനുജൻ പിന്നെ നടക്കാൻ കൂട്ടാക്കിയില്ല. ഞാൻ അവനേയും എടുത്തു. ഭാരം കാരണം ബാഗും കുടയും നേരെ പിടിയ്ക്കാൻ പററുമായിരുന്നില്ല. ആകെ നനഞ്ഞൊലിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം രാത്രി എട്ടുമണി. അച്ഛൻ കോഴിക്കോട്ട് ഔദ്യോഗികാവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു. അമ്മ കുഞ്ഞനുജത്തിയുമായി ദേവയാനി ചേച്ചിയുടെ വീട്ടിൽ പോയി വിവരം പറഞ്ഞതിനാൽ അന്ന് അവരുടെ വീട്ടിൽ അല്പം താമസിച്ചെത്തിയ ഭാസ്കരൻ മാമൻ ഞങ്ങളെ അന്വേഷിച്ചിറങ്ങുന്ന നേരത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത്. ചെന്നപാടെ അമ്മയുടെ ആധിയും വിഷമവുമൊക്കെ എന്റെ ചെവിയ്ക്ക് പിടിച്ച് തിരുകലും അടിയുമൊക്കെയായി മാറി. പിന്നീടേ അമ്മ ഞങ്ങളുടെ രണ്ടു പേരുടേയും തല തുവർത്തി തന്നുള്ളൂ. പിറ്റേന്ന് അച്ഛനെത്തിയപ്പോൾ അമ്മ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. വീട്ടിൽ പറയാതെ അത്രയും നേരം വൈകി നിൽക്കരുതായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അച്ഛൻ വച്ചു നീട്ടിയ കോഴിക്കോടൻ ഹൽവയുടെ മധുരത്തിൽ എനിയ്ക്കടി കൊണ്ട വേദന അലിഞ്ഞില്ലാതായി.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