ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ നേഴ്‌സ് റിക്രൂട്ടിനു വേണ്ടി വൻ തുക ചിലവഴിച്ച് എൻ എച്ച് എസ്. നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ താങ്ങിനിർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വിദേശ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന രീതി എൻ എച്ച് എസ് സ്വീകരിച്ചത്. എൻ എച്ച് എസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള സുപ്രധാന നീക്കമാണ് വിദേശ റിക്രൂട്ട്മെന്റ് എന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മെച്ചപ്പെട്ട റിക്രൂട്ട്‌മെന്റിലൂടെ 2025 ഓടെ 50,000 നേഴ്‌സുമാർ എന്ന ലക്ഷ്യത്തിലെത്തുന്നതോടൊപ്പം 2028 -ഓടെ നേഴ്സിങ് ജോലി ഒഴിവ് നിരക്ക് 5% ആയി കുറയ്ക്കാനും പദ്ധതിയുണ്ട്. 2021 പകുതിയിൽ നേഴ്സിംഗ് ജോലിയിലെ കുറവ് പത്തു ശതമാനമാണ്. മുഴുവൻ സമയ ജോലി ചെയ്യാനുള്ളവരുടെ ഒഴിവ് ഇപ്പോൾ 39000 ത്തിൽ എത്തി നിൽക്കുന്നു.

അന്താരാഷ്ട്ര നേഴ്സ് റിക്രൂട്ട്മെന്റ് മാർക്കറ്റ് കൂടുതൽ മത്സരാധിഷ്ഠിതമാവുകയാണെന്നത് എൻ എച്ച് എസിനെ ആശങ്കയിലാക്കുന്നുണ്ട്. താരതമ്യേന ഇംഗ്ലണ്ടിലെ കുറഞ്ഞ ശമ്പള നിരക്ക് മറ്റ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ ആകർഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്നുള്ള റിക്രൂട്ട്മെന്റ് ചിലവേറിയതാണ്. ഒരു നേഴ്സിന് ഏകദേശം 10,000 മുതൽ 12,000 പൗണ്ട് വരെ ചിലവാകും. അതേസമയം യുകെയിൽ പഠിച്ചിറങ്ങുന്ന ഒരു നേഴ്സിന് ചിലവാകുന്ന തുക കണക്കിലെടുത്താൽ 12000 പൗണ്ട് വലിയ സംഖ്യ അല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സർക്കാർ കുറഞ്ഞത് 26,000 പൗണ്ടെങ്കിലും നേഴ്സുമാരെ പഠിപ്പിക്കാൻ ചിലവാക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അപ്രന്റിസ്ഷിപ്പ് നേഴ്സ് ബിരുദങ്ങളും നേഴ്സിംഗ് കുറവ് പരിഹരിക്കാനുള്ള മാർഗമായി കണക്കാക്കുന്നില്ല. ഒഴിവുകൾ നികത്താൻ താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതിനാൽ തന്നെ ഇന്ത്യ, ഫിലിപ്പൈൻസ്‌ പോലുള്ള രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയന് (ഇയു) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നേഴ്സുമാർ യുകെ പൗരന്മാരെക്കാൾ കൂടുതൽ കാലം എൻഎച്ച്എസിൽ ജോലി ചെയ്തിരുന്നതായി ഗവേഷകർ കണ്ടെത്തി.

ജീവിതനിലവാരം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, ശമ്പളം എന്നിവ പ്രധാന ഘടകങ്ങളാണ്. യുകെയിൽ നേഴ്സുമാർക്കുള്ള ശമ്പളം 47,100 ഡോളറിന് തുല്യമാണ്. ഇത് ഓസ്‌ട്രേലിയയിലും ( $ 77,900) അമേരിക്കയിലും ($ 77,700) ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.