ഡോ. ഐഷ വി

അച്ഛൻ സർവ്വേ ഡിപാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സമയത്ത് ജോലിയ്ക്കിടെയുണ്ടായ വീഴ്ചയിൽ കലശലായ നടുവേദന വന്നത് മൂലം രണ്ട് തവണ ആറാറു മാസം വീതം അച്ഛന് വീട്ടിൽ തന്നെ കഴിയേണ്ടി വന്നു. അങ്ങനെ രണ്ടാമത്തെ ബെഡ് റെസ്റ്റിൽ കഴിയുന്ന സമയത്തായിരുന്നു എനിക്ക് കോഴിക്കോട് ആർ.ഇ.സിയിലെ എം സി എ പ്രവേശന പരീക്ഷ വന്നത്. പരീക്ഷയെഴുതാൻ രണ്ട് സെന്റർ ഉണ്ടായിരുന്നു. ഒന്ന് കോഴിക്കോട് ആർ ഇസിയും രണ്ട് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും. ഞാൻ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജാണ് സെന്ററായി തിരഞ്ഞെടുത്തത്.

പലയിടത്തും ടെസ്റ്റ് എഴുതാൻ കൊണ്ടുപോകുന്നത് അച്ഛനായിരുന്നു. എന്നാൽ അത്തവണ അച്ഛൻ കിടപ്പിലായിരുന്നു. എന്റെ പരീക്ഷയുടെ തലേന്നിന്റെ തലേന്ന് അച്ഛനെഴുന്നേറ്റ് നടന്നു നോക്കി. എനിക്ക് കൂട്ടുവരാൻ പറ്റുമോ എന്ന് ഉറപ്പില്ല. അങ്ങനെ ഞാൻ അമ്മയേയും കൂട്ടിപ്പോയാലോ എന്നു വരെ ചിന്തിച്ചു. അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി സ്നേഹപൂർവ്വം പറഞ്ഞു. മോൾ ഈശ്വരവിശ്വാസിയാകണം. അത് നാം ചെയ്യുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനും മനസ്സിന് ഉപരതിയുണ്ടാകാനും സഹായകരമാകും. പ്രമുഖ ശാസ്ത്രജ്ഞർ പോലും തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. അങ്ങനെ തികഞ്ഞ ഈശ്വര വിശ്വാസിയാകുകയാണെങ്കിൽ ആർ ഇ സി യിൽ നിന്ന് തിരിച്ചു വരുന്ന വഴി ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോകാം.

കൗമാരത്തിൽ ഞാൻ തികഞ്ഞ നിരീശ്വരവാദിയായി മാറിക്കഴിഞ്ഞിരുന്നു. ആ എന്നോടാണ് അച്ഛൻ അങ്ങനെ ആവശ്യപ്പെട്ടത്. മറ്റാരേയും ആശ്രയിക്കാതെ മനസ്സിന് ആശ്രയിക്കാൻ പറ്റിയതാണീശ്വരൻ.
പിന്നെയച്ഛൻ ഒരു ശ്ലോകം ചൊല്ലി കേൾപ്പിച്ചു : ” കാണപ്പെട്ടില്ല കാണുമതിന് കണ്ണില്ല കൈയ്യില്ല കാലില്ല സ്ഥൂണ പ്രായം ചെറുതു പറയാനില്ല മറ്റൊന്നുമില്ല. ഇക്കാണും ബ്രഹ്മാണ്ഡ നടന കലാശാലയാണെന്റെ ദൈവം.” ഈ പ്രഞ്ചത്തെ ഇത്ര മനോഹരമായി നിലനിർത്തുന്ന, അതിന്റെ ചലനത്തെ , താളത്തെ നിയന്ത്രിയ്ക്കുന്ന എന്തോ ഒരു ശക്തി ഉണ്ടെന്ന് കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കുള്ള പ്രയാണത്തിനിടയിൽ ചിലപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛനെയും അമ്മയെയും സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ ഒട്ടുമേ ഇല്ലായിരുന്നു. ഞാൻ അച്ഛൻ പറഞ്ഞ കാര്യം സ്വീകരിച്ചു. അച്ഛന് തീരെ വയ്യെങ്കിലും എന്നോടൊപ്പം വരാൻ തയ്യാറായി. ഞങ്ങൾ ഒരു ട്രെയിനിൽ കയറി ഷൊർണൂരിൽ ഇറങ്ങി. അന്നുച്ചയ്ക്ക് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയി ടെസ്റ്റെഴുതി. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ എനിക്ക് അഡ്മിഷൻ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എഴുതിയ പരീക്ഷയിൽ ആറാം സ്ഥാനക്കാരിയാകുവാൻ എനിക്ക് കഴിഞ്ഞു. ആർ.ഇ.സിയിൽ അഡ്മിഷൻ നേടി തിരിച്ചു വരുന്ന വഴി അച്ഛൻ എന്നെ ഗുരുവായൂരിൽ കൊണ്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആസ്തികതയുടെ തുടക്കമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.