ഡോ. ഐഷ വി

ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.

ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.

അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.

ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.

ഡോ.ഐഷ . വി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം