ഡോ. ഐഷ വി

” ശിറു ദേവീ …. ശിറു ദേവി… ശിറു ദേവിയുണ്ടോ ?” ആരോ ശ്രീദേവി അപ്പച്ചിയെ വിളിക്കുന്നത് കേട്ടുകൊണ്ട് ഞാനാണാദ്യം മുറ്റത്തേയ്ക്കിറങ്ങി നോക്കിയത്. നല്ല വണ്ണവും ഒത്ത ഉയരവുമുള്ള ഒരു സ്ത്രീ മുടിയൊക്കെ നരച്ചിട്ടുണ്ട്. ഞാനവരെ കൗതുകത്തോടെ നോക്കി. അപ്പോഴേയ്ക്കും ശ്രീദേവി അപ്പച്ചി ഇറങ്ങി വന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം അവർ തിരികെ നടന്നപ്പോൾ ഞാൻ ശ്രീദേവി അപ്പച്ചിയോട് ആരാണത് എന്ന് ചോദിച്ചു. ശ്രീദേവി അപ്പച്ചി പറഞ്ഞു . ” കാറ്റ് ഭവാനി” അങ്ങനെ ” കാറ്റ്” എന്ന വിശേഷണം ചേർത്ത പേര് ഞാനാദ്യമായി കേൾക്കുകയായിരുന്നു. ഞാൻ പുറകെ ചെന്ന് അവരെ നോക്കി. അവരുടെ നടത്തത്തിന് വല്യ വേഗതയൊന്നുമില്ലായിരുന്നു. എന്നാൽ അവർ നടക്കുമ്പോൾ അവരുടെ നിതംബ ബിംബങ്ങൾ ഇരുവശത്തും ” ഗ” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ചലിച്ച് താളമിട്ടിരുന്നു. ഏതൊക്കെയോ പറമ്പുകളിൽ നിന്ന് ശേഖരിച്ച ഓലകൾ ഞങ്ങളുടെ കയ്യാലയിൽ ചാരി വച്ചിരുന്നതുമെടുത്തു കൊണ്ടാണ് അവർ പോയത്. അന്ന് വൈകിട്ട് ഞാനും അമ്മയും കൂടി ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയപ്പോൾ ഞാൻ കാറ്റ് ഭവാനിയെ കണ്ട കാര്യം വല്യമ്മച്ചിയോട് പറഞ്ഞു. അപ്പോഴാണ് ശാരദവല്യമ്മച്ചി അമ്മയോടായി പറഞ്ഞത്: കാറ്റ് ഗോപാലൻ മരിച്ചു പോയി. ഒരു മകൻ പ്രൈവറ്റ് ബസ്സിൽ കിളി(ക്ലീനർ) യായി പോകുന്നു. 16008 ഭാര്യമാർ കാണണം. ഒരു മകളുണ്ട്. മകളും കുടുംബവും കാറ്റ് ഭാവാനിയോടൊപ്പമാണ് താമസം.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അച്ഛനും അമ്മയും കൂടി കാറ്റ് ഭവാനിയെ വിളിപ്പിച്ച് ഞങ്ങളുടെ വീട് നിൽക്കുന്ന പറമ്പിലുണ്ടായിരുന്ന കടമുറികളുടെ അകവും പുറവും തുത്തുവാരി കഴുകി വൃത്തിയാക്കിച്ചു. കൈലിയുടെ ഒരു തുമ്പ് ഇടുപ്പിൽ തിരുകി വച്ച് അവർ കടയുടെ പുറം ഭിത്തിയൊക്കെ നന്നായി കഴുകി വൃത്തിയാക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. പിന്നീട് മിക്കവാറും എല്ലാ ദിവസങ്ങളിലുമുള്ള നിരീക്ഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായത് മറ്റുള്ളവർ ഉണർന്ന് ആളില്ലാത്ത പറമ്പുകളിൽ വീഴുന്ന ഓലകൾ പെറുക്കുന്നതിന് മുമ്പ് എത്തി തെങ്ങോലകൾ പെറുക്കി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു അവരെന്ന്.

ഒരിക്കൽ അവർ വീട്ടിലെത്തിയപ്പോൾ ഞാൻ അവരുടെ വീടെവിടെയാണെന്ന് ചോദിച്ചു. അവർ തെക്കേ പൊയ്കയ്ക്കടുത്ത് ഒരു കൊച്ചു വീട്ടിൽ മകളോടും കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞു. മകൻ വല്ലപ്പോഴുമെത്തി ഇവർ അധ്വാനിച്ചുണ്ടാക്കുന്ന കാശൊക്കെ അടിച്ചു മാറ്റി കൊണ്ടുപോവുകയാണ് പതിവ്. മകളും വ്യത്യസ്ഥയല്ല. കാറ്റ് ഭവാനിയെ വച്ച് താരതമ്യം ചെയ്താൽ വളരെ ശോഷിച്ച ശരീരമായിരുന്നു അവരുടെ രണ്ട് മക്കളുടേതും.

അങ്ങനെ ഒരു ദിവസം അവർ ഞങ്ങളുടെ നാട്ടിലെത്തിയ കഥ പറഞ്ഞു. അവരുടെ ജീവിതം ഒരു സിനിമാക്കഥയാക്കാനുള്ള വകയുണ്ട് എന്ന മുഖവുരയോടെയായിരുന്നു തുടക്കം. തിരുവനന്തപുരം ജില്ലയിലെ ” ഞെക്കാട്ടെ” ഒരു സമ്പന്ന തറവാട്ടിൽ ഒറ്റ പുത്രിയായി ജനനം. ആ പ്രദേശത്ത് ജോലിക്കെത്തിയ ചെറുപ്പക്കാരൻ ” കാറ്റ് ഗോപാലനുമായി” പ്രണയം. പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ തറവാട്ടു മഹിമയോ സമ്പത്തോ ഒന്നും നോക്കിയില്ല. കാറ്റ് ഗോപാലന്റെ കൂടെ ഇറങ്ങിപ്പോന്നു. അന്തസ്സും ആഭിജാത്യമുള്ള തറവാട്ടുകാർ “പുകഞ്ഞ കൊള്ളി പുറത്ത്” എന്ന മട്ടിലായിരുന്നു. ഇതറിയാവുന്ന ഭവാനി ജീവിതത്തിൽ പല പ്രതിസന്ധികളുണ്ടായിട്ടും അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് തിരിച്ചു പോയില്ല. കാറ്റ് ഗോപാലനൊപ്പം ഇറങ്ങിത്തിരിച്ചതു കൊണ്ട് ഭവാനിയുടെ പേരിന് മുന്നിൽ “കാറ്റ്” എന്ന വാക്കു കൂടി ചേർന്നു. പലയിടത്ത് താമസിച്ച് ചാത്തന്നൂരിലെത്തിലെത്തിയപ്പോൾ കാറ്റ് ഗോപാലൻ ഒരു കുത്തു കേസിലെ പ്രതിയായി ജയിലിലായി. ഒരാശ്രയവുമില്ലാതെ ഒറ്റപ്പെട്ടു പോയ ഭവാനി , ലക്ഷ്മി അച്ഛാമ്മയുടെ അർദ്ധസഹോദരന്റെ “കാരം കോട്ടെ ” വീട്ടിൽ അഭയം തേടിയെത്തി. അങ്ങനെ അവിടെ തങ്ങുമ്പോഴാണ് ലക്ഷ്മി അച്ഛാമ്മ അവിടെയെത്തിയത്. നെല്ല് കുത്താനും മറ്റും നിനക്കൊരു സഹായമാകുമെന്ന് പറഞ്ഞ് സഹോദരൻ ഭവാനിയെ സഹോദരിയുടെ കൈയ്യിലേൽപ്പിച്ചു.

തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയ്ക്ക് ഒരു സംശയം . ഈ പെണ്ണ് ഗർഭിണിയാണോ എന്നായിരുന്നു അത്. ലക്ഷ്മി അച്ഛാമ്മ തന്റെ ആശങ്ക മറച്ചുവച്ചില്ല. നേരിട്ടങ്ങ് ചോദിച്ചു. പെണ്ണേ നീ ഗർഭിണിയാണോ? ഭവാനി : ” ങ്ങൂഹും”. താൻ .ഗർഭിണിയാണെന്ന് ഭവാനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നിരുന്നിട്ടും അല്ലയെന്ന യർത്ഥത്തിൽ അവർ മൂളി. ഈ ചോദ്യം വീട്ടിലെത്തുന്നതുവരെ ലക്ഷ്മി അച്ഛാമ്മ ആവർത്തിച്ചു. ഭവാനിയുടെ ഉത്തരവും .

