ഡോ. ഐഷ വി
പ്രേം ലെറ്റ് സാറിന്റെ സെന്റർ ഫോർ ഫിസിക്സ് എന്ന ട്യൂട്ടോറിയലിൽ എൻട്രൻസ് കോച്ചിംഗിന് വേണ്ടി ഞാൻ ചേർന്നതിനാൽ പരീക്ഷ കഴിഞ്ഞു കുറച്ചു നാൾ കൂടി അച്ച്യുത് ഭവൻ ഹോസ്റ്റലിൽ തങ്ങി. 1988 ജൂലൈ 8 ന് വൈകുന്നേരമായപ്പോൾ ഹോസ്റ്റലിൽ വാർത്തയെത്തി. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഐലന്റ് എക്സ്പ്രസ് പെരുമൺ പാലത്തിൽ വച്ച് പാളം തെറ്റി ഏതാനും ബോഗികൾ കായലിൽ പതിച്ചു. ഹോസ്റ്റലിൽ ടി വി ഇല്ലാത്തതിനാൽ അന്തേവാസികൾ എല്ലാവരും കൂടി അച്ച്യുത് ഭവന്റെ ഉടമസ്ഥന്റെ സഹോദരന്റെ വീട് തൊട്ടപ്പുറത്തായിരുന്നു , അവിടേയ്ക്ക് പോയി. കസേരയിലും തറയിലുമൊക്കെയിരുന്ന് ടി വി കണ്ടു.
അന്നേ ദിവസം എം എൽ എ ആയിരുന്ന ശ്രീമതി മേഴ്സികുട്ടിയമ്മയുടെ വിവാഹമായിരുന്നു. വധൂവരന്മാൻ വിവാഹം കഴിഞ്ഞ് നേരെ സംഭവ സ്ഥലം സന്ദർശിച്ചു. ടിവിയിലെ ദൃശ്യങ്ങൾ ദാരുണമായിരുന്നു. കുറേപ്പേരെ സമീപത്തുള്ളവർ രക്ഷിച്ചു. വെള്ളത്തിൽ വീണ കുറേപ്പേരെ വള്ളക്കാരും രക്ഷിച്ചു. വെള്ളത്തിലാഴ്ന്ന ബോഗികളിൽ കുടുങ്ങിയവരെ രക്ഷിക്കണമെങ്കിൽ ഗ്യാസ് കട്ടർ കൊണ്ട് ജനലഴികൾ മുറിയ്ക്കണമായിരുന്നു. എ.സി കോച്ചിലെ യാത്രക്കാരുടെ കാര്യമായിരുന്നു കഷ്ടം . രക്ഷാപ്രവർത്തനം പിറ്റേന്നും തുടർന്നു.
ആ അപകടത്തിന് ശേഷമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ ഉയർത്തി അപകടത്തിൽപ്പെട്ടവർക്ക് പുറത്തിറങ്ങാൻ സാധിക്കത്തക്ക തരത്തിലുള്ള എമർജൻസി എക്സിറ്റുകൾ റയിൽവേ ഓരോ ബോഗിയിലും ഇരുവശത്തും, സ്ഥാപിച്ചത്. ആ അപകടത്തിൽ ധാരാളം പേർ മരിച്ചിരുന്നു. പെരുമണ്ണിൽ അപകട ശേഷം ഒരു പാലം കൂടി പണിതു. ആളുകൾക്ക് അക്കരയിക്കരെ കടക്കാനുള്ള നടപ്പാതയും സജ്ജീകരിച്ചു.
മുൻ സ്പീക്കർ ശ്രീ വർക്കല രാധാകൃഷ്ണന്റെ മകളെ വിവാഹം കഴിച്ചയച്ചത് ഞങ്ങൾ ടി വി കാണാൻ പോയ വീട്ടിലേയ്ക്കാണ്. അതിനാൽ അദ്ദേഹം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ദിവസവും ഞങ്ങൾ ഇതുപോലെ ആ വീട്ടിൽ ടി വി കാണാനിരുന്നിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ അവിടെ ടിവി കണ്ടു കൊണ്ടിരുന്നപ്പോൾ സ്പീക്കറും ഭാര്യയും മകളേയും കുടുംബത്തേയും കാണാൻ അവിടെ എത്തിയിരുന്നു. അപ്പോൾ ഞങ്ങളെ അവർ പരിചയപ്പെടുകയും ചെയ്തു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply