ഡോ. ഐഷ വി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഏറോ ഡ്രോം ഓഫീസർ , കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എന്നീ തസ്തികയിലേയ്ക്കുള്ള ടെസ്റ്റെഴുതാനായി ഞാൻ അച്ഛനോടൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിലെത്തി. പതിവ് പോലെ ഒരു ഹോട്ടലിൽ നിന്നും അച്ഛൻ ചായയും ലഘു ഭക്ഷണവും വാങ്ങിത്തന്നിരുന്നു. വീട്ടിൽ നിന്നും കഴിച്ചിട്ട് വരുന്ന പ്രാതലിന് പുറമേയാണിത്. തിരികെ പോകുമ്പോഴും ഇതുപോലെ ചായയും ലഘു ഭക്ഷണവും പതിവാണ്.
നോട്ടീസ് ബോർഡിലിട്ട നമ്പരിൽ നിന്നും എന്റെ ക്ലാസ്സ് റൂം കണ്ടുപിടിച്ചു. അവിടെയെത്തി എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ടോയിലറ്റിൽ പോകാൻ തോന്നിയത്. പരീക്ഷാ സെന്ററുകളിൽ പലപ്പോഴും ടോയിലറ്റുകൾ ഒക്കെ വളരെ താമസിച്ചേ തുറക്കാറുള്ളൂ. അതിനാൽ അല്പനേരം കൂടി അവിടിരുന്ന ശേഷം ഞാൻ ടോയിലറ്റിൽ പോകാനായി പുറത്തേയ്ക്കിറങ്ങി. അപ്പോൾ നല്ല പൊക്കമുള്ള മെലിഞ്ഞ പയ്യൻ അവിടേയ്ക്ക് കയറി വന്നു. പരീക്ഷാർത്ഥിയാണ്.
അന്നത്തെ പരീക്ഷയുടെ പ്രത്യേകത അന്നു തന്നെ റിസൽട്ടറിയും എന്നതായിരുന്നു. പരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ തരക്കേടില്ല എന്ന് തോന്നി. ഞാനും അച്ഛനും റിസൾട്ടറിയാനായി കാത്തു നിന്നു. കുറേ കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റിന്റെ ഇന്റർവ്യൂ പിറ്റേന്ന് തിരുവനന്തപുരം പഴയ എയർപോർട്ടിൽ വച്ചാണ്.. ഞാൻ ടെസ്റ്റ് പാസ്സായിട്ടുണ്ട്. പിറ്റേന്ന് ഞാനും അച്ഛനും കൂടി എയർ പോർട്ടിലെത്തി. ഇന്റർവ്യൂവിനായി സജ്ജീകരിച്ച മുറിയിൽ ഹാജരായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾക്കുള്ള കാത്തിരിപ്പ് മുറിയിലേയ്ക്ക് ഞാൻ കയറി. അച്ഛൻ പുറത്ത് കാത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മുറിയിലേയ്ക്ക് തലേന്നു കണ്ട പൊക്കം കൂടിയ പയ്യൻ കടന്ന് വന്ന് ഇരിപ്പുറപ്പിച്ചു. ഇന്റർവ്യു കഴിഞ്ഞ് ഞാനും അച്ഛനും തിരികെ പോന്നു.
പിന്നീട് ഏറോ ഡ്രോം ഓഫീസറുടെ പോസ്റ്റിനുള്ള എന്റെ ഇന്റർവ്യു മദ്രാസ് ( ഇന്ന് ചെന്നൈ) എയർപോർട്ടിൽ വച്ച് നടന്നു. അധികം താമസിയാതെ എനിക്ക് കോഴിക്കോട് ആർ ഇ സിയിൽ ( ഇപ്പോഴത്തെ NIT) എം സി എ അഡ്മിഷനായി. തലേന്ന് തന്നെ ഞാൻ അച്ഛനോടൊപ്പം കോഴിക്കോട്ടെത്തി. ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ഫ്രഷായി. ഞാനും അച്ഛനും കൂടി അന്ന് വൈകിട്ട് REC കാണാൻ പുറപ്പെട്ടു. പാളയം ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു: ” കാരന്തൂര് – കുന്ദമംഗലം ചാത്തമംഗലം – ആർ ഈ സീ –..” പിന്നെ അമാന്തിച്ചില്ല , ഞങ്ങൾ ആ ബസ്സിൽ കയറി. ആർ ഇ സി യുടെ സ്റ്റോപ്പിലിറങ്ങി.
