ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എട്ടുവയസുകാരി ജീവനുവേണ്ടി മല്ലിടുന്നതിനിടയിൽ റാബീസ് ബാധിച്ച് ഒരു ആൺകുട്ടിക്ക് ദാരുണാന്ത്യം. വവ്വാലിന്റെ കടിയേറ്റാണ് രോഗബാധ ഉണ്ടായതെന്നാണ് മെക്‌സിക്കോയിലെ ഒക്‌സാക്കയിലെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറയുന്നത്. നേരത്തെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയും മരണപ്പെട്ട ആൺകുട്ടിയും ഒരേ സ്ഥലത്ത് നിന്നുള്ളവരാണ്.

എട്ട് വയസ്സുള്ള പെൺകുട്ടി ഇപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നിലവിലെ അവസ്ഥ വളരെ മോശമാണെന്നും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്നുമാണ് ആശുപത്രി ഡയറക്ടർ ഡോ. റോസിയോ ഏരിയാസ് ക്രൂസ് പറയുന്നത്. ഈ മാസം ആദ്യമാണ് പെൺകുട്ടിക്ക് വവ്വാലിൽ നിന്നും ആക്രമണം ഉണ്ടാകുന്നത്. എന്നാൽ കടിയേറ്റ ഉടനെ ആശുപത്രിയിൽ കൊണ്ടുവരാൻ ആരും തന്നെ തയ്യാറായില്ല.

പ്രതിരോധ നടപടികളുടെ ഭാഗമായി നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകുന്നതിനായി ഓക്‌സാക്കയിലെ അധികാരികൾ കുട്ടികളുടെ പട്ടണമായ പാലോ ഡി ലിമയിലേക്ക് പോയിരുന്നു.  തലച്ചോറിനെയാണ് റാബീസ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോഴാണ് സാധാരണയായി മനുഷ്യരിലേക്ക് പടരുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.