ലക്ഷ്മി അച്ഛാമ്മയുടെ ഭർത്താവും ജേഷ്ഠനും കൂടി പങ്കു കച്ചവടം നടത്തി. ജ്യേഷ്ഠൻ അനുജനെ പാപ്പർ സ്യൂട്ടാക്കി പുറത്താക്കിയ അന്നു മുതൽ ലക്ഷ്മി അച്ഛാമ്മയ്ക്ക് കുടുംബത്തിന്റെ ചുമതലകൾ ഒറ്റയ്ക്ക് നോക്കേണ്ടിവന്നു. അതിനാൽ തന്നെ തന്റെ മക്കളുടെ കാര്യങ്ങൾ കൂടാതെ ഒരു ഗർഭിണിയെ കൂടി താങ്ങാനുള്ള കരുത്ത് ലക്ഷ്മി അച്ഛാമ്മയ്ക്കില്ലായിരുന്നു. പാറുവത്യാരുടെ പക്കൽ നിന്നും മൊത്തത്തിലെടുക്കുന്ന നെല്ല് ഉണക്കിയത് ചെറിയ ഈർപ്പത്തോടു കൂടി ഉരലിൽ കുത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് “ഈച്ചാടി കുത്തുക” എന്നാണ് പറയുക. ഈച്ചാടി കുത്തുന്ന അരിക്ക് പൊലിവ് ഇത്തിരി കൂടും അങ്ങനെ കുത്തിയെടുത്ത അരി , ബസ്സില്ലാതിരുന്ന അക്കാലത്ത് തലച്ചുമടായി കൊണ്ട് നടന്ന് പരവൂർ കമ്പോളത്തിൽ വിറ്റ് കിട്ടുന്ന കാശായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ പ്രധാന വരുമാന മാർഗ്ഗം. വീട്ടിലെത്തിയ ഭവാനി ലക്ഷ്മി അച്ഛമ്മയെ ഈച്ചാടി കുത്താൻ സഹായിച്ചു. വെയിലത്ത് പനമ്പിൽ ഉണക്കാനിട്ടിരിയ്ക്കുന്ന നെല്ല് ഇരു കൈകൾ ചേർത്ത് പിടിച്ച് “റ’ ആകൃതിയിൽ ഇടത്തോട്ടും വലത്തോട്ടും ചിക്കുക, ഉരലിന്റെ അപ്പുറവും ഇപ്പുറവുമായി നിന്ന് രണ്ട് സ്ത്രീകൾ ഇടുന്ന രണ്ട് ഉലക്കകൾ കൂട്ടിമുട്ടാതെ താളത്തിൽ നെല്ല് കുത്താനും അതിവേഗം ഭവാനി പഠിച്ചു. ശ്രീദേവി അപ്പച്ചിയോ രോഹിണി അപ്പച്ചിയോ മാറി മാറി നിൽക്കുമ്പോൾ ഒരൂഴം ഭവാനിയ്ക്കായിരുന്നു. അങ്ങനെ വെയിലിന്റെ കാഠിന്യം ഒരല്പം കൂടിയ ദിവസം ഭവാനി ബോധം കെട്ടു വീണു. ഇങ്ങനെയാണ് അവർ ഗർഭിണിയാണെന്ന വിവരം ലക്ഷ്മി അച്ഛമ്മ അറിയുന്നത്. എന്നിരുന്നിട്ടും ലക്ഷ്മി അച്ഛാമ്മ ഭവാനിയെ കൈവിട്ടില്ല. വേണ്ട ശുശ്രൂഷകൾ നൽകി. പ്രസവ സമയമായപ്പോൾ കാട്ടിക്കട ഭാഗത്തു നിന്നും ഒരു പതിച്ചിയെ വിളിച്ചു. ഭവാനിയ്ക്ക് പ്രസവ ശുശ്രൂഷകളൊക്കെ നൽകി. ഭവാനിയുടെ കുട്ടി വളർന്നപ്പോഴേയ്ക്കും ലക്ഷ്മി അച്ഛാമ്മയുടെ 13 വയസ്സിൽ പുതിയ പറുദീസ തേടി സിങ്കപ്പൂരിലെത്തിയ മൂത്ത മകൻ ശ്രീ.ശ്രീധരൻ കുറേ നാളുകൾക്ക്‌ശേഷം ലക്ഷമി അച്ഛാമ്മയ്ക്ക് കാശയച്ചു കൊടുത്തതുമൂലം പ്രാരാബന്ധങ്ങൾ കുറഞ്ഞ് വന്ന സമയമായതിനാൽ ലക്ഷ്മി അച്ഛാമ്മ ഈച്ചാടി കുത്ത് നിർത്തി.

