ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത മഴയെ തുടർന്ന് യുകെയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയോടെ രാജ്യത്തെ തെക്കൻ പ്രദേശങ്ങളിൽ ശക്തി പ്രാപിച്ച മഴ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെ നിൽക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺവാൾ മുതൽ ഈസ്റ്റ് ആംഗ്ലിയ വരെ നീളുന്ന മുന്നറിയിപ്പിൽ പവർകട്ടും യാത്രാ തടസ്സവും ഉണ്ടായേക്കാമെന്നും പറയുന്നു.

വെയിൽസിന്റെയും ഇംഗ്ലണ്ടിന്റെയും ഭാഗങ്ങളിൽ ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് മഴയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിൽ ആറ് മുതൽ ഒമ്പത് മണിക്കൂറിനുള്ളിൽ 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചില സ്ഥലങ്ങളിൽ ഇത് 50 മില്ലിമീറ്റർ വരെ കാണാം. ഇന്ന് ഉച്ചയോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ പ്രദേശങ്ങളിലായി 270-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് വന്നിരിക്കുന്നത്.

വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിലെ ആളുകൾ ഗ്യാസ്, വെള്ളം, വൈദ്യുതി വിതരണം എന്നിവ ഓഫാക്കുക, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക തുടങ്ങിയവ ചെയ്‌തെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ലണ്ടനെ സൗത്ത്-വെസ്റ്റ് ഇംഗ്ലണ്ടുമായും സൗത്ത് വെയിൽസുമായും ബന്ധിപ്പിക്കുന്ന ഗ്രേറ്റ് വെസ്റ്റേൺ റെയിലിൻെറ സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഈ ആഴ്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു