ഡോ. ഐഷ വി
വിവാഹത്തിന് മുമ്പ് എന്റെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കൊടൈക്കനാലിൽ കൊണ്ടുപോകാമെന്നത് . അങ്ങനെ ഈ വർഷം ജൂൺ രണ്ടാം തീയതി രാത്രി അദ്ദേഹം എന്നോട് പറഞ്ഞു. “നാളെ വെളുപ്പിനേ തന്നെ തയ്യാറാകുക. നമ്മൾ നാളെ കൊടൈക്കനാലിന് പോകുന്നു.”
” എങ്ങിനെയാണ് യാത്ര ? മഴ കാണില്ലേ?” ഞാൻ ചോദിച്ചു.
“മഴയൊന്നും സാരമില്ല. മഴ അധികം പെയ്ത് തുടങ്ങിയില്ലല്ലോ. നമുക്ക് കാറിൽ വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് പോയി പൊള്ളാച്ചി വഴി കൊടൈക്കനാലിന് പോകാം . ഹൈറേഞ്ചിൽ ഏതാണ്ട് എറണാകുളത്തിന് കിഴക്ക് ഭാഗത്തായി വരുന്ന സ്ഥലമാണ് കൊടൈക്കനാൽ . നമ്മുടെ യാത്ര തമിഴ്നാട്ടിൽ കൂടിയായിരിക്കുമെന്ന് മാത്രം. നാളെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനൊന്നും നിൽക്കേണ്ട. നമുക്ക് പോകുന്ന വഴിക്ക് കഴിക്കാം. വെളുപ്പിന് 5 മണിയ്ക്ക് ഇവിടെ നിന്നും തിരിക്കാം. നാളെത്തന്നെ തിരികെ വരാം”
ഒറ്റ ദിവസത്തെ യാത്രയായതു കൊണ്ട് പ്രത്യേകിച്ച് പാക്കിംഗിന്റെ ആവശ്യമൊന്നുമില്ല. കുടിവെള്ളം കരുതാം. പിന്നെ വീട്ടിലിരിയ്ക്കുന്ന പഴങ്ങളും കരുതാം. അങ്ങനെ യാത്രയെ കുറിച്ച് വലിയ മുന്നൊരുക്കങ്ങളൊന്നും കൂട്ടാതെ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി. നാഷണൽ ഹൈവേ 544 നല്ല കണ്ടീഷനിലുള്ള പുതിയ റോഡായതിനാൽ പാലക്കാട് വരെയുള്ള യാത്ര സുഖം. പൊള്ളാച്ചിയിലേയ്ക്ക് കടന്നപ്പോൾ ഹൈവേ യാത്ര കുഴപ്പമില്ല. ചില ഭാഗത്ത് റോഡുപണി നടക്കുന്നതിനാൽ ഡീവിയേഷൻ എടുക്കണമെന്ന ഗൂഗിൾ മാപ്പിലെ മദാമ്മയുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ യാത്ര തുടർന്നു. പൊള്ളാച്ചിയിൽ റോഡിനിരുവശത്തും വൻ പുളിമരങ്ങൾ തണൽ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചിരുന്നു. പുളിയിൽ നിന്നുള്ള തണലും ആദായവും ഓക്സിജനും കിട്ടും. ആ വഴിയിലെ മറ്റൊരു പ്രത്യേകത എങ്ങും സ്റ്റ്രീറ്റ് ലൈറ്റില്ല എന്നതാണ്. ഉദയമൊക്കെ ആസ്വദിച്ച് നല്ല കാറ്റുള്ള കാറ്റാടിപ്പാടത്തു കൂടെ യാത്ര തുടർന്നപ്പോൾ ഭർത്താവ് വണ്ടി നിർത്തി. നമുക്കിവിടെ നിന്നും കുറച്ച് ഫോട്ടോകളെടുക്കാം. ഞങ്ങളങ്ങനെ അവിടെയിറങ്ങി. ആ പശ്ചാതലത്തിൽ കുറച്ച് ഫോട്ടോകൾ എടുത്തു.
തമിഴ് നാടിന്റെ പ്രത്യേക പോളിസിയാണത്. വർഷത്തിൽ ആറുമാസത്തിലധികം കാറ്റ് ലഭിക്കുന്ന സ്ഥലത്ത് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത്. ആര് വൻ വ്യവസായങ്ങൾ തുടങ്ങിയാലും കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി കൂടി ഉത്പാദിപ്പിക്കണം മിച്ചമുള്ള വൈദ്യുതി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണം. വ്യവസായവും പച്ചപിടിയ്ക്കും വൈദ്യുതിയും ലഭിക്കും. അങ്ങനെ ചുരങ്ങളിലൂടെ വീശുന്ന കാറ്റിന്റെ ഊർജ്ജത്തെ അവർ വൈദ്യുതിയാക്കി മാറ്റും. ഓരോ സാധ്യതകളും അവസരങ്ങളായി മാറ്റുന്നവർക്കാണ് വിജയം.
സമീപത്തുള്ള ഹോട്ടലിൽ നിന്നും ആവി പറക്കുന്ന ഇഢലിയും ഉഴുന്നുവടയും ചായയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
ഗൂഗിൾ മദാമ്മ പറഞ്ഞ വഴികളിലൂടെ കുറേ ദൂരം യാത്ര തുടർന്നപ്പോൾ പളനി മല ദൃശ്യമായി. പിന്നേയും മുന്നാട്ട് പോയി വലത്തോട്ട് തിരിഞ്ഞ് പുളിമരങ്ങൾ അതിരിടുന്ന വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. റോഡിനിരുവശത്തും മാന്തോപ്പുകൾ കാണാമായിരുന്നു. ആകെ മൊത്തം തണലുള്ള പ്രദേശം. റോഡരികിൽ പലയിടത്തായി സ്ത്രീകളും പുരുഷന്മാരും നല്ല മാമ്പഴങ്ങൾ വിൽക്കുന്നു. തിരികെ വരുമ്പോൾ കുറച്ച് മാമ്പഴം വാങ്ങിക്കൊണ്ടുവരുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാന്തോപ്പുകൾക്ക് നടുവിലുള്ള റോഡിലൂടെ വീണ്ടും മുന്നോട്ട് . കൊടൈക്കനാനിലിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സൈൻ ബോർഡ് കണ്ടു. ഹൈറേഞ്ച് കയറാനുള്ള സമയമടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തമിഴ് നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ . മലകയറുമ്പോൾ റോഡിനിരുവശത്തും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ചെടികൾ പ്രകൃത്യാ തന്നെ കാണാമായിരുന്നു.
ചെങ്കുത്തായ കയറ്റങ്ങളും 17 ഓളം ഹെയർ പിൻ വളവുകളുമുള്ള മലകയറി 12 കിലോ മീറ്ററോളം ആ മല മുകളിലൂടെ മുന്നോട്ട് പോയി പെരുമാൾ മലൈ എന്ന ജങ്ഷനിലെത്തി. ഞങ്ങളവിടെ വണ്ടി നിർത്തി അടുത്തു കണ്ട ചായക്കടയിൽ നിന്നും ചായയും ഉന്നക്ക പോലെ ഒരു കടിയും കഴിച്ചു. ഞങ്ങൾ വന്നതിന്റെ എതിർ ദിശയിൽ അടുത്ത മലമുകളിലൂടെ 12 കിലോമീറ്ററോളം മുന്നോട്ട് പോയാലേ കൊടൈക്കനാലിൽ എത്താനാകൂ എന്ന് മനസ്സിലായി. ആ വഴി കുറേ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു ടോൾ ബൂത്ത് കാണാനിടയായി. കൊടൈക്കനാലിലേയ്ക്ക് പ്രവേശിക്കുമെങ്കിൽ നമ്മൾ എത്ര സമയം അവിടെ തങ്ങുന്നുവോ അതിനനുമ്പരിച്ച് പാസ്സെടുക്കണമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പാസ്സ് 24 മണിക്കൂർ സമയത്തേയ്ക്കുള്ളതായിരുന്നു.
പിറ്റേന്ന് 10.30 am വരെ അവിടെ തങ്ങാം എന്ന് സൂചന. കുറച്ച് മുന്നോട്ട് പോയപ്പോൾ അതുവരെ കാണാത്തത്രയും വാഹനങ്ങളുടെ ക്യൂ കാന്നാനിടയായി. ഞങ്ങളെത്തുന്നതിന് വളരെ മുന്നയെത്തി ക്യൂവിൽ കിടക്കുന്നവർ. ആ ക്യൂവിൽ ഒരു മണിക്കൂറിലധികം ത്തങ്ങളും പെട്ടു. മലമുകളിലെ ഇടുങ്ങിയ വഴികളിൽ ഇരുവശത്തേയ്ക്കും വണ്ടികൾ കടന്നുപോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനിടയിൽ ഒരു വെള്ളച്ചാട്ടവും കണ്ടു.
അങ്ങനെ മുന്നോട്ട് പോയപ്പോൾ കൊടൈ തടാകം കാണായി. 5 കിലോമീറ്ററിലധികം നീളത്തിൽ ഇംഗ്ലീഷിലെ വല്യക്ഷരം എച്ച് ആകൃതിയിലുള്ള തടാകം. താടകത്തിന് ചുറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും മനുഷ്യർക്ക് നടക്കാനുള്ള നടപ്പാതയമുണ്ട്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ക്യൂവിൽ പെട്ടു പോയതു കൊണ്ട് മുന്നോട്ടു തന്നെ പോകുവാനും തിരികെ വരുമ്പോൾ തടാകം കാണുവാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മല കയറി റോസ് ഗാർഡനിലെത്തി. ടിക്കറ്റെടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഉദ്യാനത്തിൽ പ്രവേശിച്ചു. മല കയറി വന്നപ്പോൾ ഓക്സിജന്റെ കുറവുണ്ടായതിനാലാകാം ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരു ചെറിയ തലകറക്കം അനുഭവപ്പെട്ടു. ഉദ്യാനത്തിലെ പുൽത്തകിടിയിലിരുന്ന് കുറച്ച് വിശ്രമിച്ച് കഴിഞ്ഞപ്പോൾ ആ പ്രശ്നം മാറി. പിന്നെ ഞങ്ങൾ അവിടൊക്കെ നടന്നു കണ്ടു. അവിടത്തെ നേഴ്സറിയിൽ നിന്നും കുറച്ച് തൈകൾ വാങ്ങി. കേരളത്തിൽ കാണാത്ത വ്യത്യസ്ഥ ഇലയുള്ള പാഷൻ ഫ്രൂട്ട് തൈയ്യും അവിടെ ലഭ്യമായിരുന്നു.
കാലാവസ്ഥ മാറുമ്പോൾ വേരു പിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പകുതിയോളം പിടിച്ചു കിട്ടി. പിന്നെ ഞങ്ങൾ മലയിറങ്ങി തടാകം കാണാനുള്ള വ്യൂ പോയിന്റിലെത്തി. സമതലത്തിൽ നിന്നും രണ്ടു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിലെ മഴ വെള്ള സംഭരണിയാണ് ഈ തടാകമെന്ന് നമുക്ക് വിശേഷിപ്പിക്കാം. തടാകത്തിന് ചുറ്റുമുള്ള മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മുഴുവൻ ഈ തടാകം സംഭരിക്കുന്നു എന്ന് പറയാം. കൊടൈ നിവാസികളുടെ വറ്റാത്ത നീരുറവ കൂടിയാണിത്. തടാകം ഈ വെള്ളമത്രയും സംഭരിച്ചില്ലെങ്കിൽ ആ ചെങ്കുത്തായ മലമുകളിൽ ഒരു തുള്ളി വെള്ളവും ലഭിക്കില്ലായിരുന്നു എന്ന് പറയാം.
വ്യൂ പോയിന്റിൽ നിന്നും കോഫി കഴിച്ചു ഞങ്ങൾ തടാകം ചുറ്റിവരുന്ന ഉയർന്ന പാതയിലൂടെ ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. കോക്കേഴ്സ് വാക്കും , ബൈഡൻസ് പാർക്കും അത്രയും നേരം ഡ്രൈവ് ചെയ്ത ഭർത്താവ് ഒന്ന് വിശ്രമിച്ച ശേഷം കാണാമെന്ന് തീരുമാനിച്ചു. ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. വഴിയോര കച്ചവടക്കാരിൽ നിന്നും നിലക്കടല ഉപ്പിട്ട് പുഴുങ്ങിയതും പൈനാപ്പിളും വാങ്ങിക്കഴിച്ച് ഞങ്ങൾ മുന്നോട്ട്. കാറൊതുക്കിയിടാൻ പറ്റിയ സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കാറിലിരുന്നുറങ്ങി. ഞാൻ പുറത്തിറങ്ങി നടന്നു. തടാകത്തിലെ ബോട്ടിംഗും , തടാകത്തിനു ചുറ്റും മുതിർന്നവരും കുട്ടികളും നടത്തുന്ന സൈക്ലിങ്ങും കണ്ട് ഒറ്റയ്ക്കു നടന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയായപ്പോൾ ശക്തിയായ മഴയും കാറ്റും തുടങ്ങി. ഞാൻ കുട നിവർത്തിപിടിച്ച് നടന്ന് കാറിനടുത്തെത്തി. മഴ പെയ്യുന്നതിനാൽ തിരികെപ്പോരാൻ രണ്ടു പേരും കൂടി തീരുമാനിച്ചു.
പഴങ്ങൾ ധാരാളം വിൽക്കുന്ന തെരുവിലെത്തിയപ്പോൾ ഞങ്ങൾ കോളേജിലും വീട്ടിലുമുള്ളവർക്ക് കൊടുക്കാനായി കുറേ ചോക്ക്ലേറ്റ് , മരത്തക്കാളി , ലോങ്ങൻ, മങ്കോസ്റ്റിൻ എന്നിവ വാങ്ങി. കാറിന് പെട്രോളടിച്ചു. അങ്ങനെ ഞങ്ങൾ കൊടൈ യാത്ര അപൂർണ്ണമാക്കി പെരുമാൾ മലൈയിലെത്തി അടുത്ത മലമ്പാതയിലൂടെ മുന്നോട്ട് പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശവാസികളും വനം വകുപ്പുകാരും ചേർന്ന് കത്താൾ കോടാലി എന്നിവ ഉപയോഗിച്ച് മരങ്ങൾ വെട്ടിമാറ്റാനും വഴിയിൽ നിന്നും നീക്കം ചെയ്തു തടസങ്ങൾ മാറ്റാനും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.
മലയടിവാരം വരെ കണക്കാക്കിയാൽ ഇരുപതോളം മരങ്ങൾ വീണിട്ടുണ്ട്. മഷീൻ കട്ടർ ഒന്നേയുള്ളൂ. ഒരു വനം വകുപ്പദ്യോഗസ്ഥൻ സ്കൂട്ടറിൽ കൊണ്ടുപോയി കട്ടർ പല സ്ഥലങ്ങളിലും എത്തിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ കിട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് മലയിറങ്ങി. മരങ്ങൾ വീണു കിടക്കുന്ന സ്ഥലമെത്തുമ്പോൾ വീണ്ടും വണ്ടി നിർത്തും. ഇതിനിടെ തമിഴ്നാട് വനം വകുപ്പ് ഓഫീസർമാർ വീണ മരങ്ങൾ കാണാനെത്തിയതിനാൽ അവർക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് ചെങ്കുത്തായ താഴ്വര വരുന്ന ഭാഗത്തു വച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സന്നദ്ധരായ യുവാക്കൾ വനം വകുപ്പിനോട് സഹകരിച്ച് ഗതാഗതം നിയന്ത്രിച്ച് അവരെ സഹായിച്ചു.
വനം വകുപ്പ് മൂന്ന് മണിയ്ക്ക് ശേഷം മലമുകളിലേയ്ക്കുള്ള യാത്ര നിരോധിച്ചതിനാൽ മലയിറങ്ങുന്നവരുടെ ട്രാഫിക്ക് പ്രശ്നം മാത്രം പരിഹരിച്ചാൽ മതിയായിരുന്നു. അങ്ങനെ ഊർജ്ജ്വസ്വലരായ വനം വകുപ്പുദ്യോഗസ്ഥരും പ്രദേശത്തെ സന്നദ്ധ സംഘടനയിലെ യുവാക്കളും നന്നായി പണിപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ ഞങ്ങൾക്ക് മലയിറങ്ങാൻ സാധിച്ചു. വഴിയിലെല്ലാം കുറ്റാക്കറ്റിരുട്ടായിരുന്നു. രാത്രി ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ് വാരത്തെത്തി. പിന്നെ മാമ്പഴത്തോട്ടങ്ങൾക്കും പുളിമരങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ തിരികെയുള്ള യാത്ര തുടർന്നു. വഴിയിൽ മാമ്പഴക്കച്ചവടക്കാരെ ആരേയും കാണാനില്ലല്ലോ എന്നു കരുതിയിരിയ്ക്കുമ്പോഴാണ് ദൂരെ ഒരു റാന്താൻ വെളിച്ചം കാണുന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരിയാണ്. വഴിയോര വിളക്കുകളില്ലാത്ത ആ പാതയിൽ കുറ്റാകുറ്റിരുട്ടിൽ മാമ്പഴ കച്ചവടം നടത്തുകയാണവർ .
മലയിറങ്ങി വന്നവർ വേഗം വീടുപിടിയ്ക്കാനുള്ള ധൃതിയിലാകണം. ഞങ്ങൾ മാത്രമേ അവിടെ വണ്ടി നിർത്തി മാമ്പഴം വാങ്ങാൻ തയ്യാറായുള്ളൂ. ഞങ്ങൾ റോഡ് മുറിച്ച് കടന്ന് റാന്തൽ വെളിച്ചത്തിനരികിലെത്തി. ആ യുവതി ഞങ്ങളെ സ്വാഗതം ചെയ്ത് എന്തൊക്കെ മാമ്പഴം വേണമന്ന് തമിഴിൽ ചോദിച്ചു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു മാമ്പഴ കച്ചവടക്കാരി അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി. അവരുടെ പേരെന്തെന്നും എന്തു വരെ പഠിച്ചിട്ടുണ്ടെന്നും ഞങ്ങൾ ചോദിച്ചു. ഗൗരി എന്നാണ് പേരെന്നും എം എസ്സി മൈക്രോ ബയോളജിയാണ് ക്വാളിഫിക്കേഷനെന്നും അവർ പറഞ്ഞു. കുറച്ചു കാലം ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കിയിട്ടുണ്ടത്രേ. ഭർത്താവ് സുബ്രമണ്യന് 12 ഏക്കറോളം കൃഷിയുണ്ട് . അതിലെ ഉത്പന്നങ്ങൾ വിൽപന നടത്തി ഗൗരി ഭർത്താവിനെ സഹായിക്കുന്നു. ഭർത്താവും മക്കളും ഗൗരി ചൂണ്ടിക്കാണിച്ച ദിശയിലുള്ള വീട്ടിലുണ്ടെന്ന് പറഞ്ഞു. നല്ല ഇരുട്ടാണല്ലോ , സ്ട്രീറ്റ് ലൈറ്റില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്നും ആന ഇറങ്ങുന്ന സ്ഥലമാണെന്നും ഗൗരി സൂചിപ്പിച്ചു. അരശി കൊമ്പൻ ( നമ്മുടെ അരിക്കൊമ്പൻ) അവിടെ ഇറങ്ങുമത്രേ.
ഗൗരിയുടെ പക്കൽ നിന്നും മല്ലിക, ഉദുമ, മൽഗോവ എന്നീ മാമ്പഴങ്ങളും നല്ല മധുരമുള്ള കൊടൈ പാഷൻ ഫ്രൂട്ടും വാങ്ങി ഗൗരിയുടെ ഭർത്താവ് സുബ്രഹ്മണ്യന്റെ പേരിൽ ഗൂഗിൾ പേ ചെയ്ത് കൊടുത്ത് ഞങ്ങൾ ഗൗരിയോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.
പൊള്ളാച്ചിയിലെത്തിയപ്പോൾ അത്താഴം കഴിച്ച് ഞങ്ങൾ തിരികെ പോകുന്ന വഴിയൊന്നു മാറ്റി ഗോവിന്ദാപുരം, കൊല്ലംങ്കോട് , നെമ്മാറ, ചിറ്റിലം ഞ്ചേരി , മുടപ്പല്ലൂർ, വള്ളിയോട് വഴി വടക്കഞ്ചേരിക്കാക്കി . രാത്രി 2 മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.
മരം വീണ് ഗതാഗതം തടസ്സമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ പറഞ്ഞു. മഴക്കാലത്ത് യാത്ര വേണ്ടിയിരുന്നില്ല. നവംബർ ഡിസംബർ മാസങ്ങളാണ് കൊടൈക്കനാലിലെ സീസൺ 16-17 ഡിഗ്രി സെന്റിഗ്രേഡായിരിയ്ക്കും. ഇനിയൊരു കൊടൈ യാത്ര മക്കളേയും കൂട്ടി ആ സീസണിലാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഐഷ ടീച്ചറിന്റെ എഴുത്തിൻറെ ശൈലി വളരെ ലളിതവും, കൗതുകമുളവാക്കുന്നതുമാണ്. ഇത് വായിക്കുമ്പോൾ ടീച്ചറിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്തു വന്നതുപോലെ ഉണ്ട്. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ഒന്നുമില്ലാതെയും എഴുതാനുള്ള കഴിവ് ഒരപൂർവ സിദ്ധിയാണ്. ടീച്ചറിന് ഒരുപാട് ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.