ഡോ. ഐഷ വി

2021 സെപ്റ്റoബറിലെ ഒരു സായാഹ്‌നത്തിൽ ഓഫീസ് വിട്ട് നഫീസത്തിന്റെ മുച്ചക്ര വാഹനത്തിലേറി നങ്ങ്യാർകുളങ്ങര കവലയിൽ ഇറങ്ങാറായപ്പോൾ ഒരു സഞ്ചിയും തൂക്കി കവലയിൽ നിൽക്കുന്ന ആളിനെ നോക്കാൻ എന്നോട് പറഞ്ഞിട്ട് നഫീസത്ത് സൂചിപ്പിച്ചു : ” മിസ്,അതാണ് സാലി മോസസ്. ലാബാക്കിന്റെ ഓണറെ കൊന്നയാൾ” . ” അതേയോ?” ഞാൻ പറഞ്ഞു. വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് പാതയോരം ചേർന്ന് അല്‌പം ദൂരെ മാറി നിന്നു.” കായം കുളത്തേയ്ക്ക് ഒരു ഓർഡിനറി ബസ് വന്നപ്പോൾ അയാൾ അതിൽ കയറിപ്പോയി. അപ്പോൾ എന്റെ ഓർമ്മകൾ പിന്നോട്ട് പോയി. 2014 ജൂലൈ 22 ന് രാവിലെ കോളേജു കെട്ടിടങ്ങളും കോളേജ് ഭാഗികമായി പ്രവർത്തിക്കുന്ന വാടക കെട്ടിടവും ലൈബ്രറേറിയൻ എന്നെ കൊണ്ടു നടന്ന് കാണിച്ചു തരുന്നതിനിടയിൽ അടഞ്ഞുകിടന്ന ഒരു മുറി ചൂണ്ടിക്കാട്ടി അവർ പറഞ്ഞു: “ഈ മുറിയിൽ വച്ചാണ് ലബാക്കിന്റെ ഉടമ കൊല്ലപ്പെട്ടത്. ജോലിക്കാരിയുടെ മകനാണ് കൊന്നത്. അയാളിപ്പോഴും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയാണ്.

ജോലിക്കാരി മകനെ ഇനി കാണേണ്ട എന്നു പറഞ്ഞിരിക്കുകയാണ്.” ഞാൻ ചോദിച്ചു: ” എന്തിനാണയാൾ കൊന്നത് ?” അപ്പോൾ ലൈബ്രറിയൻ ലീന പറഞ്ഞു: ” എപ്പോഴും അയാൾ ലബാക്കിന്റെ ഓണറോട് കാശ് ചോദിക്കും. അന്ന് കൊടുത്തില്ല. കൊല്ലാൻ ചെന്നപ്പോൾ ലബാക്ക് ഓണർ ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ എന്ന് പറഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി. ഇതിനിടയിൽ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ”
ലീന തുടർന്നു : ” അയാളിപ്പോഴും ജയിലിലാണ്. അയാളെ ജയിലിൽ നിന്നും പുറത്തിറക്കേണ്ട എന്നാണ് അയാളുടെ അമ്മയുടെ അഭിപ്രായം”. ലബാക്ക് കെട്ടിടത്തിൽ ഒരിടത്ത് മരിച്ചയാളിന്റെ ഒരു ഫോട്ടോയുണ്ടായിരുന്നു. ലീന പറഞ്ഞു:” അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ലബാക്കിൽ വിവിധ കോഴ്സുകൾ നടത്തിയിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും വിവിധ കോഴ്സുകൾ നടത്താനായി ഉപയോഗിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ . മരണശേഷം കോഴ്സുകളിൽ ഭൂരിഭാഗവും നിർത്തി. ഇപ്പോൾ താഴത്തെ നിലയിൽ ഫാഷൻ ഡിസൈനിംഗും ടൈപ് റൈറ്റിംഗും മാത്രമേയുള്ളു. ബാക്കിയെല്ലാ മുറികളും നമുക്ക് വാടകയ്ക്ക് തന്നിരിയ്ക്കുകയാണ്.”

