ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികത നിറഞ്ഞ ഡീപ്പ് ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാനുള്ള കുറ്റകൃത്യത്തിൻ്റെ ഗണത്തിൽ ഉൾപ്പെടുത്താനൊരുങ്ങി യുകെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് സാങ്കേതികവിദ്യകളുടെയും സഹായത്തോടെ പ്രശസ്തരും അല്ലാത്തതുമായ വ്യക്തികളുടെ വ്യാജ ചിത്രങ്ങൾ നിർമ്മിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തിന് കളമൊരുങ്ങുന്നത്.

 

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരാൾ ക്രിമിനൽ വിചാരണയും കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴ ഒടുക്കേണ്ടതായും വരും. ചിത്രം കൂടുതലായി സമൂഹമാധ്യമങ്ങൾ വഴിയായി ഷെയർ ചെയ്യപ്പെട്ടാൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടതായി വരും.ഡീപ്പ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ചയാൾ അറിയാതെ തന്നെ മറ്റുള്ളവർ സമൂഹമാധ്യമങ്ങൾ വഴിയോ മറ്റ് ഏതെങ്കിലും വിധേയനെയോ ചിത്രങ്ങൾ പ്രചരിപ്പിച്ചാലും ഇവരുടെ നിർമാതാവിന് ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും നിയമത്തിന്റെ പ്രധാനപ്പെട്ട കാര്യമാണ്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച ഓൺലൈൻ സുരക്ഷാ നിയമം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയിലൂടെ ഡീപ്ഫേക്ക് ഇൻ്റിമേറ്റ് ഇമേജുകൾ പങ്കിടുന്നത് ഇതിനകം കുറ്റകരമാക്കിയിട്ടുണ്ട്. ചില ആളുകൾ മറ്റുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യം വെച്ച് ചെയ്യുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും ഇത്തരം കാര്യങ്ങൾക്ക് സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ കഴിയുമെന്നും പുതിയ നിയമത്തെ കുറിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഘോറ ഫാരിസ് പറഞ്ഞു.