അവിടത്തെ വിശാലമായ ക്യാമ്പസ് കണ്ടപ്പോൾ അവിടെ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തെത്തി. പിന്നെ മിഠായിത്തെരുവ് ( SM streat എന്ന സ്വീറ്റ് മീറ്റ് സ്ട്രീറ്റ് – സ്വീറ്റ് മീറ്റ് എന്നാൽ ഹൽവ) ചുറ്റി നടന്ന് കണ്ടു. അവിടെ നിന്നും കുറച്ച് ഹൽവ വാങ്ങിച്ചു. ഞങ്ങൾ കാസർഗോഡായിരുന്ന കാലo മുതൽ അച്ഛൻ ഔദ്യോഗികാവശ്യങ്ങൾക്കായി കോഴിക്കോട്ടെത്തിയാൽ വീട്ടിൽ കോഴിക്കോടൻ ഹൽവ കിട്ടുമെന്ന് ഉറപ്പായിരുന്നു.
എസ് എം സ്ട്രീറ്റിന്റെ മറ്റൊരു പ്രത്യേകത വഴിയേ പോകുന്നവരെ കടക്കാർ കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാനായി ക്ഷണിക്കുമെന്നതാണ്. ഞങ്ങൾ തിരിച്ച് ടൂറിസ്റ്റ് ഹോമിലെത്തി, പിറ്റേന്ന് രാവിലെ ഹോട്ടൽ അന്വഷിച്ചപ്പോൾ എസ് എം സ്ട്രീറ്റിൽ നിന്നും റയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിയുന്നിടത്തുള്ള ഒരു ഹോട്ടൽ കണ്ടെത്തി. അവിടെ അപ്പവും ചെറുപയർ കറിയുമായിരുന്നു വിഭവം.. ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരു കോമ്പിനേഷൻ. ചൂടപ്പവും കറിയും പ്രതീക്ഷിച്ച എന്നെ അത് നിരാശയാക്കി. വളരെ തണുത്ത അപ്പവും കറിയുമായിരുന്നു അത്. എങ്കിലും അതും കഴിച്ച് ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി. സർട്ടിഫിക്കറ്റുകളടങ്ങിയ ഫയൽ എടുത്ത് ഞങ്ങൾ പാളയം ബസ് സ്റ്റാന്റിലെത്തി. ആർ ഇസി എന്ന് എഴുതിയ ബസ്സിൽ കയറി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ബസ്സിന്റെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി എന്തോ കമന്റടിച്ച് ചിരിച്ച് കൊണ്ട് നിൽക്കുന്ന രണ്ട് പയ്യന്മാരെയായിരുന്നു. അതിലൊരാൾ തിരുവനന്തപുരത്ത് ടെസ്റ്റിനും ഇന്റർവ്യുവിനും പോയപ്പോൾ കണ്ട മെലിഞ്ഞ പൊക്കമുള്ള പയ്യനായിരുന്നു. ഞാൻ മുഖം തിരിച്ച് ഇരുന്നു. ആ ബസ്സ് മാവൂർ ഗ്വാളിയർ റയോൺസ് വഴി ചുറ്റി പോകുന്ന ബസ്സായിരുന്നു. ഒരു അച്ഛനും മകളും കൂടി ചുറ്റിപ്പോകുന്ന ബസ്സിൽ കയറിയിരിപ്പാണ്. ഒന്ന് ചുറ്റി വരട്ടേ… എന്നാണ് പയ്യന്മാരുടെ കമന്റടിയുടെ അർത്ഥമെന്ന് പിന്നീട് മനസ്സിലായി. ഞങ്ങൾ കട്ടാങ്ങൽ സ്റ്റോപിലിറങ്ങി. തിരികെ നടന്ന് ആർ ഇ സി യിലെത്തി. . അപ്പോൾ കാണാം, ഞങ്ങളെ കളിയാക്കി ചിരിച്ച പയ്യന്മാർ ഞങ്ങൾക്കു മുന്നേ അവിടെ എത്തിയിട്ടുണ്ട്.