തിരിച്ച് കോളേജോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തിയപ്പോൾ അപ്പുറത്തെ സ്കൂൾ പറമ്പിൽ ഒരാൾ കൃഷിയിൽ . മുഴുകിയിരിക്കുന്നത് കണ്ടു. അപ്പോൾ ലീന പറഞ്ഞു. :” ആളുടെ അനുജനാണ് നേരത്തേ പറഞ്ഞ കൊല നടത്തിയത്. ഇയാൾ നന്നായി അധ്വാനിച്ച് ജീവിക്കുന്നു. നമുക്ക് ഒരു ഉറുമ്പിന് പോലും ജീവൻ കൊടുക്കാൻ കഴിയുകയില്ല. പിന്നെങ്ങനാണ് ഒരാളുടെ ജീവനെടുക്കാൻ തോന്നുക” . ലീന ആത്മഗതമായി പറഞ്ഞു നിർത്തി. കാർത്തിക പള്ളി കോളേജിൽ എത്തിയ ആദ്യകാലത്ത് ആ അടച്ചിട്ട മുറി കാണുമ്പോൾ കൊല നടന്ന മുറി എന്നൊരു തോന്നലുണ്ടായിരുന്നു പിന്നീടെപ്പോഴോ ആ ചിന്തയ്ക്ക് തീരെ പ്രാധാന്യമില്ലാതായി.

ഞങ്ങൾ കവലയിൽ വച്ച് അയാളെ കണ്ട് 2 ദിവസം കഴിഞ്ഞപ്പോൾ അയാൾ ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേയ്ക്ക് കയറി വന്നു. പപ്പടം വിൽക്കാനുള്ള വരവാണ്. കോവിഡ് കാലമാണ്.. അന്ന് കോളേജിൽ കുട്ടികൾ ഇല്ല. അയാൾ കൊണ്ടുവന്ന പപ്പടത്തിൽ രണ്ട് പായ്ക്കറ്റ് വാങ്ങി ഞാനയാളെ വേഗം പറഞ്ഞയച്ചു.

വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് അയാളെത്തി. ഇപ്പോൾ 100-150 രൂപയുടെ പപ്പടം ഞാൻ വാങ്ങണം. അതാണയാളുടെ ആവശ്യം. ” എനിക്കാവശ്യമുള്ളത് മതി.”ഞാൻ പറഞ്ഞു.
അതു കേട്ടപ്പോൾ അയാൾ എന്നോട് ” ഞാനൊന്നിരുന്നോട്ടേ എന്ന് ചോദിച്ച ശേഷം എന്റെ അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ എന്റെ മേശയ്ക്ക് അപ്പുറമുള്ള കസേരകളൊന്നിൽ ഇരുപ്പറപ്പിച്ചു. കൊണ്ട് പറഞ്ഞു: ” അപ്പുറത്തെ സ്കൂളിൽ പണി ചെയ്യുന്നത് എന്റെ സഹോദരനാണ്. ഞങ്ങളുടെ രണ്ടു പേരുടേയും മുഖം കണ്ടാൽ നിരപരാധികൾ ആണെന്ന് പറയില്ലേ? ഈ പപ്പടം വിൽക്കാൻ നടന്നാൽ കാര്യമായൊന്നും കിട്ടാനില്ല . എനിയ്ക്കാണെങ്കിൽ ഭയങ്കര വിശപ്പാണ്.”
അപ്പോൾ ഞാൻ ചോദിച്ചു: ” നിങ്ങൾക്ക് കൃഷിപ്പണികൾ ചെയ്ത് ജീവിച്ചു കൂടെ?” അയാൾ പറഞ്ഞു: ” ആരും ജോലിയൊന്നും തരില്ല. പിന്നെ പോലീസുകാരുടെ ഇടി കൊണ്ടത് മൂലം ശരീരം ജോലി ചെയ്യാൻ പറ്റാത്ത വിധമായി. കോളേജിൽ എന്തെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ?”
” ഇവിടെ ഇപ്പോൾ . എല്ലാ പോസ്റ്റും ഫുൾ ആണ്. “ഞാൻ പറഞ്ഞു.
ജയിൽ ശിക്ഷ കഴിഞ്ഞവന്റെ പ്രാരാബ്ധങ്ങൾ അയാൾ പറഞ്ഞു തുടങ്ങി. “താമസിക്കാൻ ഇടമില്ല. ആരും വാടകയ്ക്ക് വീട് തരില്ല. ജോലി തരില്ല. ( പാവങ്ങളിലെ ജീൻ വാൽ ജീനിന്റെ ആദ്യ കാലത്തെ അവസ്ഥയാണല്ലോ അയാൾക്കെന്ന് ഞാൻ ചിന്തിച്ചു.) ബന്ധുക്കൾക്കും വീട്ടുകാർക്കും വേണ്ട. ഭാര്യ ബന്ധമൊഴിഞ്ഞു. ഇപ്പോൾ കവലയിലെ ഉണ്ണിപ്പിള്ള ചേട്ടന്റെ ദയ കൊണ്ട് കഴിയുന്നു. ഉണ്ണിപ്പിളള ചേട്ടന്റെ കട മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു. ഭക്ഷണവും ചേട്ടൻ തരുന്നു. പപ്പടം വിൽക്കുന്ന ജോലിയും ചേട്ടന്റെ ഔദാര്യമാണ്. മിച്ചം വയ്ക്കുന്ന കാശ് കൊണ്ട് ഞാൻ ക്രിസ്തു വചനങ്ങൾ ലഘുലേഘകളാക്കി വിതരണം ചെയ്യുന്നു.”

ഞാൻ ചോദിച്ചു:” എന്തിനാണ് നിങ്ങൾ ഒരാളെ കൊന്നത് ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ ഞാൻ ആരേയും കൊന്നിട്ടില്ല. ” പിന്നെന്തിനാണ് ജയിൽ ശിക്ഷ അനുഭവിച്ചത്?” ഞാൻ ചോദിച്ചു.
” അത് ,ഞാൻ പറയുന്ന സത്യം ആരും കേട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടി.” ” “വെറുതെ ഒരാളെ ശിക്ഷിക്കുമോ ?” ഞാൻ ചോദിച്ചു. ആ മരണം നടക്കുന്ന ദിവസത്തിനും ഒരാഴ്ച മുമ്പ് കവലയിൽ വച്ച് 65 ഓളം പേരെ ഞാൻ ഒറ്റയ്ക്ക് നേരിട്ടിരുന്നു. ഞാൻ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്.
അത് പോലീസുകാർക്കറിയാം. * അയാൾ തുടർന്നു. ” സംഭവ ദിവസം ഞാൻ ലബാക്ക് ലിറ്ററസി ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ പറമ്പിൽ എത്തിയിരുന്നു. അവിടത്തെ മരങ്ങൾ ഞാൻ നട്ട് നനച്ച് വളർത്തിയതാണ്. അതിന് എന്നെ കാണുമ്പോൾ അദ്ദേഹം ചില്ലറ കാശ് തരുമായിരുന്നു. അന്ന് അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ താഴെ കാത്തു നിന്നു. കുറച്ച് കഴിഞ്ഞ് ഒരു ശബ്ദം കേട്ട് ഞാൻ മുകളിലെത്തിയപ്പോൾ സാറ് ചോരയിൽ കുളിച്ച് കിടക്കുന്നു മുറിയിൽ 8-9 പേർ ഉണ്ടായിരുന്നു. അദ്ദേഹം സമ്പാദിച്ച വസ്തുവിന്റെ പേരിൽ ഒരു തർക്കമുണ്ടായിരുന്നു. അതിനവർ ചെയ്തതാണ്. ” ഞാൻ ചോദിച്ചു: ” നിങ്ങൾ മാർഷ്യൽ ആർട്ട് അറിയാവുന്ന ആളല്ലേ ? എന്തുകൊണ്ട് അവരെ കീഴ് പ്പെടുത്തി ബന്ധിച്ചില്ല?” ” ചോര കണ്ട് സ്തംഭിച്ചുപോയി.” അതായിരുന്നു അയാളുടെ മറുപടി. അയാൾ തുടർന്നു : ” ഞാനവിടുന്നിറങ്ങി. ഒരു കടയിൽ കയറി. നാരങ്ങ വെള്ളം ചോദിച്ചു. അത് കുടിച്ചോ ഇല്ലയോ എന്ന് ഓർമ്മയില്ല. പിന്നെ വയൽ വഴി വീട്ടിലെത്തി കുളിച്ച് വസ്ത്രം കഴുകിയിട്ടു. അവിടെ നിന്നും സ്ഥലം വിട്ടു. 1998 ലായിരുന്നു സംഭവം. വഴിക്ക് വച്ച് പോലീസ് എന്നെ പിടിച്ചു. ധാരാളം ഉപദ്രവിച്ചു. കോടതിയും പോലീസുകാരും ഒന്നും എന്റെ പക്ഷം കേട്ടില്ല. എന്റെ മനോ വിചാരങ്ങൾ എല്ലാം ഞാൻ ജയിലിൽ വച്ച് കഥകളായി എഴുതി. ജയിൽ അധികൃതർ അത് പ്രസിദ്ധീകരിച്ചു. ആദ്യ കാലത്ത് കഠിന തടവായിരുന്നു. അതിൽ നിന്നും അല്പം മോചനം ലഭിച്ചത് ഒരു പോലീസുകാരന്റെ നടുവുളുക്കിയത് ശരിയാക്കി കൊടുത്തപ്പോഴാണ്. മാർഷ്യൽ ആർട്ടറിയാവുന്നതുകൊണ്ട് അതു സാധിച്ചു.

” ആളുകൾക്ക് മാർഷ്യൽ ആർട്ടിൽ ടെയിനിംഗ് കൊടുത്ത് വരുമാന മാർഗ്ഗം കണ്ടെത്തിക്കൂടേ?” ഞാൻ ചോദിച്ചു. “ഇപ്പോഴത്തെ പിള്ളേരെ മാർഷ്യൽ ആർട്ട് പഠിപ്പിച്ചാൽ അവർ അത് ദുരുപയോഗം ചെയ്യും. പിന്നെ ഞാൻ ഹിപ്നോട്ടിക് കൗൺസിലിംഗ് പഠിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്താം.” അയാൾ പറഞ്ഞു

ജയിലിൽ പലവിധ സ്വഭാവക്കാരും പല വൃത്തികേടുകളുമുണ്ട്. ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച തുക മുഴുവൻ മകളുടെ ഹൃദയ ശസ്ത്രകിയയുടെ ചിലവിനായി ഉപയോഗിച്ചു. പിന്നെ കൈയ്യിൽ കാശൊ ന്നുമില്ല.

എന്റെ ജയിൽ ശിക്ഷയുടെ കാലാവധി നോക്കിയാൽ ഗിന്നസ് ബുക്കിൽ പേര് വരേണ്ടതാണ് . 20 വർഷം. ജീവപര്യന്തം 14 വർഷമേയുള്ളൂ ശിക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ ജയിൽ പുള്ളിക്ക് പുനരധിവസിയ്ക്കാനുള്ള ഒരു സെന്റ് സ്ഥലം പോലും സർക്കാർ എനിക്ക് തന്നില്ല.” അയാൾ പറഞ്ഞു നിർത്തി. ” ഇപ്പറഞ്ഞതെല്ലാം സത്യമാണോ?” അവസാനo ഞാൻ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു. അതിന് മറുപടിയായി ഒരു ഫാലസി എന്റെ മുന്നിലേയ്ക്കിട്ട് ഒരു കള്ളച്ചിരിയും ചിരിച്ച് അയാൾ നടന്നകന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.