പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബൂത്ത് തലം മുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ എം.പിയായതെന്നും ഇപ്പോഴത്തെ ചില എം.എല്‍.എമാരെപ്പോലെ അല്ല താനെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അവരൊക്കെ 25-28 വയസില്‍ നേരിട്ട് എം.എല്‍.എമാരായവരണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ല. അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും എനിക്ക് പൂര്‍ണ്ണ സമ്മതമാണ് പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്‍െ മേല്‍ കുതിര കയറുന്നത്-പി.ജെ കുര്യന്‍ ചോദിച്ചു.

പി.ജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.

പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ “പ്രഗത്ഭനൊന്നും” അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്‌.

രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.

രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ “പ്രഗത്ഭനല്ലെങ്കിലും” ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.
ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്‌.യു. വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ “വൃദ്ധന്മാർ” പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്?

ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.