ആയൂർ∙ ആ യാത്രയയപ്പ് ചടങ്ങിലും കിച്ചുവായിരുന്നു ശ്രദ്ധാകേന്ദ്രം. അമ്മൂമ്മയുടെ ഒക്കത്തിരുന്ന് അവൻ പലപ്പോഴും ചിണുങ്ങി. അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ അമ്മ ജവാഹർ യുപി സ്കൂളിലെ അധ്യാപികയായ മണിമേഖലയുടെ വിരമിക്കലിന്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ കൂടുതലൊന്നും പറഞ്ഞില്ല. ആരും ആശംസ നേർന്നില്ല, പകരം പ്രാർഥിക്കാമെന്നു പറഞ്ഞു. മകൾ ഉത്രയുടെ അപ്രതീക്ഷിത വേർപാടിനെ തുടർന്നുള്ള ഹൃദയ വേദനയോടെയാണ് 36 വർഷം നീണ്ട അധ്യാപന ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ.

രാവിലെ പത്തിനു ഉത്രയുടെ മകൻ കിച്ചുവെന്ന ധ്രുവുമായി സ്കൂളിലെത്തിയ ശേഷം വൈകിട്ട് നാലോടെയാണു മടങ്ങിയത്. മകളുടെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ഭർത്താവ് വിജയസേനനും മകൻ വിഷുവും ക്രൈംബ്രാഞ്ച് ഓഫിസിൽ പോയതിനാലാണു കിച്ചുവിനെയും ഒപ്പം കൂട്ടിയത്. കുളത്തൂപ്പുഴ ടൗൺ യുപി സ്കൂളിലെ അധ്യാപികയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഉപയോഗിച്ചു ഏറത്തെ കുടുംബ വീടിനടുത്തു മകൾ ഉത്രയ്ക്കു വീട് നിർമിച്ചു നൽകണമെന്ന സ്വപ്നം പറഞ്ഞ് അവർ വിതുമ്പി.