ന്യൂസ് ഡെസ്ക് മലയാളം യുകെ

വാടക വീടുകളെ ആശ്രയിച്ച് കഴിയുന്ന യുകെ മലയാളികളുടെ ജീവിതം ദുരിതത്തിലായി. ഒൻപത് വർഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്കാണ് നിലവിൽ രാജ്യത്തെ വാടക നിരക്കുകൾ കുതിച്ച് ഉയർന്നത്. സ്ഥിര വരുമാനമില്ലാതെ പാർട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.

ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം വാടക ചിലവുകളിൽ 12 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2014 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനവ് ആണിത് . കഴിഞ്ഞ 12 മാസത്തിനിടയിലുള്ള വർദ്ധനവ് 2019 വരെയുള്ള നാല് വർഷത്തെ വർദ്ധനവിനെക്കാൾ ഉയർന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിലെ വാടകയിലെ ഈ കയറ്റം വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിത ചിലവിൽ കടുത്ത വർദ്ധനവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.


മോർട്ട്ഗേജ് നിരക്കുകൾ കുതിച്ച് ഉയർന്നത് വാടക നിരക്കുകൾ കൂടാൻ കാരണമായിട്ടുണ്ട്. ഇതു കൂടാതെ ആവശ്യക്കാരുടെ എണ്ണം കൂടിയതും നിരക്കുകൾ കുതിച്ചുയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. പാർലമെൻറിൽ ഉടൻ തന്നെ പാസാക്കാനിരിക്കുന്ന നിയമനിർമ്മാണം യുകെയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ളതാണ്. മതിയായ ന്യായീകരണമില്ലാതെ വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.