ഡിവൈഎഫ്‌ഐ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കിയെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവും സെക്രട്ടേറിയറ്റില്‍ ഉണ്ടായി.

ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത് പി. ജയരാജനാണെന്നും അദേഹം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രശ്‌നം കൂടുതല്‍ വഷളായെന്നും വിമര്‍ശനമുണ്ടായി. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും പാര്‍ട്ടിക്കു വേണ്ടി വാദിക്കാന്‍ ഇതിടയാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

സി.പി.എമ്മില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്നാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും തുടര്‍ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു.

മനു തോമസ് വിഷയത്തില്‍ പി. ജയരാജനെ പിന്തുണച്ച് സംസാരിക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തയ്യാറായിരുന്നില്ല. വിഷയത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിക്കുമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.