അപ്പോൾ കാറ്റ് ഭവാനിയക്കൊരാഗ്രഹം. അവർ അത് ലക്ഷ്മി അച്ഛാമ്മയോട് പ്രകടിപ്പിച്ചു . കീഴതിലമ്മയ്ക്ക് സ്വന്തക്കാരും പരിചയക്കാരുമായി ധാരാളം ആൾക്കാർ ഉണ്ടല്ലോ? ഏതെങ്കിലും വീട്ടിൽ ജോലിക്കാരിയായി നിർത്തിയാൽ എനിക്ക് കാശുമാകും. ഇത്തിരി സ്ഥലം വാങ്ങാനും ഒരു കൂര കെട്ടാനും അതുപകരിയ്ക്കും. ഇവിടെ എനിയ്ക്കും കുഞ്ഞിനും തല ചായ്ക്കാനിടവും ഭക്ഷണവും ഉണ്ടെങ്കിലും എന്നും അത് പറ്റില്ലല്ലോ?. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ ആവശ്യാനുസരണം പല വീടുകളിൽ മാറി മാറി ജോലിയ്ക്ക് നിർത്തി . കിട്ടിയ കാശ് സ്വരുകൂട്ടി ഇത്തിരി മണ്ണും ഒരു കൊച്ചു കൂരയും ഭവാനി സ്വന്തമാക്കി. ഇതിനിടയിൽ ജയിലിൽ നിന്നും തിരിച്ചെത്തിയ കാറ്റ് ഗോപാലൻ ഒരു കുട്ടിയെ കൂടി ഭവാനിയ്ക്ക് സമ്മാനിച്ച് വീണ്ടും ജയിലിലേയ്ക്ക് . പോലീസ് മർദ്ദനം പല പ്രാവശ്യമേറ്റ കാറ്റ് ഗോപാലന് ദീർഘായുസ്സുണ്ടായില്ല. ഒരു പ്രണയത്തിന്റെ പേരിൽ വീടുവിട്ടിറങ്ങിയ ഭവാനിയ്ക്ക് എന്നും പ്രാരാബ്ദത്തിന്റെ ഭാണ്ഡക്കെട്ടേറേണ്ടിവന്നു. യഥാസ്ഥിതിക കുടുംബവും കാലഘട്ടവുമായിരുന്നതിനാൽ തറവാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ പോലും ആരും അവരെ അന്വേഷിച്ച് വന്നതുമില്ല. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ കൊണ്ടു പോയി നിർത്തിയ ഒരു വീട്ടിൽ തുണി അലക്കിതേച്ച് വച്ചപ്പോൾ ഒരു അടിപ്പാവാടയുടെ റേന്തയിൽ ഇത്തിരി അഴുക്ക് പറ്റിപ്പിടിച്ചിരിയ്ക്കുന്നതു കണ്ട വീട്ടുടമ ഭവാനിയെ ” മൂളിച്ചീ” യെന്ന് വിളിച്ചുവത്രേ. കാറ്റ് ഭവാനി അന്നുമുതൽ വീടുകളിൽ സ്ഥിരമായി നിന്ന് ജോലി ചെയ്യുന്ന പരിപാടി മതിയാക്കി. സ്വന്തം കൂരയിൽ താമസിച്ച് നാട്ടിലെ പണികൾ ചെയ്ത് ജീവിക്കുക പതിവാക്കി. വീട്ടുജോലിക്കാരിക്കും ആത്മാഭിമാനം ഉണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാലം കടന്നുപോയി. ഭവാനിയെയും ജരാ നരകൾ നന്നായി ബാധിച്ചു. അമ്മയുടെ പണം മാത്രം മതിയെന്നായ മക്കൾക്ക് അമ്മ അധികപറ്റായി തോന്നി തുടങ്ങിയപ്പോൾ കുന്നു വിളയിലെ അപ്പച്ചിയും മാമനും മരിച്ചു കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിലെയും പറമ്പിലേയും കാര്യങ്ങൾ നോക്കി നടത്താൻ അങ്ങോട്ട് താമസം മാറി. കൂട്ടിന് അവിടേയ്ക്ക് കയറി വന്ന നാടോടി നായ്ക്കളും. അവർ അവയ്ക്ക് ചോറു കൊടുത്തു വളർത്തി. തിരിച്ച് നായ്ക്കളുടെ സ്നേഹം അവർക്ക് ധാരാളമായി കിട്ടി. ഒരിക്കൽ ഞാനവരെ കാണുമ്പോൾ പുരികങ്ങളും കണ്ണിമകളും വരെ നരച്ച് തുടങ്ങിയിരുന്നു. കണ്ണിന് കാഴ്ച മങ്ങി തുടങ്ങിയപ്പോൾ അവർ മകളുടെ അടുത്തേയ്ക്ക് തിരികെപ്പോയി. അവർ വളർത്തിയ പട്ടികൾ അനാഥരായില്ല. അവ ഞങ്ങളുടെ അച്ഛനമ്മമാർ താമസിക്കുന്ന പറമ്പിലേയ്ക്ക് ചേക്കേറി . വീട്ടിൽ വളർത്തുന്ന പട്ടികൾക്ക് ചോറു കൊടുമ്പോൾ മറ്റൊരു പാത്രത്തിൽ കഴുത്തിൽ ബെൽറ്റും ചങ്ങലയുമില്ലാതെ സ്വതന്ത്രരായ കാറ്റ് ഭാവാനിയുടെ പട്ടികൾക്കും അച്ഛൻ ചോറു വിളമ്പി .

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.