ഇസ്ലാമോഫോബിയക്കെതിരെ പാകിസ്ഥാനും തുര്‍ക്കിയും മലേഷ്യയും ചേര്‍ന്ന് ഒരു ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമദുമായും താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം ട്വീറ്റ് ചെയ്തു.
‘ഇസ്ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്നതിന് ഒരു ഇംഗ്ലീഷ് ചാനല്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ച ഇന്ന് ഞാനും പ്രസിഡന്റ് എര്‍ദോഗനും പ്രധാനമന്ത്രി മഹാതിറും ചേര്‍ന്ന് നടത്തി’ എന്നായിരുന്നു ഖാന്റെ ട്വീറ്റ്. മുസ്ലിങ്ങള്‍ക്ക് ഒരു മാധ്യമ ഇടം നല്‍കാന്‍ ഈ ചാനല്‍ സഹായിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലോകത്തെയും ഇസ്ലാം മതവിശ്വാസികളെയും മുസ്ലിം ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കാന്‍ സഹായിക്കുന്ന സിനിമകളും സീരീസുകളും നിര്‍മ്മിക്കുകയും ചെയ്യും.
നേരത്തെ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് ഇസ്ലാമോഫോബിയയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ഖാന്‍ സംസാരിച്ചിരുന്നു. ഇസ്ലാമിനെ ഭീകരവാദവുമായി താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply