ഡോ. ഐഷ വി

ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ അവസരം ലഭിച്ചവർക്കാണ് ഹോസ്റ്റൽ ജീവിതം എങ്ങനെയാണ് നമ്മുടെ സ്വഭാവത്തെ മാറ്റി മറിയ്ക്കുക എന്ന് മനസ്സിലാകുക. ഞാനാദ്യം ഹോസ്റ്റലിൽ നിൽക്കുന്നത് ഒരു രാത്രിയിലേയ്ക്ക് മാത്രമായിരുന്നു . ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് നടന്ന സ്റ്റഡി ടൂറിന് പോകാൻ അതിരാവിലെ കോളേജിൽ എത്തണമായിരുന്നു. അതിരാവിലെ കോളേജിൽ എത്താൻ തക്ക തരത്തിലുള്ള ഗതാഗത സൗകര്യം അക്കാലത്ത് ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇല്ലായിരുന്നു. അതിനാൽ ഞാൻ സഹപാഠിയും പ്രാക്ടിക്കലിന് ടീം മെമ്പറുമായിരുന്ന രോഷ്ണിയുടെ സഹായം തേടി.. രോഷ് ണി ബാലചന്ദ്രൻ അക്കാലത്ത് അച്യുത് ഭവൻ ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. രോഷ്ണി ഹോസ്റ്റൽ നടത്തിപ്പുകാരിയായ കുഞ്ഞമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ സമ്മതം കിട്ടിയപ്പോൾ ഞാൻ തലേന്ന് ഹോസ്റ്റലിൽ ഗസ്റ്റായി നിൽക്കാമെന്നേറ്റു . രോഷ്ണി എന്നെ എസ് എൻ കോളേജ് ജങ്‌ഷനിൽ കാത്തു നിന്നു. ഞാൻ പറഞ്ഞ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. രോഷ്നിയും ഞാനും കൂടി ഹോസ്റ്റലിലെത്തി. അന്തേവാസികളാരോ വീട്ടിൽ പോയിരുന്നതിനാൽ ആ ബെഡ് എനിക്ക് തന്നു. അന്നവിടുന്ന് അത്താഴം കഴിച്ച് കിടന്നുറങ്ങി. അതിരാവിലെ ഞങ്ങൾ രണ്ടു പേരും കോളേജിലെത്തി ടൂർ പോയി.

ഒന്ന് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി. എന്റെ രണ്ടാം വർഷ ഡിഗ്രി റിസൾട്ട് വന്നപ്പോൾ മാർക്കിത്തിരി കുറവ്. ഞാൻ വീട്ടിൽ പറയേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. അനുജത്തി ഇത് അന്നു തന്നെ കണ്ടുപിടിച്ചു. അച്ഛന് കത്തെഴുതി. അച്ഛൻ നാട്ടിലെത്തിയപ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ചു. യാത്രയും ക്ഷീണവും സമയക്കുറവുമാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ എന്നെ ഹോസ്റ്റലിലാക്കാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അച്ഛൻ നാട്ടിൽ വരുമ്പോൾ തുണി അലക്കി വിരിക്കുന്നതിൽ അച്ഛൻ എന്നെ സഹായിച്ചിരുന്നു.

കോളേജ് ഹോസ്റ്റലിലോ എസ് എൻ വി സദനത്തിലോ സീറ്റില്ലായിരുന്നു. പിന്നെ രോഷ്ണിയോട് അച്യുത് ഭവനിൽ സീറ്റുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ സീറ്റുണ്ടായിരുന്നു. അങ്ങനെ ഞാൻ ആ ഹോസ്റ്റലിൽ അന്തേവാസിയായി.

നേരത്തേ എസ് എൻ വി സദനത്തിൽ ജീവനക്കാരിയായിരുന്ന, എല്ലാവരും കുഞ്ഞമ്മ എന്ന് വിളിക്കുന്ന പത്തനാപുരം സ്വദേശിയായ സ്ത്രീ അവരുടെ മകളും ഭർത്താവും ഗൾഫിൽ പോയപ്പോൾ അവരുടെ പെൺ മക്കളെ കൊല്ലത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനായി അച്യുത് ഭവൻ എന്ന് പേരുള്ള ഒരു വീട് വാടകയ് ക്കെടുക്കുകയായിരുന്നു. അപ്പോൾ അവരോടൊപ്പം എസ് എൻ വി സദനത്തിലെ ഏതാനും അന്തേവാസികൾ കൂടി അങ്ങോട്ട് മാറി. അങ്ങനെ അതൊരു ഹോസ്റ്റലായി മാറി. പിന്നെ പല വനിതകളും പറഞ്ഞറിഞ്ഞു ഹോസ്റ്റൽ തേടിയെത്തി. ഗർഭിണികളായ റെസ്റ്റ് വേണ്ട അധ്യാപകർ, കോളേജ് ലക്ചറർമാർ,, ഇന്ത്യൻ റെയർ എർത്ത്, ക്യാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, എൻ ട്രൻസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനികൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ അവിടെ മാറി മാറി താമസിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞമ്മ അടുക്കളയും സ്റ്റോർ റൂമും വരെ ഒഴിപ്പിച്ചെടുത്തു. അന്തേവാസികൾക്കായി കട്ടിലിട്ടു. പുറത്തൊരു ഓലഷെഡ് പണിഞ്ഞ് അടുക്കള അങ്ങോട്ട് മാറ്റി.
അടുക്കള കൈകാര്യം ചെയ്തിരുന്ന രാജമ്മ വെളുപ്പിന് പണി തുടങ്ങും. രാത്രി അത്താഴം കഴിയുന്നതുവരെയും അവർക്ക് പണി തന്നെ. അവങ്ങടെ മകൾ അച്യുത് ഭവനിൽ നിന്നായിരുന്നു സ്കൂളിൽ പോയിരുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിലെ തുപ്പുകാരിയായിരുന്നു രാജമ്മയുടെ അമ്മ. രാജഭരണം നിലച്ചതാണ് രാജമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അഭിപ്രായം

ഡ്രായിംഗ് ഹാളും ഡയനിംഗ് ഹാളും ചേർത്ത് എൽ ആകൃതിയിലെ ഒരു ഹാളായിരുന്നു. അവിടെയാണ് എനിക്ക് കട്ടിൽ കിട്ടിയത്. ആ ഹാളിൽ ധാരാളം കട്ടിലുകളിൽ അന്തേവാസികൾ ഉണ്ടായിരുന്നു. ആദ്യ ദിവസം രാത്രി എനിയ്ക്കുറക്കം കുറവായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വഴിയിൽ കിടക്കുന്നതുപോലൊരു തോന്നൽ. ഏതാനും ദിവസം കൊണ്ട് ആ തോന്നൽ മാറിക്കിട്ടി.

ഒരു ബെഡ് റൂമിൽ കുഞ്ഞമ്മയും കൊച്ചുമക്കളും കഴിയുന്നു. കൊച്ചു മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരു സ്ത്രീ സ്ഥിരമായി വന്നിരുന്നു. കാർ ഷെഡിൽ ഒരു മേശയിട്ട് അതിന് ചുറ്റും കസേരകളിട്ട് പത്രം വായിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കുഞ്ഞമ്മയുടെ കൊച്ചുമക്കളുടെ ട്യൂഷനും അവിടെ തന്നെ

ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന സെക്യൂരിറ്റി നിൽക്കുന്നതും ഷെഡിന് സമീപം തന്നെ. ശമ്പളം കുറവെന്ന കാരണം പറഞ്ഞ് ഒരു സെക്യൂരിറ്റി പോയി. പകരം വന്നത് 15 വയസ്സുള്ള ഒരു പയ്യനായിരുന്നു. പല വണ്ണത്തിലുള്ള പെൻസിലുകളുമായിട്ടാണ് പയ്യന്റെ വരവ്. മുഴുവൻ സമയ ചിത്രരചനയിലായിരുന്നു പയ്യന് കമ്പം. അമ്മ അമ്മയ്ക്കിഷ്ടുള്ള ആൾക്കൊപ്പവും അച്ഛൻ അച്ഛനിഷ്ടപ്പെട്ട സ്ത്രീയ് ക്കൊപ്പവും പുതിയ ജീവിതമാരംഭിച്ചപ്പോൾ അനാഥനായ പയ്യൻ . പഠനവും മടങ്ങി. ആരോ സെക്യൂരിറ്റിയുടെ വേക്കൻസി ഉണ്ടെന്ന് പറഞ്ഞതറിഞ്ഞ് വന്നതാണ്. ഭക്ഷണവുമാകും അഭയവുമാകും. ആദ്യ ദിവസം തന്നെ കുഞ്ഞമ്മ അവൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതിലൊന്ന് പച്ചക്കറി കടയിൽ നിന്നും ചിലവാകാതെ പഴുത്തുപോകുന്ന മൊന്തൻ കായകൾ വില കുറച്ച് വാങ്ങിക്കൊണ്ട് വരണമെന്നതാണ്. അതാണ് അന്തേവാസികൾക്ക് ഫലമായി നൽകിയിരുന്നത്. അന്തേവാസികളിൽ പലർക്കും ഇതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഒരു പഴമല്ലേ എന്ന് കരുതി ഞാനങ്ങ് കഴിക്കും.

ഹോസ്റ്റലിൽ നിൽക്കുന്നവരിൽ ചിലർ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകും. ചിലർ വിവിധ കുറ്റങ്ങൾ കണ്ടെത്തി വരുന്ന ദിവസമോ അധികം താമസിയാതെയോ ഹോസ്റ്റൽ മാറും. എനിക്കവിടത്തെ ഭക്ഷണം കുഴപ്പമില്ലെന്ന് തോന്നി. ഹോസ്റ്റൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മൂന്നു പാളി ജാലകങ്ങൾ ആയിരുന്നു. യഥേഷ്ടം വെളിച്ചം .അന്ന് ഞങ്ങളുടെ വീട്ടിൽ എന്റെ പഠനമുറിയുടെ ഒരു ജനൽ മറുപുറത്ത് തടിയറുത്തത് അടുക്കി വച്ചിരുന്നത് മൂലം സ്ഥിരമായി അടച്ചിട്ടിരുന്നു. മറ്റൊരു രണ്ട് പാളി ജനൽ തുറന്നിട്ടിരുനെങ്കിലും മുറ്റത്തൊരു വൃക്ഷം നിന്നിരുന്നതിനാൽ പകൽ മുറിയ്ക്കകത്ത് വെളിച്ചം കുറവായിരുന്നു.

അന്തേവാസികളിൽ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ ഹോസ്റ്റലിലെ കുറവുകളൊന്നും എനിക്ക് കുറവായി തോന്നിയിരുന്നില്ല. അതിനാൽ ആ അന്തരീക്ഷവുമായി വേഗം ഇണങ്ങിചേർന്നു. ഹോസ്റ്റലിൽ പൊതു ഭക്ഷണം. വീട്ടിൽ അമ്മ മൂന്ന് മക്കൾക്കും അവരവർക്കിഷ്ടമുള്ള പ്രാതൽ ഒരുക്കി നൽകിയിരുന്നു. ഇഡലി വേണ്ടവർക്ക് ഇഡ്ഡലി. ദോശ വേണ്ടയാൾക്ക് ദോശ. പ്രാതൽ പുട്ടാണെങ്കിൽ ഒരാൾ ഉപ്പുമാവ് മതിയെന്ന് പറയും. കടുക് വറുത്ത് കറിവേപ്പിലയുമിട്ട് പുട്ടതിൽ തട്ടിയിട്ട് പൊടിച്ചിളക്കി ഉപ്പുമാവ് വേണ്ടവർക്ക് അമ്മയത് ഉപ്പു മാവാക്കും. എന്നിട്ടൊരു സ്ഥിരം പല്ലവിയും : ” മക്കൾ മൂന്നും മൂന്ന് കൊമ്പത്താണ്” എന്ന്. ഇനി പായസം വേണമെങ്കിൽ വെന്ത ചോറിനെ തേങ്ങാപ്പാലും അല്പം ശർക്കരയോ പഞ്ചസാരയോ ചേർത്ത് പായസമാക്കാനും അമ്മ മടിക്കില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങളൊന്നും ഹോസ്റ്റലിൽ നടക്കില്ലെന്ന് മാത്രം.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരിക്കൽ കൂടി മെഡിക്കൽ എൻ ട്രൻസ് എഴുതി നോക്കാമെന്ന് തീരുമാനിച്ചതിനാൽ മൂന്ന് മാസം കൂടി ഞാൻ ഹോസ്റ്റലിൽ നിന്നു. ഈ സമയത്ത് സാറാ കുട്ടിയുടെ അനുജത്തി അവിടെ എൻട്രൻസ് കോച്ചിംഗിന് വന്നു. അങ്ങനെ ഒരു ദിവസം ഞാനാ കുട്ടിയെ ടി.കെ എം കോളേജിൽ എൻട്രൻസ് എഴുതിക്കാൻ കൊണ്ടുപോയി.

എറണാകുളത്തു നിന്നും എത്തിയ ബികോം വിദ്യാർത്ഥിനി ഷീലയ്ക്ക് എപ്പോഴും ഒരുങ്ങുന്നതിനോടായിരുന്നു താത്പര്യം.

ചിറക്കര ബന്ധുക്കൾ അടുത്തടുത്ത് താമസിച്ചിരുന്നതിനാൽ ഞങ്ങൾക്ക് അന്യരുമായി അധികം ഇടപെടേണ്ടി വന്നിരുന്നില്ല. അതിനാൽ അവരുടെ ആചാരാനുഷ്ടാനങ്ങൾ ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. എന്നാൽ ഹോസ്റ്റലിൽ ചിലർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സoസാരിക്കുന്നതും അവരൊക്കെ കേമന്മാർ ആണെന്ന രീതിയിൽ സംസാരിക്കുന്നതും എനിക്ക് പുതുമയായിരുന്നു. അങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിന്നും സoസ്കാരങ്ങളിൽ നിന്നും വന്നവർ ഒന്നു ചേർന്ന് പോകാൻ പോകാൻ ഹോസ്റ്റൽ നാന്ദിയായി. കുഞ്ഞമ്മയുടെ വിളി പേര് അങ്ങനെയാകാനും ഒരു കാരണമുണ്ടത്രേ അവരുടെ ചേച്ചിയുടെ മക്കൾ വിളിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങനെ വിളിച്ചതാണത്രേ .

ഒരു ദിവസം രാവിലെ കുഞ്ഞമ്മയ്ക്ക് ഛർദ്ദി തുടങ്ങി. രാജമ്മ അടുക്കളയിൽ തിരക്കിലായതിനാൽ ഞാൻ കുഞ്ഞമ്മയേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേയ്ക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ കുഞ്ഞമ്മയ്ക്ക് മരുന്നു കൊടുത്തു. അത് സ്ട്രോക്കായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരുന്നു. കുഞ്ഞമ്മയുടെ ചേച്ചിയുടെ മകൻ വരുന്നതു വരെ എനിക്കവിടെ നിൽക്കേണ്ടി വന്നു. കുഞ്ഞമ്മയെ പിന്നീട് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വരുന്ന ദിവസം അമ്മയും ഞാനും കൂടി ശങ്കേഴ്സ് ഹോസ്പിറ്റലിലെത്തി. എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ കരഞ്ഞു . അത് കണ്ട് എന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണനീർ പൊടിഞ്ഞു. അമ്മയും ഞാനും യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.