സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമർശനമുയർന്ന സി.പി.എം. സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ. ഭാവിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പരാമർശം.

വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്- ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജൻ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ സമീപനവും സാധരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമർശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമർശനങ്ങൾക്കൊന്നും യോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല.

പാർട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സി.പി.എമ്മിലില്ല. ഗൗരിയമ്മ മുതൽ വി.എസ്. അച്യുതാനന്ദൻവരെയുള്ളവരുടെ പേരുകൾ അങ്ങനെ ഉയർന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാർട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അസാധാരണ നീക്കമായി ജയരാജന്റെ പരാമർശം വിലയിരുത്തപ്പെടുന്നത്.