ഡോ. ഐഷ വി
ഞാൻ ജനിക്കുന്നതിന്റെ തലേ ദിവസം അമ്മ അഡ്മിറ്റായിരുന്ന കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ എത്തിയ കല്ലടയിലെ ഗംഗാധരൻ വല്യച്ഛൻ അമ്മയുടെ വയറ് നോട്ടം കൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് തെല്ലവജ്ഞയോടെ അച്ഛനോട് പറഞ്ഞു: ” പ്രജ പെണ്ണു തന്നെ”. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. പെണ്ണായാലെന്താ കുഴപ്പം? പെണ്ണായാലും ആണായാലും നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തും. വിവാഹം കഴിഞ്ഞ് 3 വർഷത്തിലധികം കുട്ടികൾ ആകാതിരുന്ന എന്റെ മാതാപിതാക്കൾക്ക് ഞാൻ ” പ്രഷ്യസ് ബേബി” ആയിരുന്നു. ഏതായാലും ഗംഗാധരൻ വല്യച്ഛന്റെ നിഗമനം ശരിയായിരുന്നു. പ്രജ പെണ്ണു തന്നെ. ഒരു പക്ഷെ ജനിക്കുന്നതിന്റെ തലേ ദിവസം തന്നെ പെണ്ണെന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതു കൊണ്ടാകാം സ്ത്രീകൾക്ക് അവരർഹിയ്ക്കുന്ന പരിഗണന എല്ലായിടത്തും ലഭിയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.
പല കാര്യങ്ങളും കുടുംബത്തിനകത്തും പുറത്തും മുൻകൈ എടുത്ത് ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കായികശേഷിയിലും ശാരീരിക രൂപ കല്പനയിലും പുരുഷൻമാരും സ്ത്രീകളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ വ്യക്തി എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന തുല്യ പരിഗണന എല്ലായിടത്തും ലഭിക്കേണ്ടതാണ്. ഒരു പക്ഷേ വളർന്നു വന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി മാറി സ്ത്രീയുടെയും പുരുഷന്റേയും മനസ്സിൽ രൂഡമൂലമായിപ്പോയ ചില വിശ്വാസങ്ങൾ മൂലം സ്ത്രീയെയും പുരുഷനേയും തുലനം ചെയ്യാൻ പലരുടേയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലനങ്ങൾക്കും കാരണമാകുന്നത്.
സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണം. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയും വരുമാനവുമൊക്കെ സ്ത്രീയെ അവരർഹിക്കുന്ന പരിഗണന സമൂഹത്തിൽ നേടിയെടുക്കാൻ പ്രാപ്തയാക്കും. 2017 -18 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ 13 പഞ്ചായത്തുകളെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കാൻ തീരുമാനിച്ചു. അതിലൊന്ന് ചിറക്കര പഞ്ചായത്തായിരുന്നു. ചിറക്കര പഞ്ചായത്തിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രസാദ് സർ എന്നെ കാണാൻ വന്നു. അങ്ങനെ ഞാനും ആ യത്നത്തിൽ പങ്കാളിയായി. പഞ്ചായത്തിന്റെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ജന്റർ റിസോഴ്സ് പേഴ്സൻ , മുലയൂട്ടുന്ന അമ്മമാർ പഞ്ചായത്തിലെത്തിയാൽ പ്രത്യേക മുറി , ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് അങ്ങനെ പടിപടിയായി പഞ്ചായത്തിലെ സൗകര്യങ്ങൾ വർദ്ധിച്ച് വന്നു. അതിനായുള്ള പല മീറ്റിംഗുകളിലും രാജശേഖരൻ സർ ഇങ്ങനെ ഒരഭിപ്രായം പറയുമായിരുന്നു. ഈ പഞ്ചായത്തിലെ എല്ലാ സ്ത്രീകളും ഒരു വാഹനമെങ്കിലും ഓടിക്കാൻ പഠിയ്ക്കണമെന്ന്. അപ്പോൾ പുരുഷനെ ആശ്രയിക്കാതെ പല കാര്യങ്ങളും സ്വയംചെയ്യാൻ സാധിക്കുമെന്ന്.
കുടുംബശ്രീ സാധാരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിൽ വഹിച്ച പങ്ക് ചില്ലറയല്ല.
കുടുംബശ്രീയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ധാരാളമാണ്. അതിനാൽ തന്നെ ചിലവിനുള്ള കാശ് കണ്ടെത്താൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ ഉത്പാദന ക്ഷമത കൂട്ടുന്നവയായാൽ സ്ത്രീകൾക്ക് കുറച്ചു കൂടി സാമ്പത്തിക ഭദ്രത വന്നു ചേരും. 1990 കളുടെ തുടക്കം മുതൽ പല നാട്ടിലേയും വീട്ടമ്മമാരായ സ്ത്രീകൾ ആരാധനാലയങ്ങളിലേയ്ക്കും മറ്റു വിശേഷപ്പെട്ട സ്ഥലങ്ങളിലേയ്ക്കും ടൂർ പോകുന്നത് പതിവായി. ടൂറിസ്റ്റ് ബസുകാർ , ലോഡ്ജുകാർ, ആരാധനാലയങ്ങൾ എന്നിവർക്കാണ് സ്ത്രീകളുടെ വരുമാനത്തിന്റെ നല്ലപങ്കും ലഭിച്ചത്. ഇതിനൊരു മറുവശം കൂടിയുണ്ട്. അതിന് മുമ്പുള്ള കാലഘട്ടത്തിൽ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന സ്ത്രീകളാണ് കുടുംബശ്രീയിലൂടെയും മറ്റും അല്പം വരുമാനം കൈവന്നപ്പോൾ സ്വരുകൂട്ടിയ കാശുപയോഗിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി യാത്ര പോയത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ഈ യാത്രകളിലൂടെ അവർക്ക് അവസരം ലഭിച്ചിരിക്കണം. ധാരാളം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കുടുംബശ്രീയിലൂടെയും മറ്റും അവർക്ക് അവസരം ലഭിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന വിജയമ്മയും ഇടയ്ക്ക് ടൂർ പോകാനായി മുങ്ങും. ധാരാളം സ്ഥലങ്ങൾ അവർ ആ യാത്രകളിലൂടെ കണ്ടിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിലെ ഉന്നതരെന്നോ നല്ല കുലസ്ത്രീകൾ എന്നോ സ്വയം കരുതി പോരുന്ന പല സ്ത്രീകൾക്കും ഈ സാമ്പത്തിക സ്വാതന്ത്ര്യമോ യാത്രാ സ്വാതന്ത്ര്യമോ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ നേടാനായില്ല. അങ്ങനെ ശ്രമിച്ച ഒരു സ്ത്രീയെയും മക്കളെയും ഭർത്താവ് പിന്നീട് വീട്ടിൽ കയറ്റിയതുമില്ല വസ്തുവകകൾ കാലശേഷം പരിചാരകന് കൊടുക്കുകയും ചെയ്തു.
പഴയ ചില തറവാടുകളിൽ കെട്ടിലമ്മമാർ നന്നായി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. കുടുംബ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ചില കുടുംബങ്ങളിൽ പുരുഷന്മാർ ആയിരിക്കും സാമ്പത്തികം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. ഈ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന കുടുംബങ്ങളിലെ വരവ് ചിലവ് ഋണബാധ്യതകൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് ഒരു ബോധ്യമുണ്ടാകില്ല. ഗൃഹനാഥന്റെ പെട്ടെന്നുള്ള വിയോഗ ശേഷമായിരിയ്ക്കും അവർ ഋണ ബാധ്യതകളെ കുറിച്ച് അറിയുക. അതുവരെ ഒന്നും ചെയ്ത് ശീലിച്ചിട്ടില്ലാത്തതിനാൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കാര്യപ്രാപ്തിയും അവർക്കുണ്ടാകണമെന്നില്ല.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply