ഡോ. ഐഷ വി

ഒരു പൊന്നിൻ ചിങ്ങപുലരിയിലാണ് അവൾ എത്തിയത്. നനുത്ത രോമം കോണ്ട് തീർത്ത നേർത്ത ചാരനിറത്തിലുള്ള വരകളുള്ള ഒരു കുഞ്ഞി പൂച്ച . അമ്മയാണവളെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്ന വരാന്തയിൽ പതുങ്ങിയിരിയ്ക്കന്നു. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയതാകാം. അമ്മ കതക് തുറന്നപ്പോൾ ” ഞാനിവിടുണ്ടേ” എന്ന് തന്റെ വരവറിയിയ്ക്കാനെന്നവണ്ണം ഒരു “മ്യാവൂ ” ശബ്ദം. അമ്മ ഞങ്ങളെ വിളിച്ചു പൂച്ചയെ കാണിച്ചു തന്നു. ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളവൾക്ക് ജൂലി എന്ന് പേരിട്ടു. അന്ന് പശുക്കറവയുണ്ടായിരുന്നതിനാൽ പാൽക്കാരൻ കറന്ന് വച്ചു പോയ പാലെടുത്ത് അമ്മ കാച്ചി. കുറച്ചു പാൽ ആറിത്തണുത്തപ്പോർ ഒരു കൊച്ചു പാത്രത്തിലൊഴിച്ച് ഞങ്ങൾ ജൂലിയ്ക്ക് വച്ചു കൊടുത്തു . കണ്ണുകൾ പതുക്കെയടച്ച് പാത്രത്തോട് മുഖം ചേർത്ത് അവളത് നക്കി കുടിച്ചു. പിന്നെ പാത്രം നക്കിത്തുടച്ച് വച്ചു.

പതുക്കെ പതുക്കെ ജൂലി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ തുടങ്ങി. ചിലപ്പോൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് നടക്കും. അവൾ ഞങ്ങളെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവളുടെ വാലും താഴ്ത്തിയിട്ടുള്ള ഓട്ടം ഞങ്ങൾ ആസ്വദിക്കും. ചിലപ്പോൾ അവൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന മുരിങ്ങയിൽ ചാടിക്കയറും. ഉയരങ്ങളിൽ നിന്ന് വീണാൽ അവൾ നാലു കാലിലേ വീഴുകയുള്ളൂ. പൂച്ചയുടെ സെന്റർ ഓഫ് ഗ്രാവിറ്റി കാലുകളിൽ ആണോ എന്നു വരെ ഞങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ട്. ഏത് കുറ്റാകുറ്റിരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കും.വീടിനകത്ത് അവൾക്ക് സ്വാതന്ത്ര്യമായി. പല്ലി, പാറ്റ, നച്ചെലി തുടങ്ങിയവയെ ആദ്യം ആഹരിച്ചു. വലിയ എലികളെ കൊന്നിട്ടു.

ക്രമേണ ഞങ്ങളുടെ പറമ്പിലെ എലിശല്യം കുറഞ്ഞ് കുറഞ്ഞു വന്നു. ജൂലിയുടെ വലുപ്പം കൂടി കൂടി വന്നു. കാലക്രമേണ അവൾ ഒരു മിടുമിടുക്കി പൂച്ചയായി തീർന്നു. കുന്നു വിള വീട്ടിൽ നിന്നും ഒരു കുന്നൻ പൂച്ച അതിർത്തി കടന്ന് ഞങ്ങളുടെ പറമ്പിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റൊരു പാണ്ടൻ പൂച്ച ആലുവിള ഭാഗത്തു നിന്നും ഞങ്ങളുടെ വടക്കേ അതിർത്തി കടന്നെത്തി. കുന്നനും പാണ്ടനും ഞങ്ങളുടെ ജൂലിയെ പ്രണയിക്കണം. അവർ തമ്മിൽ മത്സരമായി. അവസാനം പാണ്ടൻ വിജയിച്ചു. കുന്നൻ തോറ്റു പിൻവാങ്ങി. കുന്നൻ പിന്നെ ഞങ്ങളുടെ പറമ്പിൽ കയറാതായി. പാണ്ടൻ ഞങ്ങളുടെ പറമ്പെന്ന പൂച്ചസാമ്രാജ്യത്തിന്റെ അധിപനും , അങ്ങനെ ജൂലി പൂച്ച പാണ്ടന്റെ പ്രണയിനിയും ഭാര്യയുമായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും ജൂലിയ്ക്ക് മാത്രമേ ഞങ്ങളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പാണ്ടൻ ഔട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂലിയുടെ ഉദരം വീർത്തു വന്നു. കാലമായപ്പോൾ ഒരു കുട്ടയിൽ വിരിച്ചിട്ട പഴന്തുണിയിൽ അവൾ ആറേഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കറുപ്പും വെളുപ്പും ചാരനിറവും വരയുള്ളതും വരയില്ലാത്തതുമൊക്കെയായ കുഞ്ഞുങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്മയായതോടെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ അടുത്തു ചെന്നാൽ അള്ളാനായി നഖങ്ങൾ പുറത്തേയ്ക്ക് തള്ളും. ഞങ്ങൾ അകന്ന് നിൽക്കുമ്പോൾ നഖങ്ങൾ ഉൾവലിഞ്ഞിരിക്കും. അമ്മ മീൻ ഖണ്ഡിയ്ക്കുമ്പോൾ മീനിന്റെ തലയും വാലുമൊക്കെ അവൾക്ക് അവകാശപ്പെട്ടതാണ്. ധാരാളം മത്സ്യം ലഭിയ്ക്കുന്ന ദിവസം അതിന്റെ അവശിഷ്ടങ്ങൾ കഴിച്ച ശേഷം മുഖം മിനുക്കുന്ന സ്വഭാവവും അവൾക്കുണ്ടായിരുന്നു.

പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളുടെ ആക്രാന്തം കൂടി. തലയും വാലും തിന്നു തീർത്ത ശേഷം വൃത്തിയാക്കിയ മത്സ്യവുമായി പോകുന്ന അമ്മയുടെ പാദo അവൾ കടിച്ചു മുറിച്ചു. അതോടെ അമ്മയ്ക്ക് അവളോട് ദേഷ്യമായി. അവളുടെ കുഞ്ഞുങ്ങളെയെല്ലാം പാലു കുടി മാറിയപ്പോൾ അച്ഛനും എന്റെ അനുജനും കൂടി ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് ദൂരെ കൊണ്ടു കളഞ്ഞു. ജൂലി ഞങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വീണ്ടും പ്രസവിച്ചും രണ്ട് മൂന്ന് വർഷങ്ങൾ കൂടി കടന്നുപോയി. അങ്ങനെ അവൾ ഒരിക്കൽ കൂടി മത്സ്യം ഖണ്ഡിച്ചു കഴിഞ്ഞ അമ്മയുടെ കാൽ കടിച്ചു മുറിച്ചു. കുറെ കോഴി കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ചു മുറിച്ചു. ഇത്രയുമായപ്പോൾ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അമ്മ ജൂലിയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിയ്ക്കണമെന്ന നിർബന്ധത്തിലായി. അച്ഛനും അനുജനും കൂടി ജൂലിയെ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് പരവൂർ ഒല്ലാലിനടുത്തുള്ള ലെവൽ ക്രോസിനരികിൽ കൊണ്ടു വിട്ടു. അവർ തിരികെ പോന്നു. നേരം വെളുത്തപ്പോൾ ജൂലി ഞങ്ങളുടെ വീട്ടിൽ തിരികെയെത്തി. ഏഴു കിലോമീറ്റർ എങ്ങിനെ വഴി മനസ്സിലാക്കി അവൾ തിരികെയെത്തിയെന്നത് ഞങ്ങൾക്ക് അതിശയമായിരുന്നു. സാധാരണ നായ്ക്കളാണെങ്കിൽ യാത്ര പോകുന്ന വഴിയിലെ സർവ്വേക്കല്ലിൽ മൂത്രമൊഴിച്ച് പോയി പോയി അതിന്റെ ഗന്ധം പിടിച്ച് തിരികെയെത്തുകയാണ് പതിവ്. അപ്പോൾ നായ്ക്കളേക്കാൾ വഴി തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് കൂടുതലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജൂലിയെ ഉപേക്ഷിക്കാനുള്ള ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ഇതു പോലെ പരാജയപ്പെട്ടു. ഒരു പക്ഷേ വീട്ടുകാരുമായി ഇണങ്ങിയ പൂച്ചയുടെ രണ്ട് മൂന്ന് വർഷത്തെ ആത്മബന്ധമാകാം ഇതിന് കാരണം. അവസാനം പോളച്ചിറയ്ക്കടുത്ത് കൊണ്ട് കളഞ്ഞ ശേഷം ജൂലി തിരികെയെത്തിയില്ല. തോടുകളും ജലാശയങ്ങളുമൊക്കെ മറികടന്ന് അവൾക്ക് തിരികെയെത്താൻ സാധിക്കാഞ്ഞതാകാം. അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ച വീട്ടുകാരോടുള്ള പിണക്കമാകാം. അതുമല്ലെങ്കിൽ നല്ലൊരു വീട് അവൾക്ക് അഭയമായി കിട്ടിയിരിക്കണം. അതുമല്ലെങ്കിൽ അവൾ ഈ ലോകം വിട്ട് പോയിരിക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.