ഡോ. ഐഷ വി

വൈകുനേരം പ്യൂൺ കാർത്ത്യായനിയമ്മ ബെല്ലടിച്ചു. സ്കൂൾ വിട്ടു. ആ ബെല്ലടി കേട്ടാലുടൻ കുട്ടികളിൽ ചിലർ വീട്ടിലേയ്ക്കോടും ചിലർ ശാസ്താ ക്ഷേത്ര മൈതാനത്ത് കളിക്കാൻ ഒരുങ്ങും. ചിലർ കൂട്ടുകാർ എത്തുന്നതു വരെ കാത്തു നിൽക്കും. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പ് മാധവൻ എന്നു പേരുള്ള ഒരു പ്യൂൺ ആയിരുന്നു. സ്കൂളിൽ ബെല്ലടിച്ചിരുന്നത്. ഇത്തിരി കുടവയറുള്ള അദ്ദേഹം ചുറ്റികയും താങ്ങി ബെല്ലടിക്കാനെത്തുമ്പോഴേയ്ക്കും ചിലർ ആത്മഗതമായും പുറമേയും പറയുമായിരുന്നത്രേ.
” വള്ളം തള്ളി മാധവണ്ണാ
ബെല്ലടി , ബെല്ലടി ബെല്ലടി”. അങ്ങനെ ആ സ്കൂളിലെ പല കഥകളും തലമുറകൾ കൈമാറി പോന്നതാണ്. ചിലപ്പോൾ ഇരട്ട പേരുകൾ വരെ.

കാർത്ത്യായനിയമ്മ ബെല്ലടിക്കുന്ന കാര്യത്തിലൊന്നും കുട്ടികൾക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ കാർത്ത്യായനിയമ്മയുടെ ഭർത്താവ് പരമു എന്നയാളെ കുട്ടികൾ വെറുതെ വിട്ടിരുന്നില്ല. പേരിന് മുന്നിൽ “നക്കി” എന്ന വിശേഷണം കൂടി ചേർത്തായിരുന്നു വിളിച്ചിരുന്നത്. സ്കൂളിൽ ചേരാനുള്ള അപേക്ഷാ ഫോറം, മുതിർന്നവർക്കാവശ്യമായ നാരങ്ങാ വെള്ളം, സോഡ, ബീഡി, തീപ്പെട്ടി, ന്യൂസ് പേപ്പർ, മുറുക്കാൻ മുതലായവയും കുട്ടികൾക്ക് പ്രിയങ്കരമായ നാരങ്ങ മിഠായി , പൊട്ടു കടല, നീലക്കടല, അണു ഗുണ്ടു മിഠായി, ജീരക മിഠായി, പേന , പെൻസിൽ , നോട്ട്ബുക്ക് എന്നിവയും പരമുവിന്റെ കടയിൽ ഉണ്ടായിരുന്നു.

വൈകുന്നേരം സ്കൂൾ വിട്ടാൽ ചില കുട്ടികൾ പരമുവിന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറും. അവർ അഞ്ചോ പത്തോ പൈസ കൊടുക്കുമ്പോൾ കിട്ടുന്ന എള്ളുണ്ട പോലെ കറുത്തുരുണ്ട അണു ഗുണ്ട് മിഠായിയുടേയോ മറ്റ് മിഠായികളുടേയോ എണ്ണം കുട്ടികൾ ഉദ്ദേശിച്ചത്രയും ഇല്ലെങ്കിൽ നേരത്തേ പറഞ്ഞ വിശേഷണം കൂടി ചേർത്ത് പേര് നീട്ടി വിളിച്ച ശേഷം കുട്ടികൾ ഓടുകയായിരുന്നു പതിവ്. അതിൽ പരമുവിന് പരാതിയോ പരിഭവമോ ദ്യേഷ്യമോ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അടുത്ത കുട്ടിക്ക് വേണ്ട സാധനങ്ങൾ കൊടുക്കുന്നതിലായിരിയ്ക്കും പരമുവിന്റെ ശ്രദ്ധ.

അന്ന് ഞാൻ വല്യേച്ചിയോടും കൊച്ചേച്ചിയോടുമൊപ്പം വീട്ടിലേക്ക് തിരിച്ചു. ചിറയുടെ അടുത്ത് എത്താറായപ്പോൾ ശക്തമായ കാറ്റും മഴയും തുടങ്ങി. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥിനി ഓടി വന്ന് എന്റെ കുടയിൽ കയറി. എന്റെ കൈയ്യിൽ നിന്നും കുട വാങ്ങി ആ കുട്ടി പിടിച്ചു. ചുരുക്കത്തിൽ ഒട്ടകത്തിന് തല വയ്ക്കാൻ സ്ഥലം കൊടുത്തപ്പോൾ അറബി ടെന്റിൽ നിന്നും പുറത്തായ അവസ്ഥയിലായി ഞാൻ. ആ കുട്ടി കാറ്റിനെതിരെ കുട പിടിക്കേണ്ടതിന് പകരം കാറ്റിന് അനുകൂലമായി പിടിച്ചു. ശക്തിയായ കാറ്റിൽ കുട സാധാരണ നിവർത്തി വച്ചാൽ എങ്ങിനെയിരിക്കുമോ അതിന്റെ എതിർ ദിശയിലേയ്ക്ക് കുട മലക്കം മറിഞ്ഞു. കുടയുടെ ആകൃതി മറിഞ്ഞപ്പോൾ കുട്ടി സൂത്രത്തിൽ കുട എന്റെ കൈയ്യിൽ തന്നശേഷം മറ്റൊരു കുട്ടിയുടെ കുടക്കീഴിലേയ്ക്ക് മാറി.

കുടനന്നാക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ആ കുടയും പിടിച്ച് നടക്കാൻ എനിയ്ക്കാകെ നാണക്കേടായി. ഗത്യന്തരമില്ലാതെ ഞാനാ കുട പിടിക്കേണ്ടി വന്നു. വല്യേച്ചി എന്നെ വല്യേച്ചിയുടെ കുടയിൽ കയറ്റി. കുട നേരെയാക്കാൻ വല്യേച്ചിയും ശ്രമിച്ചു. നിഷ്ഫലം തന്നെ. വീടെത്തിയപ്പോഴേയ്ക്കും ആ കുട പിടിയ്ക്കുന്നതിലെ നാണക്കേട് മാറിയിരുന്നു. പിന്നീട് അച്ഛൻ വന്നപ്പോൾ എനിക്ക് കുട ശരിയാക്കി തന്നു. ആർച്ച്(ഉസാഗ്) ആകൃതിക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്ന് പഠിപ്പിച്ചു തന്നത് അച്ഛനാണ്. വീശിയടിക്കുന്ന കാറ്റ് കുടയുടെ ഉൾഭാഗത്തേയ്ക്കടി യ്ക്കാൻ ഇടയായാൽ കുടമലക്കം മറിയുമെന്ന് ഞാൻ പഠിച്ചു. കാറ്റിനെതിരേ കുടയുടെ പുറം ഭാഗം വരത്തക്കവിധത്തിൽ പിടിച്ചാൽ ചെറുത്തു നിൽക്കാമെന്നും എനിക്ക് മനസ്സിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.