ആലപ്പുഴ ദേശീയപാതയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കി നിർത്താതെ പോയ ലോറിയും ഡ്രൈവറും അറസ്റ്റിൽ; പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ നോക്കിയുള്ള പോലീസിന്റെ യാത്ര…..

ആലപ്പുഴ ദേശീയപാതയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കി നിർത്താതെ പോയ ലോറിയും ഡ്രൈവറും അറസ്റ്റിൽ; പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ നോക്കിയുള്ള പോലീസിന്റെ യാത്ര…..
January 30 18:32 2019 Print This Article

ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്ക് യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയിൽ നിന്നു പിടികൂടി. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി പൊന്നി നഗർ രമേശൻ(45) അറസ്റ്റിൽ. കഴിഞ്ഞ 10ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചേർത്തല തൈക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ചേർത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി. ബൈക്കിൽ ഇടിച്ച ശേഷം അൽപദൂരം മാറ്റി ലോറി നിർത്തിയെന്നും ആളെ കാണാത്തതിനാൽ ബൈക്ക് റോഡരികിലേക്ക് മാറ്റിവച്ചിട്ടു പോയെന്നും ലോറി ഡ്രൈവർ മൊഴി നൽകി.

അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റർ അകലെ ശക്തീശ്വരം കവലയിൽ നിർത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാൻ നൽകിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.

വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തിൽ നിന്ന് അടർന്നുവീണ നിലയിൽ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുൻപുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ശക്തീശ്വരം കവലയ്ക്കു സമീപത്തെ ക്യാമറ പരിശോധിച്ചപ്പോഴും ലോറിയുടെ സാന്നിധ്യം കണ്ടെത്തി.

തുടർന്ന് അമ്പലപ്പുഴ വരെയുള്ള ക്യാമറ പരിശോധിച്ചപ്പോൾ ലോറി ആ ഭാഗം കടന്നിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് കുമ്പളം ടോൾ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പട്ടണക്കാട് എസ്ഐ എസ്. അസീമിന്റെ നേതൃത്വത്തിൽ പൊലീസ് തിരുച്ചിറപ്പള്ളിക്കു പുറപ്പെട്ടു.

വ്യാഴം രാവിലെ അവിടെയെത്തിയ പൊലീസ് ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അപകടമുണ്ടായ കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയിൽ പെയിന്റ് പോയ ഭാഗം ഉൾപ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു.

 സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി കണ്ടെത്തിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണത്തിലൂടെ

സിസി ടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തു നിന്നു ലഭിച്ച പെയിന്റും ആണ് കേസിൽ നിർണായകമായത്. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇടിച്ച ലോറി തിരുച്ചിറപ്പള്ളിയിലേതാണ് എന്നു കണ്ടെത്തിയത്.

അപകടം നടന്ന ദിവസം തന്നെ വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ പൊലീസ് ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി. നൂറിലധികം ലോറികൾ സ്വന്തമായുള്ള ഏജൻസിയിലെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം എത്തിയത് സുരക്ഷയ്ക്കു തോക്ക് ഉൾപ്പെടെ കരുതിയാണ്. ഒരേ പേരിൽ രണ്ട് ഏജൻസികൾ ഉണ്ടായിരുന്നു. അദ്യത്തെ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ലോറി അവരുടേത് അല്ലെന്നു കണ്ടെത്തി. അടുത്ത ഏജൻസിയിൽ എത്തി ഉടമയോട് കാര്യം അവതരിപ്പിച്ചു.

ഉടമ ഡ്രൈവറെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് കരഞ്ഞുകൊണ്ട് അയാൾ അപകടവിവരം സമ്മതിച്ചത്. എസ്ഐ എസ്. അസീമിനൊപ്പം കെ.ജെ. സേവ്യർ, കെ.പി. ഗിരീഷ്, എസ്. ബിനോജ്, ബി. അനൂപ് എന്നിവരാണ് തിരുച്ചിറപ്പള്ളിയിൽ പോയത്.

അപകടദിവസം പകൽ പൊലീസ് സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഇടിച്ച വാഹനത്തിൽ നിന്ന് ഇളകിവീണ പെയിന്റ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു മോട്ടോർവാഹന വകുപ്പ്, സൈന്റിഫിക് വിദഗ്ദർ, വർക് ഷോപ്പുകൾ, ലോറി ഉടമകൾ, ലോറി കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ നൂറുകണക്കിനു വാഹനങ്ങൾ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ് ലോറിയുടെതാണെന്നു മനസിലായത്.

പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി തിരിച്ചറിഞ്ഞു. പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ധർ അപകടം നടന്ന ദിവസം തന്നെ വിവിധ ഇടങ്ങളിലെ സിസി ടിവി ദൃശ്യം നഷ്ടമാകാതെ ശേഖരിച്ചതും കേസിനെ തുണച്ചു.തിരുച്ചിറപ്പള്ളിയിൽ എത്തിച്ച ലോറി പെയിന്റ് ചെയ്യാനായി നൽകിയിരിക്കുകയായിരുന്നു ഡ്രൈവർ രമേശ്. ഇവിടെ നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തതും.

ദേശീയപാതയിൽ പട്ടണക്കാട് സഹോദരങ്ങൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പൊലീസിന്റെ ബൈക്ക് പൊലീസ് ഓടിച്ചു സമയം പരിശോധിച്ചു.റോഡിൽ എല്ലായിടത്തും ക്യാമറകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുന്ന സമയവും അപകടം നടന്ന സമയവും കൃത്യമായി ലഭിക്കാത്തതിനാലാണ് ‘ട്രയൽ റൺ’ നടത്തിയത്. അരൂർ ടോളിൽ ക്യാമറയുണ്ട്. അവിടം മുതൽ അപകടസ്ഥലം വരെയാണ് പൊലീസുകാർ ബൈക്ക് ഓടിച്ചത്. അജേഷിന്റെയും അനീഷിന്റെയും ബൈക്ക് യാത്രക്കിടെ അപകട സ്ഥലത്തിനു സമീപം ഒരാൾക്ക് ഫോൺ വന്നു സംസാരിച്ചതായും കണ്ടെത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles