ഭോപ്പാല്‍: പത്മാവതി വിവാദം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിന് പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

രജപുത്ര നേതാക്കന്‍മാരുമായും കര്‍ണിസേന പ്രതിനിധികളുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിച്ചത്. ചെറുപ്പം മുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ കേട്ടുവളര്‍ന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.

പഞ്ചാബിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധങ്ങള്‍ ശരിയാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് നാഷണല്‍ കോണ്‍ഫറണ്‍സ് കത്തെഴുതി. കേരളത്തിലടക്കം സിനിമ റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പദ്മാവതി സിനിമയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നിട്ടുണ്ട്. വിവാദങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ബോധപൂര്‍വം നിര്‍മ്മിച്ചവയാണെന്ന് മമത ട്വീറ്റ് ചെയ്തു. സിനിമാ മേഖലയിലുള്ളവര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം. ഈ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതിനിടെ പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതി ഇല്ലാതെ സിനിമയിലെ പാര്‍ട്ടുകള്‍ പുറത്തുവിട്ടുവെന്നും ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.