അധ്യാപകർ എത്തിയപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട ഔപചാരികതകൾ തുടങ്ങി. എന്റെ പേര് ഐഷ വി എന്നാണെങ്കിലും ഇനിഷ്യലിന്റെ പൂർണ്ണരൂപം എഴുതാൻ ഫോമിൽ ആവശ്യപ്പെട്ടിരുന്നതിനാൽ ഐഷ വിദ്യാധരൻ എന്നാണ് എഴുതിയിരുന്നത്. കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡ് നമ്പൂതിരിസാർ എന്റെ പേര് ഉറക്കെ വായിച്ചപ്പോൾ ഞാനവിടെത്തി. അവർ സർട്ടിഫിക്കറ്റ് പരിശോധിച്ചു. അഡ്മിഷൻ കഴിഞ്ഞ് ഞങ്ങൾ തിരികെ പോന്നു.
അഡ്മിഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. ആർ. ഇ. സി യിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അച്ഛൻ തന്ന ഉപദേശം: “ഒരു പ്രലോഭനത്തിലും വീഴരുത്” എന്നതായിരുന്നു. ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പൊക്കമുള്ള മെലിഞ്ഞ പയ്യന് ( പേര് ശ്യാംലാൽ) മദ്രാസ് എയർപോർട്ടിൽ വച്ച് എയ്റോ ഡ്രോം ഓഫീസറുടെ ഇന്റർവ്യൂ ആണെന്നറിഞ്ഞു . ഞാനും ഇന്റർവ്യൂവിന് പോയിരുന്നു എന്ന് ഞങ്ങൾ തമ്മിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞു. മൈക്രോഫോൺ ഉപയോഗിച്ച് അനൗൺസ്മെന്റ് ചെയ്യുമ്പോൾ നമ്മുടെ ശബ്ദം അവർ പരിശോധിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്നോട് ഇന്റർവ്യൂവിന് “രാത്രി നിങ്ങൾ ഒറ്റപ്പെട്ട സ്ഥലത്താണ്. ആശുപത്രിയിൽ പോകേണ്ടിവന്നാൽ എന്തു ചെയ്യും?” എന്ന ചോദ്യം ചോദിച്ച വിവരവും ഞാൻ പറഞ്ഞു. ഒരാൾക്ക് ജോലി കിട്ടി പോകുന്നത് നല്ല കാര്യം തന്നെ. എന്നാൽ ശ്യാംലാൽ ക്യാമ്പസ് വിട്ട് പോകുമല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം തോന്നി. ആശംസകൾ നേർന്ന് ഇന്റർവ്യുവിനയച്ചു.
ആകെ 30 വിദ്യാർത്ഥികൾ ഉള്ള ക്ലാസ്സിൽ ഞാൻ രാധിക രാജ റ്റി.എം, അനുപമ ശ്രീനിവാസൻ, ദീപ്തി ജെ മേനോൻ, ലീന മാമ്മൻ എന്നിവർ മാത്രമേ പെൺകുട്ടികളായുള്ളൂ. ഭൂരിഭാഗവും ആൺ കുട്ടികൾ . അതിൽ കുറച്ചുപേർ അന്യ സംസ്ഥാനക്കാരാണ്. രണ്ട് പേർക്കിരിക്കാവുന്ന ബഞ്ചും ഡസ്കുമായിരുന്നു ക്ലാസ്സിൽ . ലീന , ദീപ്തി എന്നിവർ ഒരുമിച്ചും ഞാൻ അനുപമയോടൊപ്പമോ രാധികയോടൊപ്പമോ ആണ് ക്ലാസ്സിലിരിക്കുക. ശ്യാംലാൽ എന്റെ തൊട്ടു പിറകിലുള്ള സീറ്റിലുണ്ടാകും. ഇടവേളകളിൽ അവസരം കിട്ടുമ്പോൾ ഒരന്യസംസ്ഥാനക്കാരൻ പയ്യൻ എന്നെ കളിയാക്കുന്ന മട്ടിൽ ചോദിയ്ക്കുമായിരുന്നു : ” Aysha , will you marry me?” ആ ചോദ്യത്തിന് ഒന്നു പുഞ്ചിരിക്കുകയല്ലാതെ ഞാൻ മറുപടി കൊടുക്കില്ലായിരുന്നു. ഒന്നാമത്തെ കാര്യം അച്ഛനെ വല്യ പേടിയായിരുന്നു. രണ്ടാമത് പയ്യൻ കളിയാക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചോദ്യം പലദിവസമാവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു: “If you are ready to share the kitchen work, I shall marry you”. എന്റെയീ മറുപടി കേട്ടതിനു ശേഷം ആ പയ്യൻ പിന്നെ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടേയില്ല.
നാട്ടിലേയ്ക്കുള്ള യാത്രകളിൽ ലീനയും ഞാനുമായിരുന്നു ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്നവർ . സെമസ്റ്റർ ബ്രേക്കിൽ റിസർവേഷൻ ഇല്ലാതെയും ഞങ്ങൾ ടെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ 4 സെമസ്റ്റർ ആയപ്പോൾ അഞ്ച് ദിവസത്തെ ബ്രേക്ക് കിട്ടി. ഞാനും ലീനയും കൂടി അന്ന് രാത്രി വണ്ടിയ്ക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരിയ്ക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ ലീന കാലുമാറി. അവർക്ക് നിലമ്പൂരിൽ എസ്റ്റേറ്റ് ഉണ്ട്. ലീനയുടെ പപ്പയുടെ ജ്യേഷ്ഠനും കുടുംബവും അവിടെയാണ്. ലീന അങ്ങോട്ട് പോവുകയാണ്. തിരുവനന്തപുരത്തേയ്ക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിയുള്ള ഞാൻ ലീനയോട് പിണങ്ങിയിരിപ്പായി.
ലീന ഹോസ്റ്റലിൽ നിന്നും മെൻസ് ഹോസ്റ്റലിലേയ്ക്ക് ഫോൺ ചെയ്തു. ശ്യാംലാലിനോട് ഞാനും നാട്ടിലേയ്ക്ക് പോകുന്നുണ്ട്. കൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. രാത്രിവണ്ടിയ്ക്കുള്ള യാത്രയായതിനാൽ സന്ധ്യ കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങിയാൽ മതി. അങ്ങനെ ലീന എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. ശ്യാംലാൽ അവിടെ എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തി. ആ യാത്രയിലാണ് ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചതും വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതും. അത് ജീവിതത്തിലേയ്ക്ക് ഒരുമിച്ചുള്ള യാത്രയാകുമെന്ന് ഞാനന്ന് കരുതിയില്ല. ഞങ്ങൾ അത്താഴം കഴിയ്ക്കാൻ റെയിൽവേ കാന്റീനിൽ കയറി. എന്റെ ചോയിസ് ഒന്നും ചോദിക്കാതെ ചപ്പാത്തിയും തക്കാളിക്കറിയും ശ്യാംലാൽ രണ്ടു പേർക്കുമായി ഓർഡർ ചെയ്തു. ഞങ്ങളത് കഴിച്ചു. ശ്യാംലാൽ തന്നെ പേ ചെയ്തു. പിന്നെ ഞങ്ങൾ പ്ലാറ്റ്ഫോമിലെത്തി. ” 68 മോഡലാണോ? ” എന്ന് എന്നോട് ചോദിച്ചു. എന്റെ ജനന വർഷം ഉറപ്പാക്കുകയായിരുന്നു ശ്യാംലാലിന്റെ ലക്ഷ്യം. അങ്ങനെ ഞാൻ ജനിച്ച വർഷവും സമുദായവുമെല്ലാം ആ യാത്രയിൽ ശ്യാംലാൽ മനസ്സിലാക്കി.
ഞാനക്കാലത്ത് REC hostel ലെ കാറിൽ ഡ്രൈവിംഗ് പഠിക്കുന്നുണ്ടായിരുന്നു. അതേ പറ്റിയും ഞങ്ങൾ സംസാരിച്ചു. ട്രെയിൻ വന്നപ്പോൾ ശ്യം ലാൽ എന്റെ പെട്ടി കൂടിയെടുത്ത് ടെയിനിൽ കയറി. പെട്ടി കാരിയറിൽ വച്ചു. എനിക്ക് വേഗം തന്നെ ഒരു സീറ്റ് പിടിച്ചു തന്നു. ശ്യാംലാലിന് എന്റെ എതിർ വശത്ത് സീറ്റ് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. പിന്നെപ്പോഴോ രണ്ടു പേരും ഉറക്കമായി. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ഉറങ്ങുന്നയാളിനെ ശല്യം ചെയ്യേണ്ട , പെട്ടിയുമെടുത്ത് ഇറങ്ങാം എന്ന് ഞാൻ കരുതിയപ്പോൾ ശ്യാംലാൽ ചാടിയെണീറ്റു. പെട്ടിയുമെടുത്ത് എന്നെ പ്ലാറ്റ് ഫോമിൽ ഇറക്കി. ആ യാത്രയിൽ ഞങ്ങൾ പരസ്പരം മേൽവിലാസം കൈമാറിയിരുന്നു. ആ യാത്രയിലാണ് ആൺകുട്ടികൾ ക്ലാസ്സിൽ ഒരു വർത്തമാന പത്രം ദിവസവും ഇറക്കാറുണ്ടെന്നും അവർക്കിത്തിരി ബോറടിക്കുന്ന ക്ലാസ്സിൽ ഈ പത്രം എല്ലാ പേരുടേയും കൈകളിൽ എത്തുമെന്നും. പോൾസൺ ആണ് അതിന്റെ എഡിറ്റർ എന്നും. പിന്നീട് ക്ലാസ്സിലെത്തിയ ദിവസം ഞാൻ “പോൾസന് പത്രപ്രവർത്തനത്തിന് പുലിസ്റ്റർ അവാർഡ് കിട്ടുമല്ലോ” എന്ന് മാത്രം പറഞ്ഞു. ഇത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ അറിഞ്ഞു. ശ്യാംലാൽ എന്റെ പുറകിൽ നിന്നും സീറ്റു മാറി. “സുഹൃത്തുക്കളാണ് എനിക്ക് വലുത്” എന്ന് ഒരു വരി മാത്രം എഴുതിയ കത്ത് എന്റെ പേരിൽ ഹോസ്റ്റലിലേയ്ക്കയച്ചു. പിന്നെ ആറേഴ് മാസത്തേയ്ക്ക് ശ്യാംലാൽ എന്നോടൊന്നും സംസാരിച്ചില്ല. എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും അതത്ര കാര്യമാക്കിയില്ല.
ഒരു ക്രിസ്തുമസ് കാർഡ് ശ്യാംലാൽ എനിക്കയച്ചപ്പോൾ ശ്യാംലാലിന്റെ ഇരട്ടകളായ സഹോദരീമാർക്ക് ഞാൻ ഒരു കാർഡയച്ചു. ഒരു ശിവരാത്രിയ്ക്ക് ആർ .ഇ.സി ഹോസ്റ്റലിൽ വച്ച് ഭാവിയിൽ നല്ല ഭർത്താവിനെ ലഭിക്കാനായി ജലപാനം പോലുമില്ലാതെ ഞാൻ ഉപവസിച്ചിരുന്നു.
ഞങ്ങൾക്ക് ആറാം സെമസ്റ്ററിൽ പ്രോജക്ട് മാത്രമേയുള്ളൂ. അഞ്ചാം സെമസ്റ്റർ പരീക്ഷ ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാൽ പ്രോജക്ടിനായി എല്ലാവരും ക്യാമ്പസ് വിട്ട് പോകും. ഇതിനിടയിൽ ക്ലാസ്സിലെ വില്യം ലീനയെ പ്രൊപ്പോസ് ചെയ്തു. ലീന വില്യമിനോട് എനിക്ക് ശ്യാംലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെ 1992 നവംബർ ആറാം തീയതി എനിക്ക് ഹോസ്റ്റലിൽ ഒരു വിസിറ്റർ ഉണ്ടെന്ന് മെസ്സിലെ കമല വന്ന് എന്നോട് പറഞ്ഞു. ഞാൻ ചെന്നപ്പോൾ കണ്ടത് ശ്യാംലാലിനെയാണ്. “പോസിറ്റീവായിട്ടുള്ള ഉത്തരം വേണം. ജീവിതത്തിൽ എന്നും കൂടെയുണ്ടാകണം” അതായിരുന്നു ആവശ്യം. എനിയ് ക്കൊരു ചോയിസ് ഉണ്ടായിരുന്നില്ല. ” വീട്ടുകാർ സമ്മതിക്കണം. പിന്നെ സ്ത്രീധനമൊന്നും കാണില്ല” എന്നായിരുന്നു എന്റെ മറുപടി. ശ്യാംലാലിന്റെ കുടുംബം ഞങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നതാണെന്ന വിവരം അന്നെനിയ്ക്കറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എന്നെ കുറിച്ച് പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ച് സമ്മതമാണെന്നുറപ്പിച്ചിട്ടാണ് എന്നോട് വിവരം പറയുന്നതു തന്നെ. എനിക്കാണെങ്കിൽ അച്ഛനോട് ഇതെങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും. ശ്യാംലാലുമൊത്തുള്ളജീവിതം സുരക്ഷിതമായിരിക്കും എന്നെനിയ്ക്കുറപ്പായിരുന്നു. കുടിച്ചിട്ട് എടുത്തിട്ട് ഇടിയ്ക്കില്ലെന്നും എനിയ്ക്കുറപ്പായിരുന്നു.
അവസാന പരീക്ഷയ്ക്ക് മുമ്പുള്ള ഒരവധി ദിവസം അച്ഛനും അനുജത്തിയും കൂടി എന്റെ സാധനങ്ങൾ കുറെ വീട്ടിലെത്തിക്കാനായി ആർ ഇസി യിൽ എത്തിയിരുന്നു. അച്ഛൻ അന്ന് ആർ. ഇ. സി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. അനുജത്തി എന്റൊപ്പം ഹോസ്റ്റലിലും. ഞാൻ അനുജത്തിയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിറ്റേന്ന് അനുജത്തിയെ ക്യാമ്പസ് ചുറ്റി നടന്ന് കാണിയ്ക്കുന്നതിനിടയിൽ ശ്യാംലാലിന് പരിചയപ്പെടുത്തി കൊടുത്തു. അച്ഛന് കാണുമ്പോഴെല്ലാം ” ഇത് ശ്യാംലാൽ ” എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അനുജത്തിയും ഞാനും ശ്യാംലാലും മാത്രമായി കണ്ട സമയത്ത് അനുജത്തി ശ്യാംലാലിനോട് വീട്ടിലെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ആഭരണങ്ങൾ ഒന്നും കാണില്ലെന്നും കുറെ പറമ്പുണ്ടെന്നും അച്ഛൻ വളരെ ആദർശ ശാലിയാണെന്നും അവൾ പറഞ്ഞു. ശ്യാംലാലിന് അത് സമ്മതമായിരുന്നു. ശ്യാംലാലിന്റെ വീട്ടിലെ പേര് ” ലാലു” എന്നായിരുന്നു. എന്നോട് “ലാലു ” എന്ന് വിളിച്ചാൽ മതിയെന്ന് ശ്യാംലാൽ പറഞ്ഞു.
അച്ഛനും അനുജത്തിയും അത്യാവശ്യമില്ലാത്ത എന്റെ കുറേ സാധങ്ങളുമായി വീട്ടിലേയ്ക്ക് പോയി. ഞാൻ പരീക്ഷ കഴിഞ്ഞ് ലാലുവിനും ലീനയ്ക്കും മറ്റ് കൂട്ടുകാർക്കുമൊപ്പമാണ് വീട്ടിലേയ്ക്ക് പോയത്. അനുജത്തി അമ്മയോട് കാര്യം അവതരിപ്പിച്ചു. ഞാൻ വീട്ടിലെത്തി പ്രോജക്ടിനായി തിരുവനന്തപുരം NIC യിൽ ജോയിൻ ചെയ്ത് ഹോസ്റ്റലിലേയ്ക്ക് മാറിയ ശേഷമാണ് അമ്മ അച്ഛനോട് വിവരം പറയുന്നത്.
ഞാൻ തിരുവനന്തപുരത്തെ ഹോസ്റ്റലിലെത്തിയതിന്റെ പിറ്റേന്ന് ശ്യാംലാലും അച്ഛനും അമ്മയും സഹോദരിമാരും കൂടി എന്നെ കാണാൻ ഹോസ്റ്റലിലെത്തി. അവർ എന്നെയും കൊണ്ട് മ്യൂസിയം, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം കാപ്പി കുടിയും കഴിഞ്ഞ് എന്നെ ഹോസ്റ്റലിലാക്കിയ ശേഷം തിരികെപ്പോയി . അടുത്ത അവധി ദിവസം ലാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെത്തി. ഞാനും വീട്ടിലെത്തിയിരുന്നു. ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചതിങ്ങനെ: “കൊച്ചേ ഞാൻ നിന്നോട് പറഞ്ഞതല്ലേ പ്രലോഭനങ്ങളിലൊന്നും വീഴരുതെന്ന് ?” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ ലാലുവിന്റെ അച്ഛനോട് രണ്ടു പേർക്കും ജോലി കിട്ടിയിട്ട് വിവാഹം നടത്താമെന്നും എനിക്ക് എന്റെ ഷെയറായി ഒരു പറമ്പാണ് എഴുതി കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നതെന്നും പറഞ്ഞു.
അന്ന് ഇന്റർനെറ്റ് വാട്സാപ് മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. ഞങ്ങളുടെ വീട്ടിലും അന്ന് ലാന്റ് ഫോൺ ഇല്ല. പ്രണയ ജോഡികൾക്ക് കത്ത് തന്നെ ശരണം.
ശ്യാംലാൽ ആർ ഇ സി യിലെ ഗോവിന്ദൻ സാറിന്റെ കൂടെ ഇമേജ് പ്രോസസ്സിംഗ് പ്രോജക്ടായിരുന്നു ചെയ്തത്. അതിനാൽ കോളേജ് ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. അക്കാലത്തെ അമൂൽ ചോക്ളേറ്റിന്റെ പരസ്യം ഇങ്ങനെയായിരുന്നു : A gift for someone you love. ഞാൻ പ്രണയം പ്രകടിപ്പിക്കാനായി ഒരു അമൂൽ ചോക്ക്ലേറ്റ് വാങ്ങി തപാലിൽ ലാലുവിന് അയച്ചു . അത് പോസ്റ്റ്മാൻ വളരെ കഷ്ടപ്പെട്ട് ലാലുവിന്റെ ഹോസ്റ്റൽ മുറിയുടെ കതകിനടിയിലെ വിടവിൽകൂടി തള്ളി അകത്തിട്ടു. ലാലു നല്ല തമാശക്കാരനാണ്.
വീട്ടുകാർ സമ്മതിച്ച് നാലു വർഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. അതിനാൽ ധാരാളം കത്തുകൾ പരസ്പരം അയച്ചു. പ്രണയം വീട്ടിലറിഞ്ഞ അന്നുമുതൽ ഞാൻ കോളേജിൽ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോഴും ടെസ്റ്റെഴുതാൻ പോകുമ്പോഴും അച്ഛൻ കൂടെയുണ്ടാകും. ഇതു കാണുമ്പോൾ ലാലുവിനെ കൂട്ടുകാർ കളിയാക്കും. അപ്പോൾ ലാലുവിന് ദേഷ്യം വരും.
ഞാൻ ആലപ്പുഴ എൽ ബി എസ്സിൽ ജോലി ചെയ്യുന്ന സമയം ഒരവധി ദിവസം . ലാലു എന്നെ കാണാൻ സെന്റ് റോസസ് ഹോസ്റ്റലിലെത്തി. എന്നെയും കൂട്ടി പ്പോയി ആലപ്പുഴ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും മസാല ദോശയും വടയും ചായയും വാങ്ങിത്തന്നു. പിന്നെ ഞങ്ങൾ ആലപ്പുഴ കടപ്പുറത്തേയ്ക്ക് പോയി. അവിടെ പാർക്ക് തുറന്നിരുന്നില്ല. നട്ടുച്ച സമയം. ചുട്ടുപഴുത്ത മണലിൽ കടൽ കാറ്റേറ്റ് കുറച്ചു സമയം ഇരുന്ന ശേഷം ഞങ്ങൾ തിരികെ പോന്നു.
എനിക്ക് ഐ എച്ച് ആർ ഡി യിൽ ജോയിൻ ചെയ്യേണ്ട ദിവസം ഒരു കോൺട്രാക്റ്റ് സൈൻ ചെയ്യണമായിരുന്നു. മുദ്രപത്രത്തിൽ ഞാൻ തന്നെയായിരുന്നു പ്രിന്റെടുത്തത്. അതിന്റെ ഇരുപുറവും ഞാൻ പ്രിന്റ് ചെയ്തു. ജോയിൻ ചെയ്യാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിറ്റീവ് ഓഫീസർ രവി സാർ മുദ്രപത്രത്തിന്റെ ഇരുവശവും പ്രിന്റെടുത്തതിനാൽ ജോയിൻ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. 1995 ഫെബ്രുവരി 16 അന്ന് ആറ്റുകാൽ പൊങ്കാലയായിരുന്നു. പ്രാദേശിക അവധി ദിവസം . പുതുതായി പ്രിന്റെടുക്കാൻ മുദ്രപത്രവും കിട്ടില്ല, ടൈപ്പ് ചെയ്യാൻ ആളെയും കിട്ടില്ല. ഞാൻ പിറ്റേന്ന് കൊണ്ടുവന്നാൽ മതിയോ എന്ന് രവി സാറിനോട് ചോദിച്ചു. രവിസാർ സമ്മതിച്ചില്ല. അന്ന് അച്ഛനും ലാലുവും കൂടെയുണ്ടായിരുന്നു. ലാലു അച്ഛനേയും കൂട്ടി ഓട്ടോ പിടിച്ച് കരമന ഭാഗത്തേയ്ക്ക് പോയി. പുതിയ മുദ്രപത്രം വാങ്ങി എഗ്രിമെന്റ് ടൈപ്പ് ചെയ്ത് കൊണ്ടുവന്നു. അങ്ങനെ ഞാൻ ജോയിൻ ചെയ്തു. മൂന്ന് ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞ് തൃശ്ശൂർ മാള മോഡൽ പോളിയിൽ ജോയിൻ ചെയ്യാനായി പോയപ്പോൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ വരെ ലാലു എന്നെ അനുഗമിച്ചു.
1996 മാർച്ച് 26 നായിരുന്നു ഞങ്ങളുടെ വിവാഹം.
അതിന് മുമ്പ് മോഹൻലാലും ഉർവശിയും അഭിനയിച്ച ” മിഥുനം” സിനിമ ഇറങ്ങിയിരുന്നു. ലാലു അത് കണ്ടിരുന്നു. ലാലു ഞാനെഴുതിയ എല്ലാ പ്രണയ ലേഖനങ്ങളും കത്തിച്ചു കളഞ്ഞു. എന്നോടും ലാലു എനിയ് ക്കെഴുതിയ എല്ലാ കത്തുകളും കത്തിച്ചു കളയാൻ പറഞ്ഞു. അങ്ങനെ ഞാൻ മനസ്സില്ലാമനസ്സോടെ ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന കത്തുകൾ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറച്ചുനേരം നിന്ന ശേഷം വീടിന്റെ തെക്കേ പറമ്പിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അങ്ങനെ പക്വതയെത്തിയ പ്രായത്തിലെ പ്രണയം ഞങ്ങൾ അനശ്വരമാക്കി.
വാൽക്കഷണം: ഞങ്ങളുടെ കോളേജിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകരില്ലാതെ കൊടൈക്കനാലിലേയ്ക്ക് ടൂർ പോയിരുന്നു. അതിന് ഞാൻ പോയിരുന്നില്ല. ലാലു എന്നെ വിവാഹം കഴിഞ്ഞ് കൊടൈക്കനാലിലേയ്ക്ക് കൊണ്ട് പോകാമെന്ന് ഒരു മോഹന വാഗ്ദാനം നൽകി. ഡൽഹി, ആഗ്ര , മധുര, പല പല ഡാമുകൾ , കടൽത്തീരങ്ങൾ നെല്ലിയാംപതി എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയെങ്കിലും കൊടൈക്കനാലിൽ മാത്രം കൊണ്ടുപോയില്ല. അതേ പറ്റി പറഞ്ഞാൽ പറയും :” കല്യാണത്തിന് മുമ്പ് നീ സാമ്പാർ വയക്കാൻ പഠിച്ചെന്ന് പറഞ്ഞിട്ടു ഇതുവരെ പഠിച്ചില്ലല്ലോ” എന്ന്. അങ്ങനെ 75 ശതമാനം പൊരുത്തങ്ങളും 25 ശതമാനം പൊരുത്തക്കേടുകളുമായി ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട്….. ലാലു എന്നെ അടുക്കളയിൽ സഹായിക്കും കേട്ടോ…